
ചേവായൂർ∙ ജീവനിൽ കൊതിയുണ്ടെങ്കിൽ ആരും അടുത്തേക്കു പോകരുത്… എപ്പോൾ വേണമെങ്കിലും വീഴാൻ പാകത്തിലാണ് ഈ 3 നില ഹോസ്റ്റൽ കെട്ടിടം. കോർപറേഷൻ നോട്ടിസ് പതിച്ച സമീപത്തെ പത്ത് വീടുകളിൽ 2 വീട്ടുകാർ വാടകവീട്ടിലേക്കു മാറി.
കോവൂർ പുൽപറമ്പിലെ ഹോസ്റ്റൽ കെട്ടിടം സമീപത്തെ 2 വീടുകൾക്ക് മുകളിലേക്ക് വീഴുമെന്ന സ്ഥിതി വന്നതോടെ പൊളിച്ചുനീക്കാൻ കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയർ കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയിട്ടുണ്ട്. ഏഴ് അപ്പാർട്മെന്റുകളിലായി നാൽപതോളം പേർ വനിതകളുടെ ഹോസ്റ്റലിൽ താമസിച്ചിരുന്നു. കെട്ടിടം അപകടാവസ്ഥയിലായതോടെ ഒരാഴ്ച മുൻപ് ഇവരെ മറ്റിടങ്ങളിലേക്ക് മാറ്റി.
കോർപറേഷൻ എൻജിനീയറിങ് വിഭാഗവും വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേനയും നെല്ലിക്കോട് വില്ലേജ് ഓഫിസറും പരിശോധന നടത്തിയശേഷം പൊളിക്കാൻ തീരുമാനിക്കുകയായിരുന്നു.
അപകടാവസ്ഥയിലുള്ള കെട്ടിടം തകർന്നു വീണാൽ പുൽപറമ്പിൽ ഉണ്ണിക്കൃഷ്ണൻ, മാഹി സ്വദേശിനി പി.സഫ്രീന എന്നിവരുടെ വീടുകൾ പൂർണമായും തകരുന്ന സ്ഥിതിയാണ്. തൊട്ടുമുന്നിൽ പുൽപറമ്പിൽ ഗംഗാദേവിയുടെ വീട്ടിലേക്കാണ് ഹോസ്റ്റലിലെ മലിനജലം ഒഴുകിയെത്തുന്നത്.
മെഡിക്കൽ കോളജിൽ നിന്നുള്ള മലിനജലം ഒഴുകിയിരുന്ന, നേരത്തേ കല്ലുവെട്ട് കുഴിയായിരുന്ന സ്ഥലത്താണ് ഇരുപതിലേറെ വർഷം മുൻപ് ഹോസ്റ്റൽ നിർമിച്ചതെന്നും നിർമാണത്തിൽ അപാകതയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.കഴിഞ്ഞവർഷം കെട്ടിടത്തിൽ വിള്ളലുണ്ടായെന്നും പിന്നീട് ഇത് രൂക്ഷമായെന്നും കെയർവെൽ ഹോസ്റ്റൽ നടത്തിപ്പുകാരനായ ഉമ്മളത്തൂർ സ്വദേശി കെ.കെ.ബബ്ലു പറഞ്ഞു. കുന്നമംഗലം സ്വദേശിയുടെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളതാണ് കെട്ടിടമെന്ന് നാട്ടുകാർ പറയുന്നു.
സമീപവാസികൾ കലക്ടറേറ്റിലും വില്ലേജ് ഓഫിസിലും പരാതി നൽകിയിട്ടുണ്ട്.
പരിശോധന നടത്തി താലൂക്ക് ഓഫിസിലേക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് വില്ലേജ് ഓഫിസർ പറഞ്ഞു. അപകട
സാധ്യത കണക്കിലെടുത്ത് കെട്ടിടത്തിലേക്കുള്ള വൈദ്യുതി കെഎസ്ഇബി വിഛേദിച്ചു. പൊളിച്ചുമാറ്റണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും ഉടമസ്ഥർ തയാറായിട്ടില്ലെന്നും ആരെങ്കിലും പൊളിച്ചു കൊണ്ടുപോകുന്നതിന് എതിർപ്പില്ലെന്നുമാണ് ഇവരുടെ പക്ഷമെന്നും നാട്ടുകാർ പറഞ്ഞു. കോർപറേഷൻ അടിയന്തരമായി കെട്ടിടം പൊളിച്ചുമാറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും താമസം മാറിയവർക്ക് കോർപറേഷൻ വാടക നൽകണമെന്നും മെഡിക്കൽ കോളജ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]