കോട്ടയം ∙ ഇന്നലെ ഉച്ചയ്ക്ക് കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ വിറപ്പിച്ച് തെരുവുനായ. അങ്ങോട്ടും ഇങ്ങോട്ടും ഓടിയും വാഹനങ്ങളുടെ അടിയിൽ ഒളിച്ചും നായ ഭീതിയുണർത്തി.കെഎസ്ആർടിസി പരിസരം, മാർക്കറ്റ് ജംക്ഷൻ, ജനറൽ ആശുപത്രിക്കു സമീപം എന്നിവിടങ്ങളിലാണ് ആളുകളെ നായ കടിച്ചത്.
ഉച്ചയ്ക്ക് ഒന്നു മുതൽ 2 വരെയാണ് ഈ ഭാഗത്ത് ആക്രമണമുണ്ടായത്.
11നു കോടിമത ഭാഗത്ത് 2 േപരെ നായ കടിച്ചു. ഇത് ഒരേ നായ ആണോയെന്നതിൽ സ്ഥിരീകരണമില്ല.
കെഎസ്ആർടിസി പരിസരത്തെ നടപ്പാതയിലൂടെ എത്തിയ നായയെ ഭയന്നു വഴിയാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. പലരും സമീപത്തെ കടകളിലേക്ക് ഓടിക്കയറി.
കാൽനടയാത്രക്കാരെ പിന്തുടർന്നെത്തിയ നായയെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികൾ ഓടിച്ചുവിട്ടു.
ജനം പരിഭ്രാന്തിയിലായതോടെ നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്നു നായയെ അന്വേഷിച്ചിറങ്ങി. നഗരസഭ എബിസി സെന്ററിലെ ജീവനക്കാരുടെ നേതൃത്വത്തിൽ നായയെ കോടിമത കെഎസ്ഇബി ഓഫിസിനു സമീപം കണ്ടെത്തി വലയിട്ട് പിടികൂടി. എന്നാൽ വൈകിട്ടോടെ നായ ചത്തത് ആശങ്ക പടർത്തി.
പേ വിഷ ബാധയുള്ള നായ്ക്കളാണു സാധാരണഗതിയിൽ ചാകുന്നത്. ഇന്നത്തെ പരിശോധന നിർണായകമാണ്.
അക്രമകാരിയായ ഒരു നായയാണ് മറ്റു നായ്ക്കളെയും ജനത്തെയും ആക്രമിച്ചതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം.
ചത്ത നായയുടെ പരിശോധന ഫലം ലഭിച്ച ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നു ജില്ലാ മൃഗസംരക്ഷണവകുപ്പ് ഓഫിസർ പി.കെ.മനോജ്കുമാർ അറിയിച്ചു.
വീണ്ടും കത്ത് നൽകി കെഎസ്ആർടിസി
സ്റ്റാൻഡിലെ തെരുവുനായ ശല്യത്തിനു പരിഹാരം കാണണമെന്നു ആവശ്യപ്പെട്ട് കെഎസ്ആർടിസി അധികൃതർ ഏതാനും മാസം മുൻപു നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. നടപടിയൊന്നുമില്ലാതെ വന്നതോടെ ഇന്നലെ വീണ്ടും കത്തു നൽകി.
സ്റ്റാൻഡിലും പരിസരത്തും പത്തിലധികം നായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്.
വിരട്ടി നായ്ക്കൂട്ടം
കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ യാത്രക്കാരെയും വിരട്ടി നായ്ക്കൂട്ടം. അക്രമകാരിയായ തെരുവുനായ പ്രദേശത്തു കൂടി ഓടിയതിനു പിന്നാലെ ബസ് സ്റ്റാൻഡിലെ തെരുവുനായ്ക്കളും അക്രമാസക്തരായി.
യാത്രക്കാരിൽ പലരും ആളൊഴിഞ്ഞ ബസിൽ ഓടിക്കയറി.പരുക്കേറ്റതും രോഗം ബാധിച്ചതുമായ തെരുവുനായ്ക്കളാണ് സ്റ്റാൻഡിലുള്ളത്. തെരുവുനായ്ക്കൾ തമ്മിലുള്ള കടിപിടി പതിവാണ്.ഭക്ഷ്യ അവശിഷ്ടം കഴിക്കാനാണ് നായകൾ കൂട്ടത്തോടെ ഇവിടെ തമ്പടിക്കുന്നത്.
പരുക്കേറ്റവർ
മുൻ നഗരസഭാധ്യക്ഷൻ പി.ജെ.വർഗീസിനു പുറമേ പത്തനാട് കണിയാംപാറ സാജൻ കെ.ജേക്കബ് (55), റിട്ട
ഫയർ ഓഫിസർ കാണക്കാരി വലയിഞ്ചിയിൽ ബി.വർഗീസ് (67), കുമാരനല്ലൂർ താഴത്ത്വൈകയിൽ ഷംനാസ് (40), തെള്ളകം മിഥിലയിൽ പി.പി.രാമചന്ദ്രൻനായർ, കായംകുളം എരുവ സ്വദേശി മിഥുൻ ബാബു (35) എന്നിവർക്കാണു കെഎസ്ആർടിസി പരിസരം മുതൽ ജനറൽ ആശുപത്രി വരെ ഭാഗങ്ങളിൽ ആക്രമണത്തിൽ പരുക്കേറ്റത്.
