കുറവിലങ്ങാട് ∙ ഫംഗസ്ബാധയെ തുടർന്നുള്ള മഞ്ഞളിപ്പ് രോഗം ബാധിച്ചു കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, മാഞ്ഞൂർ പഞ്ചായത്തുകളിൽ ഏക്കർ കണക്കിനു പ്രദേശത്തെ ഇഞ്ചിക്കൃഷി നശിച്ചു. കർഷകർക്കു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി.
വീട്ടാവശ്യത്തിനു ചെറിയ അളവിൽ കൃഷി ചെയ്തവർക്കു പോലും വിളവെടുപ്പിനു ലഭിച്ചത് പകുതിയലധികം ചീഞ്ഞുപോയ ഇഞ്ചിയാണ്. പൈറിക്കുലാരിയ വിഭാഗത്തിൽപെട്ട കുമിൾ മൂലമുണ്ടാകുന്ന രോഗം ഇഞ്ചി കൃഷിക്ക് പുതിയ ഭീഷണിയാണെന്നു കൃഷി വകുപ്പ് പറയുന്നു.
ഏക്കർ കണക്കിന് ഇഞ്ചി കൃഷി നശിക്കാൻ ഈ രോഗം മതി.
ഇഞ്ചിച്ചെടികളിൽ ഫംഗസ് ബാധിക്കുന്നതാണ് രോഗവ്യാപനത്തിന് കാരണം. ഫംഗസ് ബാധ കൂടുതൽ കൃഷിയിടങ്ങളിലേക്ക് പടരുകയും ചെയ്തു.
വിത്ത് നട്ട് ഒന്നര മാസത്തോളം പ്രായമാവുകയും വളപ്രയോഗം നടത്തുകയും ചെയ്തതിനു ശേഷമാണ് തൈകളിൽ മഞ്ഞളിപ്പ് ബാധിക്കുന്നതായി കണ്ടെത്തിയത്. ഫംഗസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമായി കണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ ചെടി നശിക്കുന്നു. ഇലകളുടെ അഗ്രഭാഗത്ത് പുള്ളികളും നിറ വ്യത്യാസവുമാണ് രോഗത്തിന്റെ ആദ്യ ലക്ഷണം.
ക്രമേണ ഇത് എല്ലാ ഇലകളിലേക്കും തണ്ടുകളിലേക്കും വ്യാപിക്കും.
ചെടികൾ മഞ്ഞ നിറത്തിലാകും. അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നത് മഞ്ഞളിപ്പു രോഗം വ്യാപിക്കാൻ കാരണമാകുന്നു.
അണുബാധ പിടിപെട്ടാൽ അത് വേഗത്തിൽ പടരുകയും മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ കൃഷിയിടവും മൂടുകയും ചെയ്യും. കുറവിലങ്ങാട് പഞ്ചായത്തിൽ കോഴാ, കാളികാവ്, കളത്തൂർ, തോട്ടുവാ പ്രദേശങ്ങളിലൊക്കെ രോഗബാധ ഉണ്ടായിട്ടുണ്ട്.
പലരും വായ്പ എടുത്താണ് കൃഷികൾ നടത്തിയത്. ഈ വർഷം വേനൽ മഴ നേരത്തെ ലഭിച്ചത് നിലമൊരുക്കുന്നതിനു സഹായമാകുകയും കർഷകർക്ക് വൻ പ്രതീക്ഷ നൽകുകയും ചെയ്തിരുന്നു.
പക്ഷേ കാലാവസ്ഥ വ്യതിയാനം പ്രതീക്ഷകൾ നശിപ്പിച്ചു.
കൃഷി വകുപ്പ് നിർദേശിക്കുന്ന നിയന്ത്രണ മാർഗം
നേറ്റിവോ എന്ന കുമിൾനാശിനി (ടെബുകൊണസോൾ + ട്രൈഫ്ലോക്സിസ്ട്രോബിൻ) 4 ഗ്രാം 10 ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. രോഗാവസ്ഥയുടെ തീവ്രത അനുസരിച്ചു 10 ദിവസത്തെ ഇടവേളകളിൽ തളിച്ച് കൊടുക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

