കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും വീടുകളും റോഡുകളും തകർന്നു ദുരിതത്തിലായ അറുനൂറിലേറെ കുടുംബങ്ങൾ, സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാതെ രണ്ട് വർഷമായി കാത്തിരിപ്പിലാണ്. ബാധിതർ പഞ്ചായത്ത് അധികൃതർക്കും ജില്ലാ ഭരണകൂടത്തിനും മന്ത്രിതലത്തിലും നിരവധി തവണ പരാതി നൽകിയിട്ടും നടപടികൾ എങ്ങുമെത്തിയിട്ടില്ല.
തകർന്ന വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ പോലും ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് വിതരണം ചെയ്യാനുള്ളത്.
കൃഷിനാശം സംഭവിച്ചവർ, വീടുകൾ ഭാഗികമായും പൂർണമായും നഷ്ടപ്പെട്ടവർ എന്നിവരെല്ലാം നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി തുക വിതരണം ചെയ്യാനായി ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇത് സംബന്ധിച്ച വിവരങ്ങൾ കലക്ടർക്കും സർക്കാരിനും കൈമാറി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഫണ്ട് പാസായതായി വിവരം ലഭിച്ചെങ്കിലും തുക അക്കൗണ്ടിലെത്തിയില്ല.
തുടർന്ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പ് വേളയിലും തുക ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും 12 കോടി രൂപ അനുവദിക്കപ്പെട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് വീണ്ടും ബന്ധപ്പെട്ട
വകുപ്പിന് കൈമാറിയിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ധനസഹായം ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും.
അടിയന്തര സാഹചര്യത്തിൽ കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയ റോഡ് പുനർനിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ തുകയും കുടിശ്ശികയാണ്. വെള്ളപ്പൊക്കത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ, വീടുകളുടെ അറ്റകുറ്റപ്പണി, കന്നുകാലി നഷ്ടപരിഹാരം, ദുരന്ത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരുടെ പുനരധിവാസം തുടങ്ങിയവയ്ക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

