‘നിന്നെ ഞാൻ കാത്തു നിൽക്കുന്ന മറ്റൊരു അരളിച്ചുവടുമില്ല, മറ്റൊരു നീയുമില്ല..’മരച്ചുവട്ടിൽ നിൽക്കുമ്പോൾ ഉള്ളിൽ ‘പ്രണയശതക’ത്തിലെ ആ വരികൾ സ്പന്ദിക്കുകയാണ്. നനഞ്ഞ മണ്ണിൽ മഞ്ഞപ്പൂക്കൾ ചിതറിക്കിടക്കുന്നു.
അതിനരികെ നിശ്ശബ്ദമായി ആ ഛായാചിത്രമിരിക്കുന്നു. പുഞ്ചിരിക്കുന്ന മുഖവുമായി ടി.പി.രാജീവൻ.
കവിയും നോവലിസ്റ്റുമായിരുന്ന ടി.പി.രാജീവന്റെ ഓർമദിനമായിരുന്നു ഇന്നലെ. നരയംകുളത്ത് ടി.പി.രാജീവന്റെ രാമവനം വീട്ടിൽ, അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടന്ന മണ്ണിൽ, രാവിലെ സുഹൃത്തുക്കൾ ഒരുമിച്ചു ചേർന്നാണ് ഓർമപ്പൂക്കൾ അർപ്പിച്ചത്.
ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ ഇടതുവശത്തായി വലിയൊരു മല. രാജീവന്റെ നോവലിൽ കെ.ടി.എൻ.കോട്ടൂർ ആ മലമുകളിലാണ് പണ്ടുപണ്ട് പതാക ഉയർത്തിയത്.
വാർത്തകളിൽ നിറയുന്ന ചെങ്ങോട്ടുമല. ഇനിയെത്ര കാലം ആ മല അവിടെയുണ്ടാവുമെന്ന ആശങ്കയിലാണ് രാജീവന്റെ നാട്ടുകാർ.
‘പുറപ്പെട്ടുപോയ വാഗ്’ദാനങ്ങൾ !
‘കോട്ടൂർ പഞ്ചായത്തിൽ തൊണ്ണൂറേക്കറോളം സ്ഥലത്ത് പുതിയ അമ്യൂസ്മെന്റ് പാർക്ക് വരുമെന്ന് മന്ത്രിയുടെ സമൂഹ മാധ്യമപോസ്റ്റ് കണ്ടു.
അതിൽ കൂടുതൽ അറിവൊന്നും ആർക്കും കിട്ടിയിട്ടില്ല.’ നരയംകുളം ഗ്രാമീണവായനശാലയുടെ പ്രസിഡന്റ് എ.കെ.കണാരൻ ബസ് സ്റ്റോപ്പിലിരുന്ന് പറഞ്ഞു. മല കയ്യേറി ഇടിച്ചുനിരത്താൻ പണ്ടുനടന്ന നീക്കത്തെ ജനങ്ങൾ സമരം ചെയ്താണ് തോൽപിച്ചത്.
അന്ന് കയ്യേറ്റക്കാർ നാട്ടുകാർക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമം നടത്തി. പക്ഷേ മലയ്ക്കു ചുറ്റും രാത്രിനടത്തവും പഞ്ചായത്ത് ഉപരോധവുമൊക്കെയായി ജനങ്ങൾ ഒറ്റക്കെട്ടായിനിന്നു.
850 കോടി രൂപ ചെലവിൽ പുതിയ പദ്ധതി വരുന്നുവെന്ന മന്ത്രി പി.രാജീവിന്റെ പോസ്റ്റ് വന്നതോടെ നാട്ടുകാർക്ക് ഒരുകാര്യം ഉറപ്പായി.
സമരങ്ങൾ അവസാനിപ്പിക്കാറായിട്ടില്ല.‘ഇത്തവണയും ജനങ്ങളെ രണ്ടുതട്ടിലാക്കി മല കയ്യേറാമെന്നാണ് പലരും ആഗ്രഹിക്കുന്നത്. വികസനത്തെ എതിർക്കരുതെന്ന വാദവുമായി ചിലർ രംഗത്തെത്തുന്നുണ്ട്.’ സമരസമിതിയുടെ സജീവപ്രവർത്തകനായ ബിജു കൊളക്കണ്ടി പറഞ്ഞു.രാജീവന്റെ വാക്കുകൾ പോലെ പച്ചപ്പുനിറഞ്ഞ നാട്.
ആ പച്ചപ്പ് സൂക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഗ്രാമീണർ. സമരവഴികളിലൂടെയാണ് യാത്ര.
വ്യവസായങ്ങളുടെ നഴ്സറി
കൂട്ടാലിടയിൽനിന്ന് പുതിയോട്ടു മുക്ക്, പൂനത്ത് വഴി വരുമ്പോൾ റോഡിന്റെ ഇരുവശത്തും നവീകരണം നടക്കുന്നു.
