തൃത്താല: കാലവർഷം കനത്തതോടെ ഭാരതപ്പുഴയിലുണ്ടായ ശക്തമായ നീരൊഴുക്കിൽ തൃത്താല വെള്ളിയാങ്കല്ലിന് സമീപം കടുത്ത തീരമിടിച്ചിൽ. യജ്ഞേശ്വരം ക്ഷേത്രത്തിന്റെ ഊട്ടുപുരയുടെ പിൻവശം പുഴയിലേക്ക് ഇടിഞ്ഞുവീണു.
അപകടത്തിൽ ഗ്യാസ്സ്റ്റൗവും പാത്രങ്ങളും ഉൾപ്പെടെയുള്ള സാമഗ്രികൾ ഒഴുകിപ്പോയിട്ടുണ്ട്. ഊട്ടുപുരയുടെ നിർമാണഘടനയ്ക്ക് തകരാറ് സംഭവിച്ചതിനെ തുടർന്ന് ക്ഷേത്രത്തിൽ പ്രതിദിനം നടക്കാറുള്ള അന്നദാനം താൽക്കാലികമായി നിർത്തിവെച്ചു.
വെള്ളിയാങ്കല്ല് തടയണയിൽ നിലവിൽ 33.40 കോടി രൂപ ചെലവഴിച്ചുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പാർശ്വഭിത്തി പൊളിച്ചുമാറ്റി താൽക്കാലിക സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.
എന്നാൽ മഴ ശക്തമാവുകയും തീരം ഇടിയാൻ തുടങ്ങുകയും ചെയ്തതോടെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ തടയണയിലെ 27 ഷട്ടറുകളിൽ 23 എണ്ണവും ഉയർത്തിയിട്ടുണ്ട്.
കരയോട് ചേർന്നുള്ള ബാക്കി ഷട്ടറുകൾ കൂടി തുറക്കേണ്ടിവന്നാൽ നീരൊഴുക്കിന്റെ ശക്തി വർധിക്കുകയും പാലത്തിന്റെ തെക്കുഭാഗത്തെ സംരക്ഷണഭിത്തി കൂടുതൽ തകരുകയും ചെയ്യുമെന്ന ഭീതിയിലാണ് നാട്ടുകാർ. 2018-ലെ പ്രളയത്തിൽ വെള്ളിയാങ്കല്ല് പാലത്തിന്റെ പാർശ്വഭിത്തിക്ക് വൻതോതിൽ നാശനഷ്ടം സംഭവിച്ചിരുന്നു.
എട്ടുവർഷം പിന്നിട്ടിട്ടും പ്രദേശത്ത് ശാശ്വതമായ സംരക്ഷണഭിത്തി നിർമിക്കാൻ സാധിച്ചിട്ടില്ല. മഴക്കാലമെത്തുന്നതോടെ ഓരോ വർഷവും ഭീതിയോടെയാണ് തീരവാസികൾ കഴിയുന്നത്.
വിവരമറിഞ്ഞ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ശാശ്വതമായ തീരസംരക്ഷണ ഭിത്തി അടിയന്തരമായി നിർമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. രേഖകളിൽ മാത്രം ഭൂമി; 11 സെന്റ് പുഴയെടുത്തു തീരമിടിച്ചിൽ രൂക്ഷമായതോടെ റവന്യൂ രേഖകളിൽ മാത്രം ഭൂമിയുള്ള അവസ്ഥയിലാണ് പ്രദേശത്തെ ചില കുടുംബങ്ങൾ.
യജ്ഞേശ്വരം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിരമിച്ച അധ്യാപിക പോതുവാട്ടിൽ സുഷമയുടെ 11 സെന്റ് ഭൂമി പൂർണമായും പുഴയെടുത്തു. കായ്ഫലമുള്ള നാല് തെങ്ങുകളടക്കമാണ് ഇത്തവണ പുഴയിലേക്ക് പതിച്ചത്.
വർഷങ്ങളായി കരയിടിയുന്നുണ്ടായിരുന്നെങ്കിലും ഇത്തവണ കാണാൻ പോലും സാധിക്കാത്തവിധം ഭൂമി ഭാരതപ്പുഴയിൽ ലയിക്കുകയായിരുന്നു. വസ്തു കൈവശമില്ലെങ്കിലും ഇപ്പോഴും ഈ ഭൂമിയുടെ നികുതി ഇവർ കൃത്യമായി അടയ്ക്കുന്നുണ്ട്.
ഭാരതപ്പുഴയുടെ തീരത്ത് വസിക്കുന്ന നിരവധി കുടുംബങ്ങളാണ് സമാനമായ പ്രത്യാഘാതം നേരിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

