ഓമശ്ശേരി∙ കട്ടിപ്പാറയിലെ ഫ്രഷ് കട്ട് കോഴി അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ സമരം ചെയ്തവരെ വേട്ടയാടുന്ന പൊലീസ് ഭീകരതയ്ക്കെതിരെ ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമത്തിൽ രോഷമിരമ്പി. വർഷങ്ങളായി സമാധാന മാർഗത്തിൽ പ്രതിഷേധിക്കുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെ നാലു പഞ്ചായത്ത് പരിധിയിലെ ആയിരങ്ങളുടെ ജീവിക്കാനുള്ള സഹനസമരത്തെ അക്രമാസക്തമാക്കിയതിലെ ദുരൂഹത വെളിച്ചത്ത് കൊണ്ടുവരണമെന്നും സിറ്റിങ് ജഡ്ജിയെക്കൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തി വസ്തുതകൾ പുറത്ത് കൊണ്ടു വരണമെന്നും പ്രതിഷേധ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് കെ.കരുണാകരൻ ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ, സൈനുദ്ദീൻ കൊളത്തക്കര, മൂസ നെടിയേടത്ത്, സി.എ.ആയിഷ, അശോകൻ പുനത്തിൽ, സ്ഥിരം സമിതി അധ്യക്ഷ സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി, ഒ.പി.സുഹറ, ഇബ്രാഹിം ഹാജി പാറങ്ങോട്ടിൽ, സിഡിഎസ് അധ്യക്ഷ സുഹറാബി നെച്ചൂളി എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
കോടഞ്ചേരി∙ ഫ്രഷ് കട്ട് കോഴി അറവ് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചു പൂട്ടണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തി പ്രദേശത്ത് ഭീകര അന്തരീക്ഷം സൃഷ്ടിച്ച് വീടുകളിൽ റെയ്ഡ് നടത്തി ഭരണകൂടം സാധാരണക്കാരെ വേട്ടയാടുകയാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.
സമരത്തിന്റെ പേരിൽ സാധാരണക്കാരെ വേട്ടയാടുന്ന നടപടി പൊലീസ് അവസാനിപ്പിക്കണമെന്നും ഭരണത്തിന്റെ ധാർഷ്ട്യം സിപിഎമ്മും തിരുവമ്പാടി എംഎൽഎയും അവസാനിപ്പിച്ച് സാധാരണക്കാർക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം നൽകണമെന്നും പൊലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
സമീപ പ്രദേശത്തെ സ്കൂൾ അടച്ചു പൂട്ടുന്ന സ്ഥിതിയിലാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം സംരക്ഷിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
പ്രതിഷേധ പ്രകടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ.എം.പൗലോസ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, സി.ജെ. ടെന്നിസൺ, അബ്ദുൽ കഹാർ, സണ്ണി കാപ്പാട്ടുമല, ജമീല അസീസ്, ജോസ് പൈക, കെ.എം.ബഷീർ, ആന്റണി നീർവേലിൽ, ആഗസ്തി പല്ലാട്ട്, സജി നിരവത്ത്, അന്നക്കുട്ടി ദേവസ്യ, ലിസി ചാക്കോ, ചിന്ന അശോകൻ, റെജി തമ്പി, കുമാരൻ കരിമ്പിൽ, വിൽസൺ തറപ്പേൽ, ജോസഫ് ആലവേലിൽ,ടെസി തോമസ് എന്നിവർ പ്രസംഗിച്ചു.
പൊലീസ് വേട്ട
അവസാനിപ്പിക്കണം: എസ്എംഎഫ്
താമരശ്ശേരി∙ അമ്പായത്തോട് ഇറച്ചിപ്പാറ ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിനെതിരെ നടന്ന ജനകീയ സമരത്തെ തുടർന്ന് പൊലീസ് നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. ഓമശ്ശേരി, കോടഞ്ചേരി, താമരശ്ശേരി പഞ്ചായത്തുകളിലെ മുന്നൂറോളം ആളുകൾ പൊലീസ് ഭയപ്പെടുത്തലിനെ തുടർന്ന് ഭീതിയിൽ ഒളിവിൽ കഴിയുകയാണ്.
