
കുമരകം ∙ കുമരകത്ത് ഇനി ഒരു മാസത്തിലേറെ വള്ളംകളി ആവേശം. ഓഗസ്റ്റ് 30ന് പുന്നമടയിൽ നടക്കുന്ന നെഹ്റു ട്രോഫി മത്സര വള്ളംകളിക്കുള്ള പരിശീലനത്തുഴച്ചിലും ക്യാംപിന്റെ പ്രവർത്തനങ്ങളും ബോട്ട് ക്ലബ്ബുകൾ തുടങ്ങി.
കുമരകം ടൗൺ ബോട്ട് ക്ലബ് വടക്കുംകര പള്ളി ഹാളിൽ തുഴച്ചിലുകാർക്കു വേണ്ടി ക്യാംപ് തുറന്നു. പായിപ്പാടൻ ചുണ്ടനിൽ പരിശീലനത്തുഴച്ചിലിനും ക്ലബ് തുടക്കം കുറിച്ചു.
ചമ്പക്കുളം മൂലം വള്ളംകളിയിൽ വെപ്പ് ഒന്നാം ഗ്രേഡ് വള്ളമായ അമ്പലക്കടവനിൽ ഒന്നാം സ്ഥാനം നേടിയ ആത്മവിശ്വാസവുമായാണു ക്ലബ് പായിപ്പാടൻ ചുണ്ടനിൽ പുന്നമടയിലേക്ക് പോകുക. ഇമ്മാനുവൽ ബോട്ട് ക്ലബ് പുത്തൻപള്ളി പാരിഷ് ഹാളിലാണു ക്യാംപ് തയാറാക്കുക.
നടുവിലേപ്പറമ്പൻ (പഴയ ഇല്ലിക്കളം) ചുണ്ടനിലാണു ക്ലബ് തുഴയുന്നത്.
ചുണ്ടന്റെ പരിശീലനത്തുഴച്ചിൽ അടുത്ത ദിവസങ്ങളിൽ തുടങ്ങും. തുഴച്ചിലുകാർ ഇനി നെഹ്റു ട്രോഫി മത്സരവള്ളം കളി വരെ ക്യാംപിലാണു കഴിയുക.
ഒരു ക്ലബ്ബിനു 125 ലേറെ തുഴച്ചിലുകാരാണ് ഉണ്ടാകുക. ഇവർക്കുള്ള ഭക്ഷണവും മറ്റ് സൗകര്യങ്ങളും ക്ലബ് വകയാണ്. ഭക്ഷണം തയാറാക്കുന്നതിനു പാചകക്കാരും എത്തിക്കഴിഞ്ഞു.
തുഴച്ചിലുകാർക്ക് ഓരോ ദിവസവും നൽകേണ്ട മെനു തയാറാക്കി പാചകക്കാരനു നൽകും.
ഇതനുസരിച്ചു ഭക്ഷണം റെഡിയാക്കും.
ഇമ്മാനുവൽ ബോട്ട് ക്ലബ് പരിശീലനത്തുഴച്ചിലിനു മാത്രമായി 2 ഫൈബർ ചുണ്ടനാണു എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി നെഹ്റു ട്രോഫി നേടാൻ കുമരകത്തെ ബോട്ട് ക്ലബ്ബുകൾക്കു കഴിഞ്ഞിട്ടില്ല.
ഫൈനൽ മത്സരങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ഈ വർഷം ഒന്നാം സ്ഥാനം നേടി നെഹ്റു ട്രോഫി കരസ്ഥമാക്കുകയാണു കുമരകത്തെ ബോട്ട് ക്ലബ്ബുകളുടെ ലക്ഷ്യം.
ട്രോഫി ഏതു ബോട്ട് ക്ലബ്ബാണു കൊണ്ടുവരുക എന്നത് കാത്തിരിക്കുകയാണ് കുമരകം നിവാസികൾ. കുട്ടനാട്ടിലെ പ്രധാന ബോട്ട് ക്ലബ്ബുകളും ക്യാംപുകൾ തുറന്നു പരിശീലനത്തുഴച്ചിലിനായി ഒരുക്കങ്ങൾ തുടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]