
ബാലുശ്ശേരി ∙ ചിത്രകാരന്റെ കൗതുകം വെളിച്ചം വീശിയതു നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രത്തിലേക്ക്. മഞ്ചേരി തൃക്കലങ്ങോട്ട് മേലേടത്ത് വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നു നൂറ്റാണ്ടുകൾക്കു മുൻപുള്ള ശിലാലിഖിതം കണ്ടെത്തുന്നതിനാണു ബാലുശ്ശേരി മണ്ണാംപൊയിൽ പടിഞ്ഞാറേ വീട്ടിൽ പി.സതീഷ് കുമാർ നിമിത്തമായത്.9–ാം നൂറ്റാണ്ടു മുതൽ 12–ാം നൂറ്റാണ്ടു വരെ കൊടുങ്ങല്ലൂർ കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ചേരമാൻ പെരുമാക്കൻമാരുടെ കാലഘട്ടത്തെ കുറിച്ചു വിവരം ലഭിക്കുന്ന ശിലാലിഖിതമാണു തൃക്കലങ്ങോട്ട് ക്ഷേത്രത്തിൽ നിന്നു ലഭിച്ചത്. പെരുമാക്കൻമാരിൽ മൂന്നാമത്തെ ഭരണാധികാരി ആയിരുന്ന കോതരവി പെരുമാളുടെ ശിലാലിഖിതമാണു കണ്ടെത്തിയത്.
പാദസ്പർശങ്ങളേറ്റു മാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന ലിഖിതം അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി.
ചരിത്രകഥയുടെ തുടക്കം ഇങ്ങനെ: തൃക്കലങ്ങോട്ട് ക്ഷേത്രത്തിലെ ഭാരവാഹികൾ വേട്ടയ്ക്കൊരുമകന്റെ ആരൂഢ സ്ഥാനമായ ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രം സന്ദർശിച്ചിരുന്നു.
ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൽ തയാറാക്കിയ ചിത്രങ്ങളും കീ ചെയിനുകളും കണ്ട് അതേ മാതൃക തൃക്കലങ്ങോട്ട് ക്ഷേത്രത്തിലും നടപ്പാക്കാൻ ആഗ്രഹിച്ചാണ് ഭാരവാഹികൾ സതീഷ് കുമാറിനെ ബന്ധപ്പെടുന്നത്.അവരുടെ ക്ഷണം സ്വീകരിച്ച് തൃക്കലങ്ങോട്ട് ക്ഷേത്രം സന്ദർശിച്ചപ്പോഴാണ് വട്ടശ്രീകോവിലിനു മുൻപിൽ പ്രദക്ഷിണ വഴിയിൽ പാകിയ കല്ലുകളിൽ ഒന്ന് സതീഷ് കുമാറിന്റെ കണ്ണിൽ പതിഞ്ഞത്.
കാലങ്ങളായി നിരന്തരം കാൽപാദങ്ങൾ പതിഞ്ഞ് ലിഖിതങ്ങളിൽ പലതും മാഞ്ഞുപോയിരുന്നു.
എങ്കിലും ചരിത്രപ്രാധാന്യമുള്ളതായിരിക്കുമെന്ന നിഗമനത്തിൽ സതീഷ് കുമാർ പുരാവസ്തു വകുപ്പിലെ പഴശ്ശിരാജ മ്യൂസിയം ഓഫിസറായ കെ.കൃഷ്ണരാജിനെ വിവരം അറിയിക്കുകയായിരുന്നു. പുരാവസ്തു വിഭാഗം നടത്തിയ പഠനത്തിലാണ് ഇതിന്റെ ചരിത്ര പ്രാധാന്യം വെളിപ്പെട്ടത്.സ്വസ്തി ശ്രീ എന്ന മംഗള വചനത്തോടെ ആരംഭിക്കുന്ന ലിഖിതത്തിൽ പെരുമാളിന്റെ പേര് കൃത്യമായി വായിച്ചെടുക്കാം.ക്ഷേത്രത്തിൽ ചെയ്ത ഏതോ നിയമ വ്യവസ്ഥയാണു ലിഖിതത്തിലെ പരാമർശം.
….ഇതു വിലക്കുകയോ കവരുകയോ ചെയ്യുന്ന ഊരാളൻ മൂഴിക്കള വ്യവസ്ഥ ലംഘിച്ചവരാകും എന്ന് ലിഖിതത്തിന്റെ താഴ്ഭാഗത്ത് വായിച്ചെടുക്കാനാകും.
വർഷം സൂചിപ്പിക്കുന്ന ഭാഗവും മുകൾ ഭാഗവും അവ്യക്തമാണ്. കോതരവി പെരുമാളിന്റെ ഭരണകാലത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ഉത്തരവായിരുന്നു ഈ ലിഖിതമെന്ന് മനസ്സിലാക്കുന്നു. കോതരവി പെരുമാളിന്റെ 9 ശിലാരൂപ ലിഖിതങ്ങൾ മുൻപു കണ്ടെത്തിയിരുന്നു.
സതീഷ് കുമാറിന്റെ ശ്രദ്ധയിലൂടെ ലഭിച്ചത് പത്താമത്തെ ശിലാശാസനമാണ്. പാലോറ എച്ച്എസ്എസിലെ ചിത്രകലാ അധ്യാപകനാണ് ഇദ്ദേഹം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]