പാലക്കാട് ∙ ഓണത്തിനു ഫാഷനാകാൻ കസവു വസ്ത്രങ്ങൾ മാത്രം മതിയോ ? പോരെന്നു പുതുതലമുറ പറയുന്നു. ബാഹുബലി സിനിമയിൽ അനുഷ്ക ഷെട്ടി അവതരിപ്പിച്ച ദേവസേന കഥാപാത്രം അണിഞ്ഞ കമ്മലുകൾ ശ്രദ്ധിച്ചിട്ടില്ലേ ? അതാണ് ഓണ ഫാഷനിലെ താരം.
സാധാരണയിൽ നിന്നു വ്യത്യസ്തമായി കമ്മലുകളിൽ ഒന്നോ രണ്ടോ ചെയിനുകൾ ബന്ധിപ്പിച്ചു ചെവിയുടെ മുകൾ ഭാഗത്തേക്കോ തലമുടിയിലേക്കു ഘടിപ്പിക്കുന്ന വിധത്തിലുള്ളതാണിത്. വസ്ത്രത്തിനു ചേർന്ന കമ്മലും മാലയും തലയിൽ ചൂടാൻ പൂക്കളും ചേരുമ്പോഴാണ് ഓണഫാഷൻ പൂർണമാകുന്നത്.
കമ്മലിന്റെ കാര്യത്തിൽ ജിമിക്കിയുടെ തട്ട് താഴ്ന്നു തന്നെയിരിക്കും. പരമ്പരാഗത ടെംപിൾ ശൈലിയിലുള്ള ജിമിക്കി കമ്മലുകൾക്കു തന്നെയാണു പ്രിയം.
മാവേലിയെ വരെ കൊത്തിയ കമ്മലുകളുണ്ട്. 40 മുതൽ 800 രൂപ വരെ ഇവയ്ക്കു വിലവരുന്നത്.
സരസ്വതി ദേവിയും ശ്രീകൃഷ്ണനും ക്ഷേത്രങ്ങളും ഉൾപ്പെടെ ഒട്ടേറെ പുരാണ കഥാപാത്രങ്ങളെ കൊത്തിയിരക്കുന്ന കമ്മലുകളും വിപണിയിലുണ്ട്.
താമരപ്പൂവിൽ വാഴും…
മാലകളുടെ കാര്യത്തിൽ ലോട്ടസ് നെക്ലേസുകളാണു ട്രെൻഡ്. കളിമണ്ണും മറ്റു ലോഹങ്ങളും ചേർത്തുണ്ടാക്കുന്ന താമരയുടെ ആകൃതിയിലുള്ള ലോക്കറ്റുകൾ കോർത്തുണ്ടാക്കുന്ന മാലയാണിത്.
മാവേലിയുടെ ആകൃതിയിലും മയിൽ, നക്ഷത്രം, മഴത്തുള്ളി എന്നീ ആകൃതികളിലും ലോക്കറ്റ് ഘടിപ്പിച്ച മാലയുണ്ട്. കഴുത്തിൽ അണിഞ്ഞാൽ ലോക്കറ്റികളിങ്ങനെ ഒഴുകി നടക്കും പോലെ തോന്നും.
ഇതിനെ ഇൻവിസിബിൾ ചെയിൻ എന്നും പറയും.
കുപ്പിവള ചിലുചിലെ…
കസവു സാരികളുടെ കരയുടെ അതേ നിറത്തിലുള്ള കുപ്പി വളകളാണ് ട്രെൻഡ്. കരിവളകൾക്കും പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല.
കസവു സാരിക്കൊപ്പം കരിവളകൾ അണിയുന്നവരമുണ്ട്. പല നിറത്തിൽ മെറ്റൽ വളകളും ട്രെൻഡാണ്.
ചൂടാൻ മുല്ലപ്പൂ മാത്രമല്ല
മുടിയിൽ ചൂടുന്ന പൂവിലുമുണ്ട് ട്രെൻഡ്.
മുല്ലപ്പൂവിനെക്കാൾ അരളിയും തുളസിയും ചൂടാനാണ് ഇഷ്ടം. ലോ ബൺ ചെയ്ത മുടിയിൽ അരളിയും തുളസിയും ചുറ്റിവയ്ക്കുന്ന ഫാഷനാണു വിദ്യാർഥികൾക്കിടയിൽ തരംഗം.
ഓണ മെഹന്ദി
ഓണത്തിനും മെഹന്ദി ട്രെൻഡാണ്.
കൈപ്പത്തിയിലും പുറത്തും മെഹന്ദി കൂടി അണിയുമ്പോൾ ഓണം കളർഫുൾ ആകുമെന്നു ന്യൂജെൻ തലമുറ പറയുന്നു. ഓണപ്പൂക്കളവും മാവേലിയും മാതേറും ഓണസദ്യയും വരെ മെഹന്ദി ചിത്രങ്ങളാകും.
താമരയും ട്രെൻഡ് തന്നെ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]