കോഴിക്കോട് ∙ ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും തടയാന്‍ നിയമം അനിവാര്യമാണെന്നാണ് സമീപകാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പി.സതീദേവി. ജില്ലാ ടൂറിസം ഡവലപ്മെന്റ് സൊസൈറ്റി ഹാളില്‍ ജില്ലാതല സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.ഇത്തരം സംഭവങ്ങളില്‍ കഷ്ടത അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളുമാണ്.
കോട്ടയത്ത് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചത് കൊണ്ടുമാത്രമാണ് പൊലീസിന് കേസെടുക്കാന്‍ കഴിഞ്ഞത്. വിഷയത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണം.
തൊഴിലിടങ്ങളില്‍ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
ഇതുസംബന്ധിച്ച പരിശോധനകള്‍ എല്ലാ ജില്ലകളിലും നടത്തും. കൗമാരക്കാരായ കുട്ടികളില്‍ ആരോഗ്യപരമായ ബന്ധങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താന്‍ ‘കലാലയജ്യോതി’ എന്ന പേരില്‍ ക്യാംപെയ്ൻ സംഘടിപ്പിക്കും.
ഡിജിറ്റല്‍ വായ്പാ ചതിക്കുഴികളില്‍ നിരവധി സ്ത്രീകള്‍ വീഴുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നതായും അവർ പറഞ്ഞു. വനിതകള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ സൗജന്യ കൗണ്‍സിലിങ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം.
കൗണ്‍സിലിങ് നല്കിയാല് പരിഹരിക്കാന്‍ കഴിയുന്ന പരാതികളുള്ളതിനാലാണ് കമ്മിഷന് തിരുവനന്തപുരത്തും മേഖലാ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോടും എറണാകുളത്തും ഇതിന് സൗകര്യം ഏര്‍പ്പെടുത്തിയത്.
എല്ലാ മാസവും ആദ്യ മൂന്നാഴ്ചകളിലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കമ്മിഷന് ഓഫിസില്‍ കൗണ്‍സിലിങ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2377590 നമ്പറില്‍ ബന്ധപ്പെടാമെന്നും കമ്മിഷന് അധ്യക്ഷ അറിയിച്ചു.സിറ്റിങ്ങില്‍ ലഭിച്ച 70 പരാതിയിൽ 11 എണ്ണം പരിഹരിച്ചു.
മൂന്നെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. രണ്ടു പരാതികള്‍ കൗണ്‍സിലിങ്ങിന് വിട്ടു.
54 എണ്ണം അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. കമ്മിഷന് അംഗം പി കുഞ്ഞായിഷ, അഡ്വക്കേറ്റുമാരായ സീനത്ത്, ജിഷ, കൗണ്‍സിലര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