പലരെയും ജയിലിലടച്ചു.സംഭവ ദിവസം വൈകുന്നേരം 4 മണിക്കാണ് സമരം അക്രമാസക്തമാവുന്നത്. എന്നാൽ രാവിലെ 9 മുതൽ സമരത്തിൽ പങ്കെടുക്കുകയും ഒരുവിധ അനിഷ്ട
സംഭവങ്ങളിലും പങ്കാളികളാകാതിരിക്കുകയും ചെയ്തവരുടെ വീടുകളിലും രാത്രി സമയത്ത് പോലും പോലീസ് കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയാണ്. പൊലീസിനെ ഭയന്ന് കുട്ടികൾ പലരും സ്കൂളുകളിൽ എത്തുന്നില്ല.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ഭീതിയിലാക്കുന്ന പൊലീസ് രാജ് അവസാനിപ്പിക്കണമെന്നും ജനങ്ങൾക്ക് സമാധാന ജീവിതം ഉറപ്പുവരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എസ്എംഎഫ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി, ജില്ലാ ജന.
സെക്രട്ടറി അബൂബക്കർ ഫൈസി മലയമ്മ, ട്രഷറർ സി. മുഹമ്മദ് അബ്ദുറഹ്മാൻ, സെക്രട്ടറി പ്രഫ.
ഉസ്സൻകുട്ടി, ഓമശ്ശേരി മേഖലാ ജന.സെക്രട്ടറി പി.വി. അബ്ദുറഹിമാൻ, കൊടുവള്ളി മേഖലാ ജന.
സെക്രട്ടറി ആർ.കെ.അബ്ദുറഹിമാൻ, പുതുപ്പാടി സെക്രട്ടറി ബഷീർ അമ്പായത്തോട് എന്നിവർ ഭീതിയിൽ കഴിയുന്നവരുടെ വീടുകൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു. വിവിധ മഹല്ല് ഭാരവാഹികളായ പി.പി.കുഞ്ഞായിൻ ഹാജി, എ.കെ.കാതിരി ഹാജി, ടി.കെ.മാമു ഹാജി, പി.ടി.വി.ആലി, കെ.പി.കുഞ്ഞമ്മദ്, കെ.പി.അഹമ്മദ് കുട്ടി, കെ.കെ.ഗഫൂർ, പി.ഖാദർ, ഷൈജൽ മിസ്ബാഹി എന്നിവരും കൂടെ ഉണ്ടായിരുന്നു.
ദുരിത ബാധിതർക്ക് പിന്തുണയുമായി വിമൻ ജസ്റ്റിസ് നേതാക്കൾ
താമരശ്ശേരി∙ ‘ഫ്രഷ് കട്ട്’ സ്ഥാപനത്തിനെതിരെ നടന്ന സമരത്തിന് പിന്നാലെ പ്രദേശവാസികൾക്കെതിരെ പൊലീസ് നടത്തുന്ന വേട്ടയാടലിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ശക്തമായി പ്രതിഷേധിച്ചു. പൊലീസ് നടപടി മൂലം പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഭീകരമായ അന്തരീക്ഷത്തിലാണ് കഴിയുന്നത്.
പൊലീസ് തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട പുരുഷന്മാരെ അന്വേഷിച്ച് പൊലീസ് വീടുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സ്വൈര ജീവിതം ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥരുടെ ഇത്തരം നടപടി അപലപനീയമാണ്.
സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടിയുടെ നേതൃത്വത്തിൽ സംസ്ഥാന സമിതി അംഗം സുബൈദ കക്കോടി, ജില്ലാ ജനറൽ സെക്രട്ടറി ഷമീന നല്ലളം, സഫിയ, ഇ.എൻ.നദീറ, സഫീറ കൊടിയത്തൂർ എന്നിവർ അടങ്ങിയ സംഘമാണു സ്ഥലം സന്ദർശിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

