കടലിൽ അപകടത്തിൽപെട്ട ബോട്ടിലെ ജീവനക്കാരെ രക്ഷപ്പെടുത്തുന്നതിൽ നിർണായക ഇടപെടൽ നടത്തിയ ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷന് ദേശീയ അംഗീകാരം.
2025–26 വർഷത്തെ നാഷണൽ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ അവാർഡാണ് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷന് ലഭിച്ചത്. ഒക്ടോബർ ഏഴിന് ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ചടങ്ങിൽ ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ.സലിം കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
2026 ജനുവരി 12ന് രാവിലെ 08.30 ഓടെയാണ് ബേപ്പൂർ തീരത്തുനിന്ന് 14 നോട്ടിക്കൽ മൈൽ അകലെ സെന്റ് തിയോസിസ് എന്ന ബോട്ട് അപകടത്തിൽപെട്ടത്. ബോട്ടിലുണ്ടായിരുന്ന 14 ജീവനക്കാരും കടലിൽ മുങ്ങിത്താഴുന്ന സാഹചര്യമുണ്ടായി.
വിവരം ലഭിച്ചയുടൻ ബേപ്പൂർ കോസ്റ്റൽ പൊലീസ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഇന്ത്യൻ കോസ്റ്റ് ഗാർഡിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് അപകടസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന കോസ്റ്റ് ഗാർഡ് ബോട്ടിലെ ഉദ്യോഗസ്ഥർക്ക് വിവരം കൈമാറി.
ഇതോടെ സമയോചിതമായി ഇടപെട്ട കോസ്റ്റ് ഗാർഡ് സംഘം ബോട്ടിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി.
അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമയുടെ ഫോൺ നമ്പർ ശേഖരിച്ച് അപകടം നടന്ന കൃത്യമായ സ്ഥലം കണ്ടെത്തി കോസ്റ്റ് ഗാർഡിന് കൈമാറാൻ ബേപ്പൂർ കോസ്റ്റൽ പൊലീസിന് സാധിച്ചത് രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിൽ നിർണായകമായി.
പൊലീസിന്റെ സമയോചിതമായ ഇടപെടലും കൃത്യമായ വിവരകൈമാറ്റവും 14 ജീവനുകളുടെയും രക്ഷയ്ക്ക് സഹായകമായി. രക്ഷാപ്രവർത്തനത്തിൽ ബേപ്പൂർ കോസ്റ്റൽ പൊലീസ് നടത്തിയ മാതൃകാപരമായ ഇടപെടൽ പരിഗണിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് സ്റ്റേഷനെ ദേശീയ പുരസ്കാരത്തിനായി ശുപാർശ ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

