
ഒരു മിനിറ്റ് ഒന്നു നിൽക്കാമോ? ഫറോക്ക് സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ് വേണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫറോക്ക് ∙ അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിൽ അടിമുടി മാറിയ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ ഇന്റർസിറ്റി എക്സ്പ്രസ്, നേത്രാവതി ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യത്തോട് മുഖംതിരിഞ്ഞു റെയിൽവേ.കൂടുതൽ ട്രെയിനുകൾക്ക് ഫറോക്കിൽ സ്റ്റോപ് ആവശ്യപ്പെട്ട് പലവട്ടം നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും തുടർ നടപടി ഒന്നുമായില്ല. റെയിൽവേയുടെ മൺസൂൺ കാല ടൈംടേബിൾ ജൂണിലാണ് പുറത്തിറക്കുക. അതിനു മുൻപ് ട്രെയിനുകൾ നിർത്തുന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ഫറോക്കുക്കാരുടെ കാത്തിരിപ്പ് ഇനിയും നീളും.
മംഗളൂരു–കോയമ്പത്തൂർ ഇന്റർസിറ്റി, എറണാകുളം–കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ–യശ്വന്ത്പുര എക്സ്പ്രസ്, തിരുവനന്തപുരം–ലോകമാന്യ തിലക് നേത്രാവതി, നിസാമുദ്ദീൻ–എറണാകുളം മംഗള, തിരുവനന്തപുരം–മംഗളൂരു മാവേലി, മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, പുതുച്ചേരി എക്സ്പ്രസ്(വീക്കിലി) എന്നിവയ്ക്കെങ്കിലും ഫറോക്കിൽ സ്റ്റോപ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.
യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഫറോക്ക് സ്റ്റേഷൻ വലിയ കുതിപ്പ് നടത്തിയിട്ടും നിർത്തുന്ന ട്രെയിനുകളുടെ എണ്ണത്തിൽ ഇപ്പോഴും പുരോഗതിയില്ല. കോവിഡിനു മുൻപ് വരെ നിസാമുദ്ദീൻ–എറണാകുളം മംഗള, എറണാകുളം ഓഖ, തിരുവനന്തപുരം–വെരാവൽ എക്സ്പ്രസുകൾക്ക് ഫറോക്കിൽ സ്റ്റോപ്പുണ്ടായിരുന്നു. കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ് പിന്നീട് പുനഃസ്ഥാപിച്ചില്ല.
ഉച്ചയ്ക്ക് 1.53ന് മംഗളൂരു–കോയമ്പത്തൂർ പാസഞ്ചർ കടന്നു പോയാൽ പിന്നെ മൂന്നര മണിക്കൂർ നേരം ഫറോക്കിൽ നിന്നു ഷൊർണൂർ ഭാഗത്തേക്ക് ട്രെയിനില്ല. വൈകിട്ട് 5.30നുള്ള കണ്ണൂർ–ഷൊർണൂർ സ്പെഷൽ പാസഞ്ചറാണ് ആകെ ആശ്വാസം. രാത്രി 10.45നുള്ള മംഗളൂരു–തിരുവനന്തപുരം മലബാർ എക്സ്പ്രസിനു ശേഷം പിന്നെ രാവിലെ 5.35ന് മാത്രമേ ഷൊർണൂർ ഭാഗത്തേക്ക് യാത്ര സാധ്യമാകൂ.
കോഴിക്കോട് ഭാഗത്തേക്കും ഫറോക്കിൽ നിന്നു രാത്രി യാത്രയ്ക്ക് മാർഗമില്ല. രാത്രി 10.23നുള്ള ഷൊർണൂർ–കോഴിക്കോട് പാസഞ്ചറിന് ശേഷം പിന്നെ പുലർച്ചെ 4.15നുള്ള മലബാർ എക്സ്പ്രസ് വരണം. ചൊവ്വാഴ്ച മാത്രം രാത്രി 11.55ന് ഗാന്ധിധാം വീക്ക്ലി എക്സ്പ്രസുണ്ട്.എറണാകുളത്ത് നിന്നു ഹ്രസത്ത് നിസാമുദ്ദീനിലേക്കുള്ള മംഗള എക്സ്പ്രസിനു ഫറോക്കിൽ സ്റ്റോപ് ഉണ്ടെങ്കിലും ഇതു തിരിച്ചു വരുമ്പോൾ ഇവിടെ നിർത്തില്ല.
മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസും തിരിച്ചുവരുമ്പോൾ നിർത്തില്ല. ട്രെയിനുകളുടെ യാത്രാ വേഗം വർധിപ്പിച്ചതിനാൽ പുതിയ സ്റ്റോപ് അനുവദിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ടൈംടേബിൾ പുതുക്കുന്നതിന് മുൻപ് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് ലഭ്യമാക്കാൻ രാഷ്ട്രീയ–ഭരണ തലത്തിൽ ഇടപെടൽ വേണമെന്നാണു യാത്രക്കാർ ഉന്നയിക്കുന്നത്.