കനത്ത കാറ്റിൽ വീട് തകർന്നു; രോഗക്കിടക്കയിൽ നിന്ന് ദുരിതക്കയത്തിലേക്ക്
പുതുപ്പള്ളി ∙ പക്ഷാഘാതം തളർത്തിയ ജീവിതത്തിൽനിന്നു കരകയറും മുൻപേ പ്രകൃതിയുടെ ക്രൂരതയിൽ അറുപതുകാരനു വീണ്ടും ദുരിതകാലം. തലപ്പാടി പൂട്ടുചിറ ഭാഗത്ത് വഞ്ചിത്തോട്ടിൽ വി.എസ്.ജയിംസിനാണ് ദുരവസ്ഥ. ഞായറാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ ജയിംസിന്റെ വീടിന്റെ മേൽക്കൂര തകർന്നു.
കഴിഞ്ഞ രാത്രിയെക്കുറിച്ചോർക്കുമ്പോൾ ജയിംസിന് ഭാര്യ ഗ്രേസിക്കും പേടിയൊഴിയുന്നില്ല. ഡ്രൈവറായിരുന്ന ജയിംസിന്റെ ജീവിതത്തിൽ 2018ലാണ് വിധി കരിനിഴൽ വീഴ്ത്തിയത്.
പിന്നീട് ഒരുമുറിയടങ്ങുന്ന ചെറിയ വീടിന്റെ ചുവരുകളിൽ ജീവിതം ഒതുങ്ങി. പക്ഷാഘാതം ചികിത്സയിലൂടെ അതിജീവിച്ചുവരുമ്പോഴാണ് ഏക ആശ്രയമായ വീട് ഭാഗികമായി തകർന്നത്.
അയൽക്കാരുടെ സഹായത്തോടെ വീടിനു മുകളിൽ താൽക്കാലികമായി പടുത വിരിച്ചിരിക്കുകയാണ് കുടുംബം.ജയിംസിന്റെ വീടിനോടു ചേർന്നുള്ള പൂട്ടുചിറ വീട്ടിൽ ഓമന ചാക്കോ, താന്നിക്കൽ പൗലോസ് തോമസ് എന്നിവരുടെ വീടിന്റെ മേൽക്കൂരയും തകർന്നു. ഷീറ്റ് പൊട്ടി ഓമനയുടെ മൂത്തമകൻ മനോജ് ചാക്കോയുടെ (45) തലയ്ക്ക് പരുക്കേറ്റിരുന്നു.
ഇവരുടെ വീട്ടിൽ മൂന്നുമാസം പ്രായമുള്ള കൈക്കുഞ്ഞടക്കം പത്ത് പേരാണ് താമസിച്ചിരുന്നത്. ഇവരെ അടുത്തുള്ള മറ്റുവീടുകളിലേക്ക് താൽക്കാലികമായി മാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]