കോടഞ്ചേരിയിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ പോലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ബെഡ്ഷീറ്റിൽ തൂങ്ങിനിന്ന നിലയിലായിരുന്ന യുവാവിനെയാണ് പോലീസ് സംഘം അതിവേഗം ഇടപെട്ട് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
കോടഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ.കെ റസാഖിന്റെ നിർദേശാനുസരണം സബ് ഇൻസ്പെക്ടർ പ്രദീപ്.കെ.സി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജിനേഷ് കുര്യൻ, സീനിയർ സിപിഒമാരായ ഡിനു ബേബി, അഖിലേഷ്.യു.വി എന്നിവരടങ്ങുന്ന സംഘമാണ് മാതൃകാപരമായ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. വെള്ളിയാഴ്ച രാവിലെ 10.20 ഓടെയാണ് തൊട്ടുമുഴിയിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന വിവരം പോലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്.
ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടക്കുകയായിരുന്നു. ഈ സമയം വീടിന്റെ മച്ചിൽ ബെഡ്ഷീറ്റിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു യുവാവ്.
ഒട്ടും സമയം കളയാതെ ഉദ്യോഗസ്ഥർ സെക്കൻഡുകൾക്കുള്ളിൽ യുവാവിനെ ഉയർത്തിപ്പിടിക്കുകയും കഴുത്തിലെ കുരുക്കഴിച്ചുമാറ്റി ജീവൻ രക്ഷിക്കുകയുമാണ് ചെയ്തത്. തുടർന്ന് ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

