കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ 70.94 ശതമാനം വോട്ടെടുപ്പ് നടന്നെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്ക്. അന്തിമ കണക്ക് വരുമ്പോൾ ഇതിൽ മാറ്റം വരാം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിൽ ചെറിയ കുറവുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാര്യമായ വർധനയുണ്ടായി. 13ന് ഫലമറിയാം.
വോട്ടിങ് ശതമാനം എന്തു സൂചിപ്പിക്കുന്നു? മുന്നണികൾ പറയുന്നു…
2010 ആവർത്തിക്കും: ഫിൽസൺ മാത്യൂസ്; യുഡിഎഫ് ജില്ലാ കൺവീനർ
∙ വോട്ടിങ് പാറ്റേൺ: 2020ന്റെ വോട്ടിങ് പാറ്റേണുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ വോട്ടിൽ കാര്യമായ കുറവു വന്നിട്ടില്ല.
2020ൽ കോവിഡ് കാലമായതിനാൽ കൂടുതൽപ്പേർ നാട്ടിലുണ്ടായിരുന്നു. ഈ വർഷം അതല്ല സ്ഥിതി.
ഒരു വാർഡിലെ വോട്ടർ പട്ടികയിൽ ശരാശരി 120 പേർ വരെ സ്ഥലത്തില്ലാത്തതോ മരിച്ചതോ ആയി വരാം. യുഡിഎഫ് പ്രതീക്ഷിച്ച വോട്ടുകൾ പോൾ ചെയ്തിട്ടുണ്ട്.
∙ പ്രതീക്ഷ: 2010 ലെ ഫലം ആവർത്തിക്കും.
അന്ന് 22ൽ 19 സീറ്റുമായി ജില്ലാ പഞ്ചായത്ത് നേടി. 71ൽ 56 പഞ്ചായത്തുകളും 11ൽ 10 ബ്ലോക്കുകളും യുഡിഎഫിനായിരുന്നു.
ഇത്തവണയും യുഡിഎഫ് മുന്നേറും. ഗ്രാമപ്പഞ്ചായത്തുകളിൽ പകുതിയിൽ കൂടുതൽ ലഭിക്കും.
പാലാ ഒഴികെയുള്ള നഗരസഭകൾ ലഭിക്കും. മുഴുവൻ ബ്ലോക്കുകളും സ്വന്തമാക്കും.
23 അംഗ ജില്ലാ പഞ്ചായത്തിൽ 16–17 സീറ്റുമായി ഭരണത്തിൽ എത്തും. ∙ പ്ലസ്: ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് യുഡിഎഫ് ജില്ലയിൽ നടത്തിയത്.
എൽഡിഎഫ് പല വിഷയങ്ങളിലും പ്രതിക്കൂട്ടിലായിരുന്നു.
തിളക്കം തുടരും: ലോപ്പസ് മാത്യു; എൽഡിഎഫ് ജില്ലാ കൺവീനർ
∙ വോട്ടിങ് പാറ്റേൺ: വോട്ടിങ് ശതമാനത്തിൽ ആശങ്കയില്ല. പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചു.
വാർഡുകളിൽ ആകെയുള്ള വോട്ടർമാരിൽ ശരാശരി ഇരുനൂറോളം വോട്ടർമാരുടെ കുറവ് ഉണ്ടാകാം. മരിച്ചവരും സ്ഥലത്തില്ലാത്തവരും വോട്ടർ പട്ടികയിൽ ഇപ്പോഴുമുണ്ട്.
∙ പ്രതീക്ഷ: കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തിളക്കം എൽഡിഎഫ് കോട്ടയത്ത് തുടരും. ഇത് എൽഡിഎഫിന്റെ സാധ്യതകൾ വർധിപ്പിച്ചു.
23ൽ 18 സീറ്റുമായി ജില്ലാ പഞ്ചായത്തിൽ ഭരണത്തിൽ എത്തും. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ലഭിക്കും.
47–50 ഗ്രാമപ്പഞ്ചായത്തുകളിൽ ഭരണം ലഭിക്കും. കോട്ടയം, പാലാ, ഏറ്റുമാനൂർ നഗരസഭകൾ ഭരിക്കും.
മറ്റു നഗരസഭകളിലും മികച്ച മുന്നേറ്റം. ഇവിടെയും ഭരണത്തിലെത്താം.
