കോട്ടയം∙ ശുചിമുറിക്കെട്ടിടം തകർന്നുവീണ് അപകടമുണ്ടായ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പഴയ സർജിക്കൽ ബ്ലോക്കിന് മൂന്നിലൊന്നു പോലും കരുത്തില്ലെന്ന് റിപ്പോർട്ട്. അപകടത്തിനു പിന്നാലെ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ തയാറാക്കിയ റിപ്പോർട്ടിലാണ് പരാമർശം.
കെട്ടിടത്തെ താങ്ങിനിർത്തുന്ന തൂണുകൾ, ബീമുകൾ, ഓരോ നിലകളിലെയും ഫ്ലോർ എന്നിവയ്ക്ക് അപകടകരമാം വിധം കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന കോട്ടയം ആർഐടി, ഊരാളുങ്കൽ സൊസൈറ്റി കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട്.
ഒരു കോൺക്രീറ്റ് നിർമിതിക്ക് താങ്ങാനാകുന്ന മർദത്തിന്റെ അളവ് (എംപിഎ) ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ കരുത്ത് പൊതുവേ നിർണയിക്കുന്നത്. ബഹുനില കെട്ടിടത്തിന്റെ തൂണുകൾക്ക് 25 മുതൽ 60 വരെയാണ് എംപിഎ വേണ്ടത്.
എന്നാൽ പഴയ സർജിക്കൽ ബ്ലോക്കിനുള്ളത് 9.5– 40.1 മാത്രം. ബീമുകൾക്കു വേണ്ടത് 30 മുതൽ 45 എംപിഎ ആണ്.
പരിശോധനയിൽ കണ്ടെത്താനായത് 15 മുതൽ 27.4 വരെ മാത്രം. 4 നിലകളിലായി വ്യാപിച്ചു കിടക്കുന്ന ബ്ലോക്കിന്റെ ഫ്ലോറുകളിൽ 25 മുതൽ 40 വരെ എംപിഎ ആവശ്യമുള്ളിടത്ത് ആകെയുള്ളത് 3.7 മാത്രം.
2018ൽ ആർഐടി സംഘം സ്ലാബുകളിലും ബീമുകളിലും ഉപയോഗിച്ചിരിക്കുന്ന കമ്പികൾ തുരുമ്പെടുത്ത് നശിച്ചെന്നും കെട്ടിടത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണെന്നും കണ്ടെത്തിയിരുന്നു.
എന്നാൽ കൂടുതൽ കേടുപാടുകൾ സംഭവിച്ച ഭാഗം പൊളിച്ചുനീക്കി ശേഷിച്ചവ നിലനിർത്താനാണ് പൊതുമരാമത്ത് വകുപ്പിന്റെ ഗവേഷണ വിഭാഗമായ കെഎച്ച്ആർഐ നിർദേശിച്ചത്. എന്നാൽ കഴിഞ്ഞ വർഷം പരിശോധന നടത്തിയ ഊരാളുങ്കലും ആർഐടി കണ്ടെത്തലുകളെയാണ് ശരിവച്ചത്.
കെട്ടിടം പൊളിച്ചുമാറ്റുന്നതു സംബന്ധിച്ച പരിശോധനകൾ നടത്തുന്നതിനായി കെട്ടിടത്തിന്റെ പ്ലാൻ പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടെങ്കിലും മെഡിക്കൽ കോളജിന്റെ പക്കൽ ഉണ്ടായിരുന്നില്ല. തുടർന്ന് അളവുകൾ വിശദമായി എടുക്കേണ്ടി വന്നെന്നും അതിന്റെ സൂക്ഷ്മ പരിശോധന നടക്കുമ്പോഴാണ് കെട്ടിടം തകർന്നുവീണതെന്നും റിപ്പോർട്ടിൽ പറയുന്നു. ശുചിമുറിക്കെട്ടിടം തകർന്നുവീണ് ജൂലൈ 3ന് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ പഴയ സർജിക്കൽ ബ്ലോക്ക് അടച്ചിട്ടിരിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

