ഫറോക്ക് ∙ ആർപ്പുവിളികളും ആരവങ്ങളുമായി മത്സരത്തുഴച്ചിലിന്റെ വേഗം കരയിലേക്കു പടർത്തി ആയിരങ്ങൾ. അതിവേഗം ചാലിയാറിനെ മുറിച്ചു മുന്നോട്ടു കുതിച്ച ചുരുളൻ വള്ളങ്ങളെ വൻ ആവേശത്തോടെയാണു കാഴ്ചക്കാർ സ്വീകരിച്ചത്.
വീറും വാശിയുമുള്ള തുഴച്ചിലുകാരെ പോലെ തന്നെയായിരുന്നു വള്ളംകളി കാണാനെത്തിയവരുടെ ആവേശവും.കൈമെയ് മറന്നു തുഴച്ചിലുകാർ ആവേശത്തോടെ വള്ളം തുഴഞ്ഞപ്പോൾ നദിയിലെ ഓളങ്ങളെ പ്രകമ്പനം കൊള്ളിച്ചായിരുന്നു കരയിലെ ആർപ്പുവിളികൾ. ഓരോ ഹീറ്റ്സിലും ഫൈനലിലും കമന്ററി ബോക്സിൽ നിന്നു ചമ്പക്കുളം ജോളി എതിരേറ്റ്, പി.സജി ഹരിപ്പാട്, അജു ജോൺ തോമസ് മേൽപാടം എന്നിവർ തത്സമയ വിവരണം നൽകി കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി.
ഓളപ്പരപ്പിൽ ആവേശം വിതറിയ വടക്കൻ ചുരുളൻ വള്ളങ്ങളുടെ മത്സരം കാണാൻ പഴയ പാലത്തിലും നദിയുടെ ഇരുകരകളിലും അനേകം ആളുകളാണു തടിച്ചുകൂടിയത്.
നദിയിൽ തുഴച്ചിലുകാർ പരിശീലനം തുടങ്ങിയപ്പോൾ തീരത്ത് ജനം തിങ്ങി നിറഞ്ഞു.തെക്കൻ കേരളത്തിന്റെ ആവേശമായ വള്ളംകളിക്കു മലബാറിലും ഏറെ ജനപിന്തുണ ഉണ്ടെന്നു തെളിയിക്കുന്നതായിരുന്നു അയൽ ജില്ലകളിൽ നിന്നു പോലും എത്തിയ കാണികൾ.ജലോത്സവം കാണാൻ ചാലിയാറിന്റെ കരയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വള്ളംകളിയുടെ ഇടവേളകളിൽ ജല അഭ്യാസ പ്രകടനങ്ങളും മലബാർ മെഹന്തി കൊടുങ്ങല്ലൂർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, ചെണ്ട
മേളം, സൂഫി നൃത്തം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
പ്രവേശന കവാടത്തിൽ സിനിമ കഥാപാത്രങ്ങളുടെ കാർട്ടൂൺ വേഷധാരികളായ യുവാക്കൾ അണിനിരന്നതു വള്ളംകളി കാണാൻ എത്തിയവരെ ചിരിപ്പിക്കുന്ന കാഴ്ചയായി.ഉച്ചയ്ക്കു ശേഷം പഴയപാലത്തിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കമ്മിഷണർ ടി.നാരായണൻ, ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രൻ, ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസിനു പുറമേ അഗ്നിശമന സേന, സിവിൽ ഡിഫൻസ് വൊളന്റിയർമാർ, തീരദേശ പൊലീസ്, തീര സംരക്ഷണ സേന, കോസ്റ്റൽ വാർഡന്മാർ എന്നിവരുൾപ്പെടെ വിപുലമായ സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]