തൊട്ടിൽപാലം∙ നിർദിഷ്ട മലയോര ഹൈവേയിൽ ഉൾപ്പെടുത്തിയ പക്രംതളം ചുരം റോഡിന്റെ വീതി കുറയ്ക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ഉയരുന്നു.
മലയോര ഹൈവേ അലൈൻമെന്റ് പ്രകാരം നിലവിൽ 12 മീറ്റർ വീതിയിലാണ് നിർമാണം നടന്നു വരുന്നത്. എന്നാൽ വയനാട് അതിർത്തിയിൽപെട്ട ചുങ്കക്കുറ്റി മുതൽ പൂതംപാറ വരെയുള്ള ഭാഗം പ്രവൃത്തിക്ക് ടെൻഡർ വച്ചത് 10 മീറ്റർ വീതിയിലാണെന്നാണ് പരാതി ഉയർന്നത്.
ഇപ്പോൾ തന്നെ ഏതാണ്ട് പത്ത് മീറ്റർ വീതിയുള്ള റോഡിൽ വലിയ വാഹനങ്ങൾക്ക് തിരിയാൻ പറ്റാത്ത അവസ്ഥയുണ്ട്.
ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. പക്രംതളം ചുരം മേഖലയിൽ സ്ഥല ലഭ്യതയ്ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല എന്നിരിക്കെയാണ് ഇവിടെ മാത്രം റോഡിന്റെ വീതി 10 മീറ്ററാക്കിയത് എന്നാണ് പരാതി. നിലവിൽ ചുങ്കക്കുറ്റി മുതൽ പൂതംപാറ വരെയുള്ള നിർമാണ പ്രവൃത്തിക്ക് 45 കോടിയാണ് വകയിരുത്തിയത്.
രാത്രി ബെംഗളൂരു, മൈസൂരു ഭാഗത്തേക്കും വയനാട്ടിലേക്കും തിരിച്ചും ഒട്ടേറെ വാഹനങ്ങൾ പോകുന്ന പ്രധാന റോഡാണിത്. ഇപ്പോൾ താമരശ്ശേരി ചുരത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സ്വകാര്യ വാഹനങ്ങൾ ഏറെയും പക്രംതളം ചുരം വഴിയാണ് പോകുന്നത്.അപ്രധാന റോഡുകൾ പോലും 12 മീറ്റർ വീതിയിൽ നിർമാണം നടത്തുമ്പോൾ പ്രധാനപ്പെട്ട
പാതയായ പക്രംതളം ചുരത്തിന്റെ പ്രവൃത്തി അവസാന റീച്ചിൽ 10 മീറ്ററിലേക്ക് ചുരുക്കുന്നു എന്നാണ് പരാതി. കാവിലുംപാറ പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ ചുരം മേഖലയിലെ മുഴുവൻ ഉടമകളും 12 മീറ്റർ വീതിയിൽ സ്ഥലം സൗജന്യമായി വിട്ടു നൽകിയിരുന്നതായി സ്ഥലം ഏറ്റെടുപ്പ് കമ്മിറ്റി കൺവീനറും പഞ്ചായത്ത് അംഗവുമായ റോബിൻ ജോസഫ് പറഞ്ഞു.
ചുരം മേഖലയിൽ റോഡിന് വീതി കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കഴിഞ്ഞ ദിവസം ചുരം മേഖലയിൽ സന്ദർശനം നടത്തിയ കാവിലുംപാറ പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികൾ അറിയിച്ചു.
കരാറുകാരനെ സഹായിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും യുഡിഎഫ് ആരോപിച്ചു. പഞ്ചായത്ത് അംഗങ്ങളായ റോബിൻ ജോസഫ്, സോജൻ ആലക്കൽ, മനു എഴിക്കാട്ടിൽ, കെ.പി.നഷ്മ, റോസക്കുട്ടി മുട്ടത്തുകുന്നേൽ, സി.ഫാസിൽ, പവിത്രൻ വട്ടക്കണ്ടി എന്നിവരാണ് സന്ദർശനം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

