എരുമേലി∙ 10 വർഷം മുൻപ് ആരംഭിച്ച എരുമേലി കുടിവെള്ള പദ്ധതി പാതിവഴിയിൽ, നൂറു കണക്കിനു കുടുംബങ്ങൾ പ്രതിസന്ധിയിൽ. എരുമേലി കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടമായിട്ടാണ് മണിപ്പുഴ, പ്രപ്പോസ്, മുക്കൂട്ടുതറ, ഇരുമ്പൂന്നിക്കര, തുമരംപാറ, എലിവാലിക്കര, മുട്ടപ്പള്ളി, ഉമ്മിക്കുപ്പ, കണമല, മൂക്കൻപെട്ടി, പമ്പാവാലി, എയ്ഞ്ചൽവാലി, വാർഡുകളിൽ ഇതുവരെ ജലവിതരണം ആരംഭിച്ചിട്ടില്ല. വീടുകളിലേക്ക് പൈപ്പ് ലൈനും വാട്ടർ മീറ്ററും ടാപ്പും സ്ഥാപിച്ചിട്ട് വർഷങ്ങളായി.
പാണപിലാവ്, പള്ളിക്കുന്ന്, കീരിത്തോട്, എരുത്വപ്പുഴ എന്നിവിടങ്ങളിൽ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. വരൾച്ച രൂക്ഷമായതോടെ ഈ മേഖലയിലെ ജനങ്ങൾ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. സ്വകാര്യ കുടിവെള്ള വിതരണക്കാരെയാണ് ഈ മേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്നത്.
ദേശീയപാത ആയതിനാലും ഗാരന്റി ഉള്ളതിനാലും റോഡിനു കുറുകെ പൊളിച്ച് പൈപ്പ് സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകുന്നില്ലെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. കോടിക്കണക്കിനു രൂപ ചെലവഴിച്ചാണു ജലവിതരണ പൈപ്പ് ലൈനുകളും ടാങ്കും സ്ഥാപിച്ചത്.
റോഡ് ഭാഗത്ത് പൈപ്പ് സ്ഥാപിക്കാതെ പദ്ധതി മുന്നോട്ടു പോകാൻ കഴിയുന്നില്ല. അതിനാൽ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ട് പ്രതിസന്ധി തീർക്കണമെന്നാണ് ആവശ്യം.എരുമേലി കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശ് പുളിക്കൻ ആവശ്യപ്പെട്ടു.
ശുദ്ധജല പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും ഈ പ്രശ്നം ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

