
എങ്ങനെ പുലർച്ചെ ഒറ്റയ്ക്കു നടക്കും; നഗരത്തിൽ 3 ദിവസത്തിനിടെ 2 തവണ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ നഗരത്തിൽ പുലർച്ചെ വഴിയാത്രക്കാരെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്നത് തുടരുന്നു. കഴിഞ്ഞ 3 ദിവസത്തിനിടയിൽ 2 സംഭവങ്ങളാണ് നഗരത്തിൽ നടന്നത്. തിങ്കളാഴ്ച പുലർച്ചെ ടൂറിസ്റ്റ് ബസ് ഡ്രൈവറെയും കഴിഞ്ഞ ശനിയാഴ്ച വഴിയാത്രക്കാരനെയുമാണ് ഇരയാക്കിയത്. വാഹനത്തിലെത്തിയ സംഘം ആയുധം വീശി പണം കവരുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 4.20 ന് കോട്ടപ്പറമ്പ് സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവർ കോട്ടപ്പറമ്പ് ജനറൽ ആശുപത്രി റോഡ് ഇടവഴിയിലൂടെ നഗരത്തിലേക്കു പോകുമ്പോഴാണ് ആക്രമണം. സ്കൂട്ടറിൽ എത്തിയ 3 പേർ തടഞ്ഞു നിർത്തി.
ഒരാൾ കത്തിയെടുത്തു കുത്താൻ ശ്രമിച്ചപ്പോൾ ഡ്രൈവർ മതിലിനടുത്തേക്കു നീങ്ങി. ഇതോടെ സംഘം ബലമായി പിടിച്ചു വച്ചു. ബാഗും മൊബൈൽ ഫോണും പഴ്സും തട്ടിയെടുത്തു. സ്കൂട്ടറിൽ കടന്നുകളഞ്ഞ സംഘത്തിനു പിന്നാലെ ഡ്രൈവർ ഓടിയെങ്കിലും അക്രമികൾ മൊബൈൽ ഫോണും ബാഗും ഉപേക്ഷിച്ച് പഴ്സിൽ അടങ്ങിയ പണവുമായി കടന്നു കളഞ്ഞു. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായി രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ശ്രീനാരായണ സെന്റിനറി ഹാളിനു സമീപം രാവിലെ 5 ന് പുതിയ ബസ് സ്റ്റാൻഡിലേക്കു നടന്നു പോകുകയായിരുന്ന യുവാവിനെ സ്കൂട്ടറിൽ എത്തിയ രണ്ടംഗ സംഘം തടഞ്ഞു നിർത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തി. തുടർന്നു ഫോണും പണവും തട്ടിയെടുത്തു. പരാതിയിൽ കസബ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മാസങ്ങൾക്കു മുൻപ് രാജാജി റോഡ്, ചിന്താവളപ്പ്, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിൽ ഇതേ രീതിയിൽ കവർച്ച നടന്നിരുന്നു.