സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികളുടെ ഭാഗമായി ആഭ്യന്തര വകുപ്പ് നടപ്പാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദ് നർകോ ഹണ്ട്’ ജനകീയ മുന്നേറ്റമായി മാറിയെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരി മാഫിയയ്ക്കെതിരെ ആരംഭിച്ച ഈ ദൗത്യം സർക്കാരിന്റെ കാലാവധി പൂർത്തിയാകുമ്പോൾ ചരിത്രപരമായ വിജയമാണ് കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടകരയിൽ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച സീനിയർ സിറ്റിസൻസ് മീറ്റിങ്ങും തൂഫാൻ കെയർ ഡിക്ലറേഷൻ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രപ്രസിദ്ധമായ സാക്ഷരതാ യജ്ഞത്തിന് സമാനമായ രീതിയിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള വലിയ ജനപങ്കാളിത്തമാണ് ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
യാതൊരുവിധ പ്രത്യേക ക്ഷണമോ അറിയിപ്പോ ഇല്ലാതെ തന്നെ പൊതുജനങ്ങൾ ലഹരിക്കെതിരായ പോരാട്ടത്തിൽ സ്വമേധയാ മുന്നോട്ടുവരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സംസ്ഥാനത്ത് സിന്തറ്റിക് മയക്കുമരുന്നുകളുടെ കടന്നുകയറ്റം കർശനമായി അമർച്ച ചെയ്യാൻ സർക്കാരും പൊലീസും സംയുക്തമായി ശക്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
ചെറിയ അളവുകളിൽ തുടങ്ങി പിന്നീട് വലിയ വാണിജ്യ ശേഖരത്തിലേക്ക് വളരുന്ന ലഹരി ശൃംഖലകളുടെ വേരറുക്കാൻ ഈ നീക്കങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ ലഹരി മാഫിയകളെ ഭയപ്പെട്ട് ജീവിക്കേണ്ടി വന്നിരുന്ന ജനങ്ങൾ, ഇന്ന് ലഹരി സംഘങ്ങളെ ഭയപ്പെടുത്തുന്ന സാഹചര്യം കേരളത്തിൽ ഉരുത്തിരിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഒറ്റ ഫോൺ കോളിലൂടെ സാമൂഹ്യവിരുദ്ധരുടെ കയ്യിൽ വിലങ്ങ് വീഴുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ പൊതുജനങ്ങളുടെ ധൈര്യത്തിനും പൊലീസുമായുള്ള മികച്ച സഹകരണത്തിനും സാധിച്ചിട്ടുണ്ട്. പദ്ധതി ആരംഭിച്ചത് മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ആകെ 10,578 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒൻപതിനായിരത്തിലധികം കേസുകളിലായി 170 കോടി രൂപയുടെ മയക്കുമരുന്നുകളാണ് കേരള പൊലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ കണക്കുകളിൽ 21,362.73 ഗ്രാം എംഡിഎംഎ, 1,110.69 കിലോ കഞ്ചാവ്, 523.82 ഗ്രാം ഹെറോയിൻ എന്നിവ ഉൾപ്പെടുന്നു.
ഇതിന്റെ ഭാഗമായി മലപ്പുറത്ത് 97 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കോയമ്പത്തൂരിൽ നിന്ന് 10 കോടി രൂപ വിപണി മൂല്യമുള്ള 13 കിലോ എംഡിഎംഎ കൂടി പൊലീസ് പിടികൂടുകയുണ്ടായി. എംഡിഎംഎ പോലുള്ള മാരക സിന്തറ്റിക് ലഹരി മരുന്നുകൾ നാടിന്റെ സമാധാനാന്തരീക്ഷവും മനുഷ്യന്റെ അടിസ്ഥാന അന്തസ്സും ബോധവുമാണ് തകർത്തെറിയുന്നത്.
കുട്ടികളെ ലക്ഷ്യമിട്ട് ലഹരി കലർ മിഠായികളും മറ്റും സൗജന്യമായി നൽകി അവരെ അടിമകളാക്കുന്ന കൊടുംചതിയാണ് രാജ്യാന്തര ലഹരി മാഫിയകൾ പയറ്റുന്നത്. ഇത്തരത്തിൽ അടിമകളാക്കപ്പെടുന്നവരിൽ നിന്ന് പിന്നീട് പണം ഈടാക്കുകയും, ആ പണം കണ്ടെത്താനായി റോഡിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളുടെ മാല പൊട്ടിക്കൽ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിലേക്ക് അവരെ തള്ളിവിടുകയും ചെയ്യുന്നു.
ഒടുവിൽ സ്വന്തം ലഹരി ആവശ്യങ്ങൾക്കും കടം വീട്ടാനും യുവാക്കളെ കാരിയർമാരായി ഉപയോഗപ്പെടുത്തുന്നതാണ് ഇവരുടെ രീതി. അക്ഷരുവെളിച്ചം പകർന്നു നൽകേണ്ട
അധ്യാപകർ പോലും ഇത്തരം വിപണന ശൃഖലകളിൽ കണ്ണികളായി മാറുന്നുവെന്ന രഹസ്യാന്വേഷണ വിവരങ്ങൾ നാടിന് തന്നെ വലിയ നാണക്കേടുണ്ടാക്കുന്നതും അതീവ ഗൗരവകരവുമാണ്. മാഹി പോലുള്ള അതിർത്തി പ്രദേശങ്ങളിലൂടെയുള്ള ലഹരി ഒഴുക്ക് തടയുന്നതിനൊപ്പം ഇത്തരം കുറ്റകൃത്യങ്ങളുടെ ശൃംഖലകളെ പൂർണ്ണമായി പിഴുതെറിയാൻ പൊതുജനങ്ങൾ ഇനിയും ജാഗ്രത പാലിക്കണമെന്നും പൊലീസിനൊപ്പം പൂർണ്ണമായി അണിനിരക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ചടങ്ങിൽ ഷാഫി പറമ്പിൽ എംപി തൂഫാൻ വാരിയർ ഡിക്ലറേഷൻ നിർവഹിച്ചു. ചടങ്ങിന് കെ.കെ രമ എംഎൽഎ അധ്യക്ഷത വഹിച്ചു.
പത്മശ്രീ മീനാക്ഷി അമ്മ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ചടങ്ങിൽ തൂഫാൻ ബാഡ്ജ് ഏറ്റുവാങ്ങി. എംഎൽഎമാരായ പാറക്കൽ അബ്ദുല്ല, കെ.
പ്രവീൺ കുമാർ, വി.ടി. സൂരജ്, കെ.എം അഭിജിത്ത്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, വടകര നഗരസഭ ചെയർമാൻ പി.കെ.
ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്, കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
ലഹരിയുടെ വിപത്തിൽ നിന്നും സമൂഹത്തെ പൂർണ്ണമായി സംരക്ഷിക്കുന്നതിനോടൊപ്പം കുട്ടികൾക്കും വയോജനങ്ങൾക്കും സുരക്ഷിതവും കരുതലേകുന്നതുമായ ഒരു പുതിയ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരെ ഒരേ വേദിയിൽ അണിനിരത്തുന്ന ‘തൂഫാൻ കെയർ’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

