കല്ലറ ∙ അപ്പർകുട്ടനാടൻ മേഖലയിലെ തോടുകൾ പലതും പോളയും പുൽക്കെട്ടും നിറഞ്ഞ് നീരൊഴുക്കു നിലച്ചു. ലോണെടുത്തു വാങ്ങിയ ശിക്കാരവള്ളത്തിന് സഞ്ചരിക്കാൻ കഴിയാതായതോടെ വള്ളത്തിന്റെ ഉടമകളായ യുവാക്കൾ ചേർന്ന് പുൽക്കെട്ടും പോളയും നീക്കം ചെയ്ത് നീരൊഴുക്കു സുഗമമാക്കാൻ ശ്രമം തുടങ്ങി. ശിക്കാര വള്ളത്തിന്റെ ഉടമകളായ സുരേഷ് കുമാർ പുത്തൻ പുരയിൽ, ജെ.കെ.
ഗിരീഷ് എന്നിവർ ചേർന്ന് കല്ലറ പഞ്ചായത്തിലെ ചുഴലിക്കുഴി മുതൽ –പാലച്ചുവട് വരെ മൂന്നര കിലോമീറ്റർ ഭാഗത്താണ് ഇപ്പോൾ പുൽക്കെട്ടും പോളയും നീക്കുന്നത്.
കല്ലറ – മാഞ്ഞൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പാണ്ഡവൻ കരി മുതൽ മുടക്കാലി – മണിയൻ തുരുത്ത് – പെണ്ണാർ തോട് ഇവിടെങ്ങളിലെല്ലാം പുല്ലും പോളയും തിങ്ങി നിൽക്കുകയാണ്. ഒരു വർഷം മുൻപാണ് കുടുംബം പുലർത്താനായി കല്ലറ ഗ്രാമത്തിലെ ടൂറിസം സാധ്യത മനസ്സിലാക്കി പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയിലൂടെ 14.50 ലക്ഷം രൂപ ലോണെടുത്ത് 10 പേർക്ക് സഞ്ചരിക്കാവുന്ന ശിക്കാര വള്ളം ഇവർ വാങ്ങിയത് .അപ്പർ കുട്ടനാടൻ പാടശേഖരങ്ങളുടെ സൗന്ദര്യം ആസ്വദിച്ച് വേമ്പനാട്ട് കായൽ വരെയായിരുന്നു ശിക്കാര വള്ളത്തിന്റെ ജലയാത്ര. എന്നാൽ തോട്ടിൽ പുൽക്കെട്ടുകളും പോളയും പായലും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട് തോട് മലിനമായതോടെ സർവീസ് നടത്താൻ കഴിയാതായി.
സഞ്ചാരികളും പിൻവലിഞ്ഞു.
മാസങ്ങളായി ലോൺ തിരിച്ചടവ് പൂർണമായും മുടങ്ങി. ഇതോടെ തോട്ടിലിറങ്ങി പുല്ലും പോളയും വെട്ടിനീക്കി കരയ്ക്കു കയറ്റുകയായിരുന്നു ഇവർ. ഇഴജന്തുക്കൾ നിറഞ്ഞ തോട്ടിൽ സാഹസികമായാണ് വൃത്തിയാക്കൽ നടത്തുന്നത്. വർഷങ്ങളായി വൃത്തിയാക്കാത്ത തോട്ടിൽ പലയിടത്തും മുട്ടറ്റം മാത്രമേ വെള്ളമുള്ളു.
പുൽക്കെട്ടുമൂലം താഴേക്ക് നീരൊഴുക്കില്ല. കായലിൽ നിന്നുമാണ് പോളയും പുല്ലും ഒഴുകിയെത്തിയതെന്ന് ഇവർ പറയുന്നു. അധികൃതർ ഇടപെട്ട് തോടുകളിലെ പോളയും പുല്ലും നീക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

