
കോഴിക്കോട്∙ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ വേങ്ങേരി വിപണന കേന്ദ്രം കാർഷിക യന്ത്രങ്ങളുടെ ‘ശ്മശാനം’. ആധുനിക രീതിയിൽ ആരംഭിച്ച കാർഷിക സൂപ്പർ മാർക്കറ്റിലുള്ളത് ഒഴിഞ്ഞ റാക്കുകൾ മാത്രം.
ഒപ്പം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടു 3 മാസം പിന്നിട്ടു. വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ നിന്നു സബ്സിഡിയോടെ യന്ത്രങ്ങളും മറ്റുപകരണങ്ങളും വളവും വാങ്ങാൻ പ്രതിമാസം നൂറിലേറെ പേർ ഇവിടെ എത്തിയിരുന്നു.എന്നാൽ, കൃഷി വകുപ്പ് അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനെ കൈവിട്ടതോടെ ഒരു കോടിയോളം രൂപയുടെ ട്രാക്ടറുകളും ടില്ലറുമാണു തുരുമ്പെടുത്തു നശിക്കുന്നത്. ഇതോടൊപ്പം ആരംഭിച്ച സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
കാടുവെട്ടിയപ്പോൾ കണ്ടുകിട്ടിയത് ട്രാക്ടറും ടില്ലറും
22 ഏക്കറിൽ 25 വർഷം മുൻപു സ്ഥാപിച്ച വേങ്ങേരി കാർഷിക മൊത്തവിപണന കേന്ദ്രത്തിലെ പടിഞ്ഞാറു ഭാഗത്തെ പവലിയനാണ് അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന് നൽകിയത്.
ഇതിനു ചുറ്റും പരിസരവും കാടു മൂടി. ഉപയോഗിക്കാതെ തുരുമ്പെടുത്ത ഉഴുതു മറിക്കുന്ന ഇരുമ്പു ചക്രങ്ങൾ പവിലിയന്റെ പടിഞ്ഞാറു ഭാഗത്തെ കാടിനകത്തായി.
8.5 ലക്ഷത്തിന്റെ ട്രാക്ടർ കം ടിപ്പർ പവിലിയനോടു ചേർന്ന കാട്ടിൽ തുരുമ്പെടുത്തു കിടക്കുന്നു. മറ്റൊരു ലോറി പവിലിയനു പിൻഭാഗത്തു പടിഞ്ഞാറു ഭാഗം കാടു മൂടി.
അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ഓഫിസിനു മുന്നിൽ 5 ട്രാക്ടറും 4 ടില്ലറും കാടിനുള്ളിലാണ്.
മറ്റു യന്ത്ര ഭാഗങ്ങൾ ഓഫിസ് പരിസരത്തെ കാടുകളിൽ ഒളിപ്പിച്ചിരിക്കുന്നു. ഇന്നലെ കാടുവെട്ടിയപ്പോൾ ‘കണ്ടുകിട്ടിയ’ തുരുമ്പെടുത്തെ ട്രാക്ടറുകൾ പഴകിയ ഫ്ലെക്സ് ഷീറ്റു കൊണ്ടു മൂടി.
അറ്റകുറ്റപ്പണിക്ക് മാത്രം ഇനി 10 ലക്ഷം രൂപ ചെലവു വരും. പക്ഷേ, അടുത്ത വർഷം കാലാവധി കഴിയുന്നതിനാൽ ഈ വാഹനങ്ങൾ ആക്രിയായി ലേലത്തിൽ വിൽക്കാനാണ് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ നീക്കം.
അടച്ചുപൂട്ടൽ ഭീഷണിയിൽ അഗ്രോ സൂപ്പർ മാർക്കറ്റ്
അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ കീഴിൽ വടക്കൻ കേരളത്തിലെ 4 ജില്ലകളിലുള്ള കർഷകർക്കു കാർഷിക ഉപകരണങ്ങളും വളവും അനുബന്ധ വസ്തുക്കളും ഒരേ സ്ഥലത്തു നിന്നു വാങ്ങാൻ കഴിഞ്ഞ വർഷം മാർച്ചിൽ ആരംഭിച്ച അഗ്രോ സൂപ്പർ മാർക്കറ്റ് ഒരു വർഷം കൊണ്ടു അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
സൂപ്പർമാർക്കറ്റിൽ നിന്നു പ്രതിമാസം 2 ലക്ഷത്തോളം രൂപ കൃഷി വകുപ്പിനു കിട്ടിയിരുന്നു. ഇവിടെ ഒരു അസിസ്റ്റന്റ് മാനേജരെയും വർക്ക് അസിസ്റ്റന്റിനെയും രണ്ടു താൽക്കാലിക ജീവനക്കാരെയും നിയമിച്ചു. ഒരു വർഷം പിന്നിട്ടപ്പോഴേക്കും ഉൽപന്നങ്ങൾ എത്താതെയായി.
സാധനങ്ങൾ എത്തിച്ച വിവിധ കമ്പനികൾക്കു പണം നൽകാതെ 20 ലക്ഷം രൂപ കടമായി.
