
ലഭ്യത തീരെ കുറഞ്ഞു, കുമരകം തിരയുന്നു; കരിമീൻ എവിടെ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമരകം ∙ സംസ്ഥാന മത്സ്യമായ കരിമീനേ നീ എവിടെ? മത്സ്യത്തൊഴിലാളികൾ അന്വേഷിക്കുന്നു. വേമ്പനാട്ട് കായലിൽ നിന്നു കരിമീൻ ലഭ്യത തീരെ കുറഞ്ഞതു വെള്ളവലി തൊഴിലാളികളെ ആശങ്കയിലാക്കുന്നു. മറ്റു മത്സ്യങ്ങൾ കിട്ടാതെ വരുമ്പോഴും മത്സ്യത്തൊഴിലാളികളെ തൊഴിലിൽ പിടിച്ചു നിർത്തിയിരുന്നത് കരിമീൻ ആണ്. അതു കൂടി ഇല്ലാതാകുന്ന സ്ഥിതിയുണ്ടായാൽ മീൻപിടിത്തത്തിന് ഇനി പോകേണ്ടി വരില്ലെന്ന് തൊഴിലാളികൾ. കരിമീനിന്റെ ലഭ്യത കുറഞ്ഞതോടെ വിലയും കൂടി. കുമരകത്ത് എത്തുന്ന വിദേശികൾ അടക്കമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിഭവമാണു കരിമീൻ.
വെള്ളവലി
വെള്ളവലി (കരിമീൻ മാത്രം പിടിക്കുന്നവർ), വലക്കാർ (വലയിട്ടു മീൻ പിടിത്തം) എന്നീ വിഭാഗത്തിലുള്ള മത്സ്യത്തൊഴിലാളികളാണ് പ്രധാനമായും കരിമീൻ പിടിത്തത്തിനു കായലിൽ പോകുന്നത്. കായലിന്റെ അടിത്തട്ടിൽ മുങ്ങിച്ചെന്നു കരിമീനിനെ പിടിക്കുന്ന രീതിയാണു വെള്ളവലി. കരിമീൻ ചെളിയിലേക്ക് തല താഴ്ത്തി നിൽക്കുന്നതു കണ്ടാകും പലപ്പോഴും ഇവയെ തൊഴിലാളി പിടിക്കുക. കായലിലെ വെള്ളം കലങ്ങിയതു വെള്ളവലിക്കാർക്ക് കരിമീൻ കിട്ടാത്തതിനു കാരണമെന്നു പറയുമ്പോഴും മലിനീകരണവും മറ്റും മൂലം ഇവയുടെ പ്രജനനം നടക്കാതെ വരുന്നതും പ്രശ്നമാകുന്നു.
പ്രതീക്ഷ നശിച്ചു
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നു കഴിഞ്ഞു കരിമീൻ ഉൾപ്പെടെ ഉള്ള മത്സ്യങ്ങൾ ധാരാളം ലഭിക്കുകയാണ് പതിവ്. എന്നാൽ ഈ വർഷം ഷട്ടറുകൾ തുറന്നിട്ടു കാര്യമായി മത്സ്യം കിട്ടിയിട്ടില്ല. ഷട്ടറുകൾ തുറക്കുന്ന സമയത്ത് ഒഴുക്കിൽ വെള്ളം കലങ്ങി വരാറുണ്ടെങ്കിലും പിന്നീട് അതു മാറി തെളിയും. മൂന്നാഴ്ച പിന്നിട്ടിട്ടും വെള്ളത്തിലെ കലക്കൽ മാറ്റമില്ലാതെ തുടരുന്നു. ഷട്ടറുകൾ തുറന്ന് ഏതാനും ദിവസം കഴിയുമ്പോൾ കായലിലെ കലക്കൽ മാറി വെള്ളം തെളിഞ്ഞൊഴുകുമ്പോൾ കരിമീൻ ലഭ്യത കൂടുമെന്ന പ്രതീക്ഷയിലായിരുന്നു വെള്ളവലിക്കാർ.
കൂടിയാൽ 2 കിലോ
5–6 പേരടങ്ങുന്ന വെള്ളവലി സംഘത്തിന് ഇപ്പോൾ കിട്ടുന്നത് ഒന്നര കിലോ അല്ലെങ്കിൽ 2 കിലോ കരിമീൻ. മത്സ്യബന്ധനത്തിനു പോകുന്നതിനുള്ള ചെലവിനുള്ള പണം പോലും ലഭിക്കാത്ത അവസ്ഥ. നേരത്തെ 15–20 കിലോ വരെ കിട്ടിയിരുന്ന സ്ഥാനത്താണിത്. കായലിൽ വലയിട്ടു മത്സ്യബന്ധനം നടത്തുന്നവർക്കും കരിമീനിന്റെ ലഭ്യത കുറവാണ്. വലക്കാർ രാത്രി മത്സ്യബന്ധനത്തിനു പോകുമ്പോൾ വെള്ളവലിക്കാർ പകലാണ് പോകുന്നത്.
മുട്ടയ്ക്ക് കാവലിരിക്കുന്ന കരിമീൻ
കരിമീൻ ഒരു പ്രായമായാൽ ഇണയുമായി ചേർന്നു കൂട്ടുകൂടി നടക്കും. തെളിനീർ പ്രദേശങ്ങൾ പ്രജനനത്തിനു തിരഞ്ഞെടുക്കുന്നു. പെൺ മത്സ്യം മുട്ട തെളിനീർ പ്രദേശത്തുള്ള ഏതെങ്കിലും വസ്തുവിൽ മുട്ട നിക്ഷേപിക്കുന്നു.15 ദിവസം ആൺ മത്സ്യവും പെൺ മത്സ്യവും മുട്ടയ്ക്ക് കാവലിരിക്കുന്നു. മുട്ട വിരിഞ്ഞു കഴിയുമ്പോൾ ഒരു കരിമീൻ കുഞ്ഞുങ്ങൾക്ക് കാവലാകും. മറ്റേ കരിമീൻ തീറ്റ തേടി പോകുന്നു. വലയിൽ വീണ ഇണയെ നഷ്ടപ്പെടുന്ന കരിമീൻ വേറൊരു ഇണയെ സ്വീകരിക്കുന്നില്ലെന്നാണ് നിരീക്ഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.