കോട്ടയം∙ പൊളിച്ചുനീക്കാനുള്ള ശുചിമുറി കെട്ടിടങ്ങൾക്ക് അധികൃതർ പൊന്നുംവില ഇട്ടതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള ടെൻഡറിൽ പങ്കെടുക്കാതെ കരാറുകാർ. മാസങ്ങൾക്ക് മുൻപ് അപകടമുണ്ടായ കെട്ടിടത്തിന് അരികിലുള്ള ശുചിമുറി കെട്ടിടങ്ങൾ പൊളിച്ചുനീക്കാനായിരുന്നു അധികൃതർ കരാറുകാരെ തേടിയത്.
എന്നാൽ വാല്യുവേഷൻ തുകയായ 2 ലക്ഷം രൂപ അധികമാണെന്ന് ചൂണ്ടിക്കാട്ടി 2 ടെൻഡറുകളിലും കരാറുകാർ ആരും പങ്കെടുത്തില്ല.2,6,9 വാർഡുകളോടു ചേർന്നു നിൽക്കുന്ന ശുചിമുറി കെട്ടിടമാണ് പൊളിക്കേണ്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആദ്യകാല കെട്ടിടങ്ങളിൽ ഒന്നിലാണ് ഈ വാർഡുകളുള്ളത്.
ഇടിഞ്ഞുവീണ് അപകടമുണ്ടായ ശുചിമുറി കെട്ടിടത്തിന് തൊട്ടരുകിലായുള്ള ഈ ശുചിമുറി കെട്ടിടത്തിനും ‘C’ ആകൃതിയാണ്.
ഇടിഞ്ഞുവീണ കെട്ടിടത്തിന് സമാനമായ തകരാറുകളും ബലക്ഷയവുമാണ് ഇതിലും കണ്ടെത്തിയിട്ടുള്ളത്.പിഡബ്ല്യുഡി കെട്ടിട വിഭാഗമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
പൊളിക്കുന്നതിനു ചെലവ് കൂടുമെന്നും വില ലഭിക്കുന്ന സാധനങ്ങൾ ഈ കെട്ടിടത്തിൽ നിന്ന് കിട്ടാനില്ലെന്നും കോൺട്രാക്ടർമാർ പറഞ്ഞു. യാഥാർഥ്യ ബോധത്തോടെ വില തീരുമാനിച്ചാൽ ടെൻഡർ നടപടികളിൽ പങ്കെടുക്കുമെന്നാണ് കോൺട്രാക്ടർമാരുടെ നിലപാട്.
പൊളിച്ചു നീക്കുമ്പോൾ കിട്ടുന്ന അവശിഷ്ടങ്ങളും കമ്പികളും മറ്റ് സാധനങ്ങളിൽ നിന്നുമാണ് കരാറുകാർക്ക് പണം ലഭിക്കുന്നത്. ടെൻഡറുകളിൽ ആരും പങ്കെടുക്കാത്തതിനാൽ പൊതുമരാമത്ത് വകുപ്പ് തുക കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കൽ കോളജ് അധികൃതർ .
എന്നിട്ടും കരാറുകാർ എത്തുന്നില്ലെങ്കിൽ പൊളിച്ചുനീക്കുന്നതിന് പ്രത്യേക തുക അനുവദിക്കേണ്ടി വരും.
അപകടഭീതി; ഒഴിയാതെ ദുരിതം
‘രാവിലെ ശുചിമുറിയിൽ പോകണമെങ്കിൽ പുലർച്ചെ 3 ന് അലാം വച്ച് എഴുന്നേൽക്കണം’– രണ്ടാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ വാക്കുകളിലുണ്ട് 2,6,9 വാർഡുകളിലെ ദുരിതം. അപകടാവസ്ഥ കാരണം ശുചിമുറി പൂട്ടിയതോടെ രോഗികളും കൂട്ടിരിപ്പുകാരും സമീപ വാർഡുകളെയാണ് ആശ്രയിക്കുന്നത്.
ബെഡ് എണ്ണത്തിന് അനുസരിച്ചാണ് വാർഡുകളിൽ ശുചിമുറി ഉണ്ടാക്കിയിരിക്കുന്നത്.
അതിൽത്തന്നെ ഇരട്ടിയോളം രോഗികളും കൂട്ടിരിപ്പുകാരുമുണ്ട്. ഇതിന് പുറമെയാണ് മറ്റ് വാർഡുകളിൽ നിന്ന് രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിക്കാനായി എത്തുന്നത്.
ആരോഗ്യസ്ഥിതി മോശമായ രോഗികളെയുമായി മറ്റ് വാർഡുകളിലെ ശുചിമുറികളിൽ പോയി തിരിച്ചെത്തുന്നതും വലിയ ദുരിതമാണ്. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കി പുതിയ ശുചിമുറി കെട്ടിടം നിർമിക്കണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]