കോഴിക്കോട് ജില്ലയിലെ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾക്ക് ചാലിപ്പുഴയിൽ ഔദ്യോഗികമായി തുടക്കമായി. പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മം സി.കെ കാസിം എംഎൽഎ നിർവഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു താന്നിക്കാകുഴി, ജിതിൻ പല്ലാട്ട്, കനോയി ആൻഡ് കയാക്കിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അലക്സ് തോമസ്, പി.അജിത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, കോടഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റിയാന സുബൈർ, വിൻസന്റ് വടക്കേമുറിയിൽ, മിനി സണ്ണി, പഞ്ചായത്ത് അംഗങ്ങളായ നാൻസി ജോഷി, ബോസ് ജേക്കബ്, വിൽസൺ തറപ്പേൽ, അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, റിവർ ഫെസ്റ്റിവൽ കോഓഡിനേറ്റർമാരായ പോൾസൺ അറക്കൽ, ബെനിറ്റോ ചാക്കോ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
ചാലിപ്പുഴയിൽ പുരുഷ-വനിത വിഭാഗങ്ങളിലായി നടന്ന ഇന്റർമീഡിയറ്റ് കാറ്റഗറി എക്സ്ട്രീം സ്ലാലം മത്സരങ്ങളാണ് വെള്ളിയാഴ്ച അരങ്ങേറിയത്. പുരുഷ വിഭാഗ മത്സരത്തിൽ ഇറ്റാലിയൻ താരം ജിയോവാനി ജിയോർഗി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, ഇന്ത്യൻ താരങ്ങളായ നചികേത്ത ഗുപ്ത, നവീൻ യാദവ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വനിതാ വിഭാഗത്തിൽ കർണാടകയിൽനിന്നുള്ള എസ്. മസ്കാൻ ഒന്നാം സ്ഥാനവും, എറണാകുളത്തുനിന്നുള്ള 13കാരി ഡോണ മാർസല രണ്ടാം സ്ഥാനവും, കർണാടകയിൽനിന്നുള്ള സ്പൂർത്തി ലോകേഷ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
മത്സരങ്ങൾക്ക് ശേഷം വൈകിട്ട് പുലിക്കയത്ത് റോക്ക് സ്റ്റാർ കൗഷിക് ടീമിന്റെ സംഗീതവിരുന്നും അരങ്ങേറി. ശനിയാഴ്ച (ഓഗസ്റ്റ് 1) രാവിലെ 9.30 മുതൽ ചാലിപ്പുഴയിൽ ദേശീയ കയാക്കർമാരുടെ റാങ്കിങ് മത്സരം ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങൾ നടക്കും.
തുടർന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ ഉദ്ഘാടനം ചെയ്യും. സി.കെ കാസിം എംഎൽഎ ചടങ്ങിൽ അധ്യക്ഷനാകും.
ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി, പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ തുടങ്ങി രാഷ്ട്രീയ-കലാസാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