സാധനങ്ങൾ കുറഞ്ഞതോടെ റാക്കുകൾ ഒഴിഞ്ഞു. പ്രതിമാസം കൃഷി വകുപ്പിനു പണം നൽകാൻ കഴിയാതായതോടെ കഴിഞ്ഞ മാർച്ച് മുതൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങി.
ആരംഭത്തിൽ ഒരു വർഷം വാടക നൽകേണ്ടതില്ലെന്ന കരാർ കഴിഞ്ഞ മാസം അവസാനിച്ചു. ഇനി പ്രതിമാസം 25,000 രൂപ വാടക കെട്ടിട
ഉടമയായ കാംപ്കോ സ്ഥാപനത്തിനു നൽകണം.കർഷകർക്ക് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ കാർഷികോൽപന്നങ്ങളും വളവും ലഭ്യമാക്കുകയും കുറഞ്ഞ വാടകയ്ക്ക് ട്രാക്ടറുകളും അനുബന്ധ യന്ത്രങ്ങളും നൽകുകയുമാണു കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ ലക്ഷ്യം.
കൃഷിവകുപ്പ് വിവിധ പദ്ധതികൾ ആരംഭിച്ചപ്പോൾ യന്ത്രങ്ങൾ, വളം അനുബന്ധ സാമഗ്രികൾ എന്നിവ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ കീഴിലെ സ്ഥാപനങ്ങളിൽ നിന്നു വാങ്ങാൻ ഉത്തരവ് ഉണ്ടായില്ല. വിവിധ പദ്ധതികൾക്ക് പഞ്ചായത്തുകൾ ഫണ്ട് നീക്കിവച്ചപ്പോഴും യന്ത്രങ്ങൾ സ്വകാര്യ കമ്പനികളിൽ നിന്നു വാങ്ങിയതും തിരിച്ചടിയായി.
കൃഷിക്ക് ആവശ്യമായ വളം സഹകരണ ബാങ്കിൽ നിന്നു വാങ്ങാനും പഞ്ചായത്തുകൾ തീരുമാനിക്കുകയാണെന്നാണു വിവരം.
ട്രാക്ടറുകൾ ഉപയോഗിച്ചത് 6 മാസം മാത്രം
കൃഷിവകുപ്പിന്റെ തരിശു വയലുകൾ ഉഴുതുമറിച്ചു കൃഷിയിറക്കാൻ കർഷകരെ സഹായിക്കാനാണ് 2011ൽ ട്രാക്ടറുകൾ വാങ്ങിയത്. കൊയിലാണ്ടി വെളിയന്നൂർ പാടത്ത് യന്ത്രങ്ങൾ എത്തിച്ച് ഉഴുതു മറിച്ചു കൃഷി തുടങ്ങി.
ഇതിനു ശേഷം ട്രാക്ടറുകൾ വേങ്ങേരി മാർക്കറ്റിൽ എത്തിച്ചു. പിന്നീട് മാർക്കറ്റിനുള്ളിൽ യന്ത്രങ്ങൾ ഉപയോഗിച്ചെങ്കിലും പദ്ധതി തുടർന്നില്ല.
ഇതോടെ 6 ട്രാക്ടറുകളും അനുബന്ധമായി ഘടിപ്പിക്കുന്ന നിലം ഉഴുതുന്ന ഇരുമ്പു ചക്രവും മറ്റും കാടുമൂടി. 2016 മുതൽ പല തവണ യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്താൻ സർക്കാരിനും വകുപ്പു മേധാവികൾക്കും ഓഫിസിൽ നിന്നു റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല.
ഇതിനിടയിൽ, ചെറിയ ടില്ലറുകൾ സബ്സിഡി ഇനത്തിൽ വിൽപനയ്ക്ക് എത്തിച്ചിരുന്നു.
എന്നാൽ, വിവിധ കാർഷിക പദ്ധതിയിൽ യന്ത്രങ്ങൾ വാങ്ങുന്ന സ്കീം സർക്കാർ ആരംഭിച്ചെങ്കിലും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ നിന്നു യന്ത്രങ്ങൾ വാങ്ങണമെന്ന വകുപ്പിന്റെ ഉത്തരവ് ഉണ്ടായില്ല. ഇതോടെ, കൃഷിഭവനുകളിൽ നിന്നു യന്ത്രങ്ങൾക്കും കൃഷിക്ക് ആവശ്യമായ മോട്ടർ, പമ്പ്സെറ്റുകൾ എന്നിവയ്ക്കും സ്വകാര്യ കമ്പനികൾക്കാണു ക്വട്ടേഷൻ നൽകുന്നതെന്നു പറയുന്നു.
ഇതോടെ, സൂപ്പർ മാർക്കറ്റിൽ പുതുതായി വാങ്ങിയ ടില്ലറുകൾ വാങ്ങാനാളില്ലാതെ തുരുമ്പെടുത്തു തുടങ്ങി. ശേഷിക്കുന്ന 4 ടില്ലറുകളിൽ 2 എണ്ണം ഉപയോഗരഹിതമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]