വട്ടോളി ബസാറിൽനിന്ന് ഇടത്തോട്ട് കിനാലൂർ എസ്റ്റേറ്റിലേക്കുള്ള ചൂണ്ടുപലക. അനേകം കായികതാരങ്ങൾ പഠിക്കുന്ന പൂവമ്പായി എഎംഎച്ച്എസ്എസ് റോഡിന്റെ ഒരു വശത്തു കാണാം.ഏഴുകണ്ടി അങ്ങാടി പിന്നിട്ട് വലത്തോട്ട് തിരിയുമ്പോൾ സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ വ്യവസായ വികസനകേന്ദ്രത്തിന്റെ ബോർഡ് റോഡിനു കുറുകെ മുകളിൽ കണ്ടു.അകത്തേക്ക് കയറിയപ്പോൾ ചെരിപ്പ് നിർമാണശാലയും ബിസ്കറ്റ് ഫാക്ടറിയുമടക്കം നിരനിരയായി വിവിധ കമ്പനികൾ.
മരുന്നു കമ്പനികളും ഫർണിച്ചർ കമ്പനികളും പിന്നിട്ട് മുന്നോട്ട്. ടാറിട്ട
റോഡ് അവസാനിക്കുന്നു. മെറ്റൽ നിരത്തിയ റോഡിലേക്ക് തിരിഞ്ഞു.
ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്റെ സിന്തറ്റിക് ട്രാക്ക് കാണാം.
ആശങ്കയുടെ എയിംസ്
റോഡ് ഇവിടെ തീരുകയാണ്. വെള്ളമില്ലാത്ത ഒരു കുഞ്ഞുതോട് മുറിച്ചുകടന്നു.
കുറ്റിക്കാടുകൾക്കപ്പുറത്ത് ഒരു പുൽമൈതാനം. അവിടെ കുറച്ചു പേർ ജഴ്സിയുമണിഞ്ഞ് ബൂട്ടുകെട്ടി ഫുട്ബോൾ കളിക്കുന്നു.
ഹിന്ദി സംസാരിച്ച് പന്തു തട്ടുന്നത് വ്യവസായ പാർക്കിലെ അതിഥിത്തൊഴിലാളികളാണ്. ‘ഈ മൈതാനമടക്കമുള്ള 150 ഏക്കർ സ്ഥലത്താണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വരാനിരിക്കുന്നത്.
ഇവിടെ എയിംസ് വരുമെന്ന് 2013 മുതൽ ഞങ്ങൾ കേൾക്കുന്നതാണ്. ഇപ്പോൾ ആരൊക്കെയോ എയിംസ് വേറെ ജില്ലയിലേക്ക് കൊണ്ടുപോവുമെന്ന് പറയുന്നു’ മൈതാനത്തിനരികിൽനിന്ന ഷാനവാസ് കുറുമ്പൊയിൽ ആശങ്കയോടെ പറഞ്ഞു.
എയിംസ് പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവരുടെ സംഘടനയായ പാസ്സ് ലോക്കിന്റെ ജനറൽ സെക്രട്ടറിയാണ് ഷാനവാസ്.‘ഞങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. 98 വീടുകളാണ് പദ്ധതിക്കായി വിട്ടുകൊടുക്കേണ്ടത്.
198 കുടുംബങ്ങളുണ്ട്. പദ്ധതി അനിശ്ചിതത്വത്തിലായതോടെ ഞങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കാൻ കഴിയുന്നില്ല.
’ ഷാനവാസ് പറഞ്ഞു.
അണയാത്ത കനലുകൾ തേടി
യാത്ര താമരശ്ശേരി പിന്നിടുകയാണ്. ചുങ്കം കഴിഞ്ഞ് അമ്പായത്തോട് ബസ് സ്റ്റോപ്പിന് അടുത്തെത്തി.
വലത്തോട്ടുള്ള റോഡിലൂടെ കയറുമ്പോൾ അമ്പായത്തോട് മിച്ചഭൂമിയെ സ്പർശിച്ചു മുന്നോട്ട്. റബർ എസ്റ്റേറ്റുകൾക്കു നടുവിലൂടെ, മെറ്റൽ നിരത്തിയ റോഡിലൂടെ വളഞ്ഞുപുളഞ്ഞുള്ള യാത്ര.
നാലു കിലോമീറ്ററോളം ഉള്ളിലേക്ക് ചെന്നപ്പോൾ പൊലീസുകാർ വഴി തടഞ്ഞു. അകത്തേക്ക് പരിശോധനയോടെ മാത്രമാണ് കടത്തിവിടുന്നത്.
പിന്നീടങ്ങോട്ട് വഴിയിൽ പലയിടത്തും പൊലീസ് പരിശോധന. നേരെ ചെന്നുകയറിയത് വിവാദമായ ഫ്രഷ് കട്ട് കോഴിയറവു മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കാണ്.പ്രദേശത്ത് പ്രതിഷേധത്തിന്റെ പുകമണം മാറിയിട്ടില്ല.
നാട്ടുകാരുടെ പ്രതിഷേധത്തിന്റെ അലകളടങ്ങിയിട്ടില്ല. വീടുകളിൽ കയറിയുള്ള പരിശോധനകളിൽ തുടരുകയാണ്.
സമ്മർദം നിറഞ്ഞ ഈ അന്തരീക്ഷത്തിലാണ് ഈ യാത്ര അവസാനിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

