കുമരകം ∙ കുമരകത്തിന്റെ മനസ്സ് നിറച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മടക്കയാത്ര. ഇന്നലെ കുമരകം താജ് ഹോട്ടലിൽ നിന്നു കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലേക്കുള്ള യാത്രയ്ക്കിടെ രണ്ടിടത്താണ് രാഷ്ട്രപതി വാഹനം നിർത്തിയിറങ്ങിയത്; കുമരകം ചന്തക്കവലയിലും ഇല്ലിക്കലിലും.
ഇവിടെ കാത്തുനിന്ന കുട്ടികൾക്കു മിഠായി നൽകി.കുമരകം ചന്തക്കവലയിൽ വാഹനം മുന്നോട്ടുപോയ ശേഷമാണ് അപ്രതീക്ഷിതമായി നിർത്തിയത്. രാഷ്ട്രപതി പിന്നോട്ടു നടന്നെത്തി നാട്ടുകാരെ കണ്ടു.
എല്ലാവരെയും നോക്കി കൈ വീശിയ രാഷ്ട്രപതിക്കു നേരെ ചിലർ കൈ നീട്ടിയപ്പോൾ ഹസ്തദാനം ചെയ്തു.കവലയിലെ പഴയ ബസ് സ്റ്റോപ് ഭാഗം വരെ നടന്ന ശേഷമാണു രാഷ്ട്രപതി കാറിൽ യാത്ര തുടർന്നത്.
വലിയ ജനക്കൂട്ടമാണ് കുമരകത്ത് രാഷ്ട്രപതിയെ കാത്തുനിന്നത്.ഇല്ലിക്കലിൽ കിളിരൂർ ഗവ യുപി സ്കൂളിലെ കുട്ടികളെ കണ്ട രാഷ്ട്രപതി അവിടെയും ഇറങ്ങി.
കുട്ടികൾക്ക് മിഠായി നൽകിയാണു രാഷ്ട്രപതി സ്നേഹം അറിയിച്ചത്.
തന്റെ സ്റ്റാഫ് അംഗങ്ങളോട് മറ്റു കുട്ടികൾക്കും മധുരം നൽകാൻ നിർദേശിച്ചു. എല്ലാവരോടും കൈകൂപ്പി നന്ദി പറഞ്ഞാണു രാഷ്ട്രപതി കാറിൽ കയറിയത്.കോട്ടയം ബേക്കർ ജംക്ഷനിലും ലോഗോസ് ജംക്ഷനിലും വിദ്യാർഥികൾ കാത്തുനിന്നിരുന്നു.
ഇവരെ കാറിൽ ഇരുന്ന് അഭിവാദ്യം ചെയ്താണു രാഷ്ട്രപതി മടങ്ങിയത്. രാവിലെ കോട്ടയം നഗരത്തിലെ റോഡിന് ഇരുവശവും ഒട്ടേറെ പേർ രാഷ്ട്രപതിയെ കാണാൻ കാത്തുനിന്നു.
യാത്രയയപ്പ് നൽകി കോട്ടയം
ജില്ലയിലെ 2 ദിവസത്തെ സന്ദർശനത്തിനു ശേഷം മടങ്ങിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കോട്ടയം യാത്രയയപ്പ് നൽകി.
കുമരകത്തെ താജ് ഹോട്ടലിൽനിന്നു കാറിൽ പൊലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ എത്തിയ രാഷ്ട്രപതിക്കു ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. മന്ത്രി വി.എൻ.വാസവൻ, കലക്ടർ ചേതൻ കുമാർ മീണ, ജില്ലാ പൊലീസ് മേധാവി എ.
ഷാഹുൽ ഹമീദ് എന്നിവരും സന്നിഹിതരായിരുന്നു.രാവിലെ കാലാവസ്ഥ പ്രതികൂലമായതോടെ രാഷ്ട്രപതിയുടെ ഹൗസ് ബോട്ട് യാത്ര ഒഴിവാക്കി. രാവിലെ കുമരകത്ത് കനത്ത മഴയും കാറ്റുമായിരുന്നു.
രാഷ്ട്രപതിയുടെ മരുമകനും മറ്റ് ഉദ്യോഗസ്ഥരും ഹൗസ് ബോട്ട് യാത്ര നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

