എരുമേലി ∙ മകരവിളക്ക് ദിനമായ ഇന്നലെയും എരുമേലി നഗരത്തിൽ തീർഥാടക വാഹനങ്ങൾ പൊലീസ് തടഞ്ഞു. നിലയ്ക്കലിലെ പാർക്കിങ് സ്ഥലത്ത് വാഹനങ്ങൾ നിറഞ്ഞതോടെയാണു എരുമേലിയിൽ വാഹനങ്ങൾ തടഞ്ഞത്.
നഗരത്തിലെയും പരിസരങ്ങളിലെയും പാർക്കിങ് മൈതാനങ്ങളിലാണ് തീർഥാടന വാഹനങ്ങൾ തടഞ്ഞിട്ടത്. വാഹനങ്ങളിൽ എത്തിയ തീർഥാടകർ എരുമേലിയിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസിൽ പോയി.
മിക്ക തീർഥാടക വാഹനങ്ങളിലും ഡ്രൈവർമാർ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ കഴിഞ്ഞ ദിവസത്തെ പോലുള്ള പ്രതിഷേധങ്ങൾ ഇന്നലെ ഉണ്ടായില്ല.
പൊലീസ് ഇടപെട്ട് നാട്ടുകാരുടെ വാഹനങ്ങൾ കടത്തിവിട്ടു. എല്ലാ പാർക്കിങ് മൈതാനങ്ങളിലും തീർഥാടന വാഹനങ്ങൾ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു.
പാർക്കിങ് മൈതാനങ്ങൾ നിറഞ്ഞതോടെ പിന്നീട് വന്ന വാഹനങ്ങൾ നഗരത്തിലും പരിസരത്തും റോഡിലാണ് നിർത്തിയിട്ടത്. അരമണിക്കൂർ കൂടുമ്പോൾ പൊലീസിന് ലഭിക്കുന്ന നിർദേശപ്രകാരം റോഡിൽ തടസ്സമായി കിടക്കുന്ന വാഹനങ്ങൾ മാത്രം കടത്തിവിട്ടു.
തീർഥാടക വാഹനങ്ങൾ റോഡിൽ തടഞ്ഞതുമൂലം പല സ്ഥലത്തും ഗതാഗതക്കുരുക്കിനു കാരണമായി. വൈകിട്ട് അഞ്ചുമണിയോടെ പാർക്കിങ് മൈതാനങ്ങളിലെ വാഹനങ്ങളും പമ്പയ്ക്ക് പോകാൻ പൊലീസ് അനുമതി നൽകി.
കഴിഞ്ഞ ദിവസങ്ങളിലെ ഗതാഗത പ്രതിസന്ധികളെ തുടർന്ന് ഇന്നലെ എരുമേലി പഞ്ചായത്തിലെ സ്കൂളുകൾക്കു കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.
പിടിച്ചിട്ടത് 1200 വാഹനങ്ങൾ
തീർഥാടകത്തിരക്ക് വർധിച്ചതോടെ എരുമേലിയിലെ പാർക്കിങ് മൈതാനങ്ങളിൽ ഇന്നലെ പൊലീസ് പിടിച്ചിട്ടത് 1200 വാഹനങ്ങൾ. നഗരത്തിലെ ചെറുതും വലുതുമായ 16ൽ പരം മൈതാനങ്ങളിലാണ് ഇത്രയും വാഹനങ്ങൾ പിടിച്ചിട്ടത്. കർണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളാണ് ഭൂരിഭാഗവും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങളിൽ വന്ന തീർഥാടകർ വാഹനങ്ങൾ എരുമേലിയിൽ തടഞ്ഞതോടെ മകരവിളക്ക് കാണാൻ പോകുന്ന ഭക്തർ കെഎസ്ആർടിസി ബസുകളിൽ പമ്പയിലേക്ക് പുറപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

