കോട്ടയം ജില്ലയിൽ സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള ലഹരി മാഫിയയുടെ പ്രവർത്തനം സജീവമാകുന്നതായി കണ്ടെത്തൽ. കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായികൾ ഉപയോഗിച്ചുവന്ന 9 വിദ്യാർഥികളെ എക്സൈസ് സംഘം പിടികൂടുകയും തുടർന്ന് ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
നീണ്ട 3 മാസം നീണ്ടുനിന്ന രഹസ്യ അന്വേഷണത്തിനൊടുവിലാണ് 14, 15, 16 വയസ്സുള്ള കുട്ടികൾ വിവിധ കേസുകളിലായി പിടിയിലായത്.
സംഭവത്തിന്റെ തുടക്കം മൂന്ന് മാസം മുൻപാണ്. ഉത്തർപ്രദേശ് സ്വദേശിയായ ഋഷികേശ് സിങ് എന്നയാളിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ 194 ഗ്രാം വരുന്ന മിഠായികൾ എക്സൈസ് വിഭാഗത്തിന് ലഭിക്കുകയുണ്ടായി.
തുടർന്ന് ഈ മിഠായികൾ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസിന്റെ ഫൊറൻസിക് ലാബിലേക്ക് അയച്ചു. ഫലം പുറത്തുവന്നപ്പോഴാണ് കഞ്ചാവിന്റെ സാന്നിധ്യം ഈ മിഠായികളിൽ അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.
ഇതേതുടർന്ന് ഋഷികേശിനെതിരെ അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭിച്ചില്ല. തുടർന്ന് നടത്തിയ സാങ്കേതിക അന്വേഷണത്തിൽ ഇയാളുടെ ഫോൺ കോളുകൾ എക്സൈസ് പരിശോധിക്കുകയുണ്ടായി.
ഇതിൽ ഭൂരിഭാഗം ഫോൺ കോളുകളും വിളിച്ചിരുന്നത് വിദ്യാർഥികളാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർഥികൾ മിഠായികളുമായി പിടിയിലാകുന്നത്.
നിലവിൽ ഇവർ എക്സൈസ് വിമുക്തി സെല്ലിന്റെ കർശന നിരീക്ഷണത്തിലും ചികിത്സയിലുമാണ്. ഏകദേശം 40 എണ്ണം അടങ്ങിയ ഒരു മിഠായി പായ്ക്കറ്റിന് 200 രൂപയാണ് വില ഈടാക്കുന്നത് എന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തിലുള്ള മിഠായികളുടെ തുടർച്ചയായ ഉപയോഗം കുട്ടികളുടെ നാഡീവ്യൂഹത്തെ സാരമായി തളർത്തുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും എക്സൈസ് മുന്നറിയിപ്പ് നൽകുന്നു. പിടിച്ചെടുത്ത മിഠായികളുടെ ആകെ ഭാരം പരിശോധിച്ചപ്പോൾ 974 ഗ്രാം കഞ്ചാവ് മിഠായികളാണ് ഇതുവരെ ജില്ലയിലെ വിദ്യാർഥികളിൽ നിന്ന് എക്സൈസ് കണ്ടെത്തിയിട്ടുള്ളത്.
ഒരു മിഠായിക്ക് 5 ഗ്രാം ആണ് ഭാരം വരുന്നത്. കയ്പും മധുരവും കലർന്ന രുചിയാണ് ഇവയ്ക്കുള്ളത്.
കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ മിഠായി എത്തുന്ന പ്രധാന ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. പിടിയിലായ 15 വയസ്സുകാരൻ എക്സൈസിനോട് പറഞ്ഞത് ഈ മിഠായി കഴിച്ചാൽ നിർത്താതെ ചിരിക്കാൻ സാധിക്കുമെന്നാണ്.
എന്നാൽ സ്ഥിരമായി ഇത് ഉപയോഗിച്ച മറ്റ് കുട്ടികളിൽ കടുത്ത ഡിപ്രഷൻ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ലഹരി മിഠായികളുടെ ഉപയോഗം കാരണം അടുത്തിടെ കോട്ടയത്തുനിന്നു പുറപ്പെട്ട
ഒരു കോളജ് വിനോദയാത്ര പോലും ഇടയ്ക്ക് വെച്ച് റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. യാത്രയ്ക്കിടെ സംഘത്തിലെ ഒരു വിദ്യാർഥി കുഴഞ്ഞുവീഴുകയുണ്ടായി.
തുടർന്ന് കോളജ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ കഞ്ചാവ് മിഠായികൾ കഴിച്ചിട്ടുണ്ടെന്ന വിവരം പുറത്തറിയുന്നത്. ഉടൻതന്നെ വിവരം എക്സൈസിനെ അറിയിക്കുകയും കഞ്ചാവ് അടങ്ങിയ മിഠായികൾ പിടിച്ചെടുക്കുകയും ചെയ്തു.
തുടർന്ന് കോളജ് അധികൃതർ വിനോദയാത്ര റദ്ദാക്കി കുട്ടികളുമായി തിരികെ എത്തുകയായിരുന്നു. അതിഥിത്തൊഴിലാളിയാണ് തങ്ങൾക്ക് ഈ മിഠായി നൽകിയതെന്നാണ് വിദ്യാർഥികൾ എക്സൈസിന് നൽകിയ മൊഴി.
“കുട്ടികളിൽ സ്വഭാവവ്യതിയാനം കണ്ടാൽ അറിയിക്കണം. കുളിക്കാതിരിക്കുക, അഴുക്കുപുരണ്ട
വസ്ത്രം ധരിക്കുക, പഠനത്തിൽ പിന്നാക്കം പോകുക, മാതാപിതാക്കളിൽനിന്ന് അകലുക; ഈ ലക്ഷണങ്ങൾ കാണിച്ചാൽ ശ്രദ്ധ വേണം. മാതാപിതാക്കളോ സ്കൂളുകളോ വിവരങ്ങൾ നൽകിയാൽ രഹസ്യമായി സൂക്ഷിക്കും.
ലഹരി ഉപയോഗിക്കുന്നുവെന്ന് തെളിഞ്ഞാൽ കുട്ടികൾക്ക് കൗൺസലിങും ചികിത്സയും സൗജന്യമായി നൽകും,” എന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്.അശോക്കുമാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