∙ പ്ലസ്: വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ അടക്കം സഞ്ചരിച്ചപ്പോൾ എൽഡിഎഫ് ഭരണത്തിൽ ജനങ്ങൾക്കു പ്രത്യേക പരാതിയില്ല എന്നു മനസ്സിലാക്കി. ഭരണ വിരുദ്ധ വികാരമില്ല.
എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പ്ലസ് ആണ്.
മികച്ച സാധ്യതയെന്ന് എൻഡിഎ: ലിജിൻ ലാൽ; എൻഡിഎ കോട്ടയം വെസ്റ്റ് ജില്ലാ ചെയർമാൻ
∙ വോട്ടിങ് പാറ്റേൺ: ബിജെപി– എൻഡിഎ വോട്ടുകൾ എല്ലാം പോൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ∙ പ്രതീക്ഷ: പല പഞ്ചായത്തുകളിലും നിർണായക ശക്തിയായി മാറും.
16 പഞ്ചായത്തുകളിൽ എങ്കിലും ഭരണത്തിൽ എത്തും. ബ്ലോക്ക് പഞ്ചായത്തുകളിൽ കൂടുതൽ അംഗങ്ങളുണ്ടാകും.
ഈരാറ്റുപേട്ട ബ്ലോക്കിൽ ഭരണ പ്രതീക്ഷയുണ്ട്.
കോട്ടയം, വൈക്കം, ഏറ്റുമാനൂർ, ചങ്ങനാശേരി നഗരസഭകളിൽ കൂടുതൽ സീറ്റ് പ്രതീക്ഷിക്കുന്നു. 7–8 ജില്ലാ പഞ്ചായത്ത് സീറ്റ് ലഭിക്കും.
∙ പ്ലസ്: മികച്ച മുന്നൊരുക്കം നടത്തിയാണ് എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
കള്ളവോട്ട് ആരോപണത്തിൽ മുണ്ടക്കയം, തിരുവാർപ്പ്, പൂഞ്ഞാർ തെക്കേക്കര
കോട്ടയം ∙ മുണ്ടക്കയം, തിരുവാർപ്പ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ കള്ളവോട്ട് നടന്നതായി ആരോപണം. വോട്ടർപട്ടികയിൽ പേരില്ലാത്തവർ ഈരാറ്റുപേട്ട
നഗരസഭയിൽ സ്ലിപ്പുമായി വോട്ട് ചെയ്യാനെത്തി. മുണ്ടക്കയം പഞ്ചായത്ത് 2ാം വാർഡിലെ പാറയിൽപുരയിടത്തിൽ സതിയമ്മാളിന്റെ വോട്ട് മറ്റാരോ ചെയ്തതായി തിരഞ്ഞെടുപ്പ് ദിനത്തിൽ ആരോപണമുയർന്നു.
എന്നാൽ ഇവ സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് റിട്ടേണിങ് ഓഫിസർമാർ അറിയിച്ചു.
തിരുവാർപ്പ് കാഞ്ഞിരം എസ്എൻഡിപി സ്കൂളിലെ വോട്ടെടുപ്പിൽ 11–ാം വാർഡിലെ വോട്ടറായ മാത്യു താമരശ്ശേരിയുടെ വോട്ട് മറ്റൊരാൾ ചെയ്തെന്നാണ് ആരോപണം. വൈക്കത്ത് വാടകയ്ക്ക് താമസിക്കുകയാണ് മാത്യു.
വോട്ട് ചെയ്യാനായി എത്തിയപ്പോഴാണു തന്റെ വോട്ട് മറ്റാരോ ചെയ്തെന്ന് അറിഞ്ഞത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് 13ാം വാർഡിൽ സ്ഥലത്തില്ലാത്തയാളുടെ വോട്ട് ബന്ധു ചെയ്തെന്ന് എൽഡിഎഫ് ആരോപിച്ചു.
പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് റിട്ടേണിങ് ഓഫിസർ അറിയിച്ചു. ഈരാറ്റുപേട്ട
നഗരസഭയിൽ വോട്ടർ പട്ടികയിൽ നിന്നു പേര് ഒഴിവാക്കപ്പെട്ടവരാണ് സ്ലിപ്പുമായി വോട്ട് ചെയ്യാനെത്തിയത്. വോട്ടർ പട്ടികയിൽ ഡിലീറ്റഡ് എന്നു രേഖപ്പെടുത്തിയിട്ടും സ്ലിപ് ലഭിച്ചതിനെ തുടർന്നാണ് ഇവരെത്തിയത്.
വല്ലാത്ത ചതിയായിപ്പോയി!
ചമ്പക്കര ∙ കറുകച്ചാൽ പഞ്ചായത്ത് 16-ാം വാർഡ് അഞ്ചാനിയിലെ ചെറുമാക്കൽ അങ്കണവാടിയിലെ 125–ാം പോളിങ് ബൂത്തിലെത്തിയ പ്രായമായ വോട്ടർമാർക്കും ഭിന്നശേഷിക്കാരും വലഞ്ഞു. റോഡിനോട് ചേർന്ന് അഞ്ചടി താഴ്ചയിലുള്ള ബൂത്തിലെത്താൻ ഇടുങ്ങിയ പടി ഇറങ്ങണം.
ഇവിടെ റാംപ് സൗകര്യവും ഒരുക്കിയില്ല. പടികളിറങ്ങാൻ ബുദ്ധിമുട്ടിയവരെ പൊലീസും വോട്ട് ചെയ്യാനെത്തിയവരും താങ്ങി ഇറക്കേണ്ടി വന്നു.
ബൂത്ത് ചെറുതായതിനാൽ 15 പേർക്ക് മാത്രമൈണ് വരാന്തയിൽ നിൽക്കാൻ സാധിച്ചത്. ബാക്കിയുള്ളവർ വെയിലിൽ റോഡരികിൽ നിൽക്കേണ്ടി വന്നു.
വാക്കറിൽ എത്തിയ 90 വയസ്സുള്ള റിട്ട.അധ്യാപകൻ ചമ്പക്കര കയ്യാലപ്പുറത്ത് വി.ടി.ആന്റണി അടക്കം ശാരീരിക ബുദ്ധിമുട്ട് നേരിട്ടവർ മറ്റുള്ളവരുടെ സഹായത്തോടെ പടികളിൽ കൈകുത്തി കയറിയാണ് ബൂത്തിലെത്തിയത്.
ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഇവിടെയാണ് വോട്ട് ചെയ്തത്.
കോട്ടയം ∙ ജില്ലയിൽ വിവിധ പോളിങ് ബൂത്തുകളിലായി തിരഞ്ഞെടുപ്പ് ജോലികൾക്കെത്തിയ 5 ഉദ്യോഗസ്ഥർ കുഴഞ്ഞുവീണു. പായിപ്പാട് 2 ഉദ്യോഗസ്ഥരും വാകത്താനം, ഞീഴൂർ, ളായിക്കാട് എന്നിവിടങ്ങളിൽ ഓരോ ഉദ്യോഗസ്ഥരും കുഴഞ്ഞുവീണു.
ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പകരം ജീവനക്കാരെ വിന്യസിച്ച് വോട്ടെടുപ്പ് നടത്തി.
നോട്ടയ്ക്ക് വോട്ടെന്ന് ആദ്യം; വോട്ടേ വേണ്ടെന്ന് പിന്നെ
പാമ്പാടി ∙ പാമ്പാടി പഞ്ചായത്ത് 9ാം വാർഡ് ഓർവയലിൽ പരസ്പരം ഏറ്റുമുട്ടുന്ന എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ വിജയം തീരുമാനിക്കുക യുഡിഎഫ് വോട്ടുകൾ.
കഴിഞ്ഞ തവണ ഇവിടെ രണ്ടാമതെത്തിയ യുഡിഎഫിന് ഇത്തവണ സ്ഥാനാർഥിയില്ല. മുൻപ് മത്സരിച്ചപ്പോഴത്തെ വരവുചെലവ് കണക്കുകൾ സമർപ്പിച്ചില്ലെന്ന കാരണത്താൽ യുഡിഎഫിലെ രമണി മത്തായിയുടെ പത്രിക തള്ളിയിരുന്നു.
വാർഡിൽ സ്വതന്ത്ര സ്ഥാനാർഥികളും ഉണ്ടായിരുന്നില്ല. അതോടെ എൽഡിