
പറളി ∙ കമ്പയിൽ ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചതുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശനിയാഴ്ച രാത്രി പത്തോടെ പറളി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ കമ്പ ചേന്ദംപുര കെ.സി.മണിയുടെ (51) മൃതദേഹം വീട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടാണു തർക്കമുണ്ടായത്.
അയൽവാസി പൊതുസ്ഥലത്ത് മതിൽകെട്ടി വഴി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് മണിയുടെ മരണമെന്നും മതിൽ പൊളിച്ചുമാറ്റാതെ മൃതദേഹം വീട്ടിലേക്കു കയറ്റില്ലെന്നും ഒരുവിഭാഗം നിലപാടെടുത്തു.
ഒന്നരമണിക്കൂറോളം തർക്കം തുടർന്നു.
ഇന്നലെ ഉച്ചയോടെയാണു സംഭവം. റവന്യു അധികൃതർ സ്ഥലത്തെത്തി മതിൽ പൊളിക്കാൻ ആവശ്യപ്പെടുകയും മങ്കര സിഐ എ.പ്രതാപന്റെ നേതൃത്വത്തിൽ മതിൽ പൊളിച്ചുനീക്കുകയും ചെയ്ത ശേഷമാണ് മൃതദേഹം വീട്ടിലേക്കു കയറ്റിയത്. 46 കുടുംബങ്ങൾക്കും കുടുംബക്ഷേത്രത്തിനും അവകാശപ്പെട്ട
സ്ഥലത്തെ വഴിയിൽ മണിയുടെ അയൽവാസി മതിൽ നിർമിച്ചതായാണു പരാതി. മതിൽ നിർമിച്ചതോടെ തന്റെ വീട്ടിലേക്കുള്ള നേർവഴി ഇല്ലാതാവുകയും പൊതുകിണറ്റിൽ നിന്നു ശുദ്ധജലം ശേഖരിക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നതായി കാണിച്ച് മണിയും മറ്റു കുടുംബങ്ങളും ചേർന്ന് മങ്കര പൊലീസിൽ ജൂലൈ 20നു പരാതി നൽകിയിരുന്നു.
പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ റവന്യു രേഖയിൽ പ്രത്യേകമായി ഒരു വ്യക്തിയുടെ പേരിൽ അല്ല ഭൂമി എന്നു കണ്ടെത്തുകയും ചെയ്തു.
കേസ് തീർപ്പാക്കുന്നതിനായി 26ന് പൊലീസ് ആർഡിഒയ്ക്കു കൈമാറി. വീടിനു നേരെ അയൽവാസി നിരീക്ഷണ ക്യാമറ സ്ഥാപിച്ചുവെന്നും തന്റെയും കുടുംബത്തിന്റെയും സ്വകാര്യത നഷ്ടപ്പെടുത്തുന്നുവെന്നും കാണിച്ച് മണി കഴിഞ്ഞദിവസം പൊലീസിൽ വീണ്ടും പരാതി നൽകിയിരുന്നു. പൊലീസ് എത്തി ക്യാമറ മാറ്റി സ്ഥാപിക്കാൻ അയൽവാസിയോട് ആവശ്യപ്പെടുകയും ചെയ്തു.
ആർഡിഒയ്ക്കു കൈമാറിയ കേസ് തീർപ്പാക്കണമെന്നും മതിൽ പൊളിക്കണമെന്നും ആവശ്യപ്പെട്ട് ശിനയാഴ്ച രാത്രി എട്ടോടെ മണി വീണ്ടും സ്റ്റേഷനിൽ എത്തിയിരുന്നു.
ബന്ധുക്കൾ മണിയെ കാണാതെ തിരച്ചിൽ നടത്തുന്നതിനിടെ രാത്രി പത്തോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ പറളി റെയിൽവേ സ്റ്റേഷനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്നലെ സംസ്കാരം നടത്തി. ഭാര്യ: ബിന്ദു.
മക്കൾ: മിഥുൻദാസ്, മിബിൻദാസ്.ആർഡിഒയുടെ ഉത്തരവുണ്ടാകുന്നതു വരെ പൊളിച്ച മതിലിന്റെ തൽസ്ഥിതി തുടരാനാണ് കുടുംബങ്ങൾക്ക് പൊലീസ് നിർദേശം നൽകിയിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]