ജനറൽ ആശുപത്രിക്കു സമീപം ഓടിയെത്തിയ നായ ദേഹത്തു തട്ടിയതിനെ തുടർന്ന് പനച്ചിക്കാട് തെക്കേപ്പറമ്പിൽ സിബി ജോസും (47) കുത്തിവയ്പ് എടുത്തു. നായയുടെ സ്രവം ഇദ്ദേഹത്തിന്റെ വസ്ത്രങ്ങളിൽ പുരണ്ടതോടെ മുൻകരുതലായാണു കുത്തിവയ്പ് എടുത്തത്. കോടിമത ഭാഗത്ത് പരുക്കേറ്റവരുടെ വിവരം ലഭ്യമല്ല.
പിടികൂടിയത് എബിസി സെന്ററിലെ അമ്പിളിയും ബദറുന്നിസയും
കോട്ടയം∙ നഗരത്തെ വിറപ്പിച്ച നായയെ വലയിലാക്കിയതു നഗരസഭ എബിസി സെന്ററിലെ ഡോഗ് ഹാൻഡ്ലർ അമ്പിളി ജയനും നഴ്സിങ് അസിസ്റ്റന്റ് ബദറുന്നിസയും.
തെരുവുനായ ജനങ്ങളെ ആക്രമിക്കുന്നെന്ന വിവരം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് നഗരസഭയിൽ നിന്ന് എബിസി സെന്ററിലേക്കു ലഭിച്ചത്.
ഈ സമയം ഡോഗ് ക്യാച്ചർ ഇല്ലാതെ വന്നതോടെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ലിജോ ജോൺ, അമ്പിളി, ബദറുന്നിസ എന്നിവർ നായയെ തേടിയിറങ്ങി.കോടിമത കെഎസ്ഇബി സബ് സ്റ്റേഷന് എതിർവശം നായയുണ്ടെന്നറിഞ്ഞ് ഇവിടെയെത്തി. 2.2ഓടെ കുറ്റിക്കാട്ടിനോട് ചേർന്ന് നിന്ന നായയെ വലയെറിഞ്ഞ് പിടികൂടി.
വലയ്ക്കുള്ളിൽനിന്നു കുതറിച്ചാടാൻ തുടങ്ങിയ നായയെ വരുതിയിലാക്കി എബിസി സെന്ററിലെത്തിച്ചു. നഗരസഭയിലെ 2 ജീവനക്കാരും പിടികൂടിയ നായയെ നീക്കം ചെയ്യാൻ സഹായിക്കാനെത്തി.
മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക പരിശീലനം നേടിയവരാണ് ഇരുവരും. സെന്ററിലെത്തിക്കുന്ന നായയുടെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു ശേഷം 4 ദിവസത്തെ പരിചരണം നൽകുന്നത് ഇവരാണ്. 9 വർഷമായി എബിസി സെന്ററിലെ ജീവനക്കാരാണ് ഇരുവരും.
നഗരസഭ നടപടി എടുത്തേതീരൂ: പി.ജെ.വർഗീസ്
കോട്ടയം നഗരം മുഴുവനും നായ്ക്കളുടെ പിടിയിലാണെന്നും നഗരസഭ അടിയന്തര നടപടി സ്വീകരിച്ചാലേ ജനങ്ങൾക്കു വഴി നടക്കാനാകൂവെന്നും നായയുടെ കടിയേറ്റ മുൻ നഗരസഭാധ്യക്ഷനും സിപിഎം നേതാവുമായ പി.ജെ.വർഗീസ്.
നായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭയ്ക്കു കഴിയുന്നില്ല. ഇക്കാര്യത്തിൽ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും.
നടപടി ഉറപ്പ്: ബിൻസി സെബാസ്റ്റ്യൻ
നഗരസഭ മൃഗ സംരക്ഷണ വകുപ്പുമായി ചേർന്നു നടപടിയെടുക്കുന്നുണ്ടെന്നു കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ.
അക്രമാസക്തമായ തെരുവുനായ്ക്കളെ പാർപ്പിക്കാൻ എബിസി സെന്ററിൽ 2 കൂടുകളാണുള്ളത്. ശല്യത്തിനു പരിഹാരം കാണാൻ മൃഗസംരക്ഷണ വകുപ്പുമായി ചർച്ച നടത്തുന്നുണ്ട്.
പരുക്കേറ്റയാൾ പറയുന്നു
ചന്തക്കവലയിൽ ബസിറങ്ങി നടക്കുന്നതിനിടെ പിന്നാലെ എത്തിയ നായ കാലിൽ കടിച്ചു.
കാലിൽനിന്നു പിടിവിടാതെ വന്നതോടെ സഞ്ചി ഉപയോഗിച്ചു അടിച്ചു. എന്നിട്ടും പിടിവിട്ടില്ല.
പാന്റസ് അടക്കം നായ കടിച്ചുകീറി. നിലത്തേക്കു വീണു.
നാട്ടുകാരാണ് നായയെ അടിച്ചോടിച്ചത്. കാലിൽ രണ്ടിടത്തായി പല്ലിറങ്ങിയിട്ടുണ്ട്.
ബി.വർഗീസ്, റിട്ട.
ഫയർ ഓഫിസർ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]