
വയനാട് ചുരത്തിൽ 6, 8 വളവുകൾ വീതി കൂട്ടൽ; 38 കോടിയുടെ ടെൻഡർ നടപടി പൂർത്തിയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുതുപ്പാടി∙ പശ്ചാത്തല വികസന മേഖലയിൽ ആവശ്യമായ മുഴുവൻ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കിയാണ് കഴിഞ്ഞ 9 വർഷവും എൽഡിഎഫ് സർക്കാർ മുന്നോട്ട് പോയതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നവീകരിച്ച ഈങ്ങാപ്പുഴ, കാക്കവയൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വയനാട് ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് 6, 8 വളവുകളിലെ വീതി വർധിപ്പിക്കാൻ 38 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി മന്ത്രി പറഞ്ഞു. ലക്കിടി- അടിവാരം റോപ് വേക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും പിപിപി മോഡലിൽ തയാറാവുന്ന പദ്ധതി ടൂറിസം-പശ്ചാത്തല വികസന മേഖലയിൽ വലിയ നേട്ടമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.പി.സുനീർ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ അമൽരാജ്, ഡെന്നി വർഗീസ്, അംമ്പുടു ഗഫൂർ, ബിജു ചേരപ്പനാൽ, റോഡ്സ് സുപ്രണ്ടിങ് എൻജിനീയർ പി.കെ.മിനി, സംഘാടക സമിതി കൺവീനർ എം.ഇ.ജലീൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ആർ.ജൽജിത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ.ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു.
പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലകളെയും കക്കാട് ഇക്കോ ടൂറിസത്തെയും വന പർവ്വം ജൈവ വൈവിധ്യ ഉദ്യാനത്തെയും നാഷനൽ ഹൈവേ 766 മായി ബന്ധിപ്പിക്കുന്ന ഈങ്ങാപ്പുഴ കാക്കവയൽ റോഡ് രണ്ട് ഘട്ടങ്ങളിലായി 4 കോടി രൂപ മുടക്കിയാണ് നവീകരിച്ചത്. 2.670 കിലോമീറ്റർ നീളവും 5.30 മീറ്റർ വീതിയുമാണുള്ളത്. 105 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി, റോഡിന്റെ ഇരുവശത്തുമായി അഴുക്കുചാൽ, ഏഴു കലുങ്കുകൾ, ആവശ്യമായ ഭാഗങ്ങളിൽ സ്ലാബ് എന്നിവ നിർമിച്ച് ബിഎംബിസി നിലവാരത്തിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്. റോഡ് സുരക്ഷ സംവിധാനങ്ങൾക്കാവശ്യമായ റോഡ് മാർക്കിങ്ങുകളും സുരക്ഷ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.