കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാവശ്യമായ മിക്ക കീമോതെറപ്പി മരുന്നുകളും ഇപ്പോൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ബിവാസിസുമാബ്, ഒക്ട്രിയോടൈഡ്, കാർബോപ്ലാറ്റിൻ, ട്രാസ്ടുസുമാബ്, സെടൂക്സിമാബ് തുടങ്ങിയ ഉയർന്ന വിലയുള്ള മരുന്നുകൾ ആശുപത്രിയിൽ എത്തിത്തുടങ്ങി.
വിപണിയിൽ 90,000 രൂപ വരെ വിലവരുന്ന മരുന്നുകളാണ് രോഗികൾക്കായി ലഭ്യമാക്കിയത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ജൂലൈ വരെയുള്ള കാലയളവിൽ മരുന്നുകൾക്ക് രൂക്ഷമായ ക്ഷാമം നേരിട്ടിരുന്നു.
ഏപ്രിൽ ഒന്ന് മുതൽ വാർഡുകളിൽ മരുന്നുകൾ എത്തിക്കുന്നത് പൂർണ്ണമായും നിലച്ച അവസ്ഥയായിരുന്നു. കാരുണ്യ ഫാർമസിയിലും എച്ച്ഡിഎസ് മെഡിക്കൽ ഷോപ്പുകളിലും മരുന്നുകൾ ലഭ്യമാകാതെ വന്നതോടെ രോഗികൾ വലിയ സാമ്പത്തിക പ്രയാസത്തിലായിരുന്നു.
ഈ സാഹചര്യത്തിൽ ഉയർന്ന വിലയുള്ള മരുന്നുകൾ പുറത്തുനിന്ന് വാങ്ങാൻ രോഗികൾ നിർബന്ധിതരായി. ഇതുസംബന്ധിച്ച് കഴിഞ്ഞ ജൂൺ 26ന് വാർത്തകൾ പുറത്തുവന്നിരുന്നു.
ഇതിനെത്തുടർന്ന് ടെൻഡറിംഗ് നടപടികളിലെ തടസ്സങ്ങൾ നീക്കി ഓഗസ്റ്റ് മാസത്തോടെ മരുന്ന് വിതരണം പുനരാരംഭിക്കാൻ സാധിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നിലവിൽ സാധാരണയായി ഉപയോഗിക്കുന്ന മിക്ക കാൻസർ മരുന്നുകളും ആശുപത്രിയിൽ ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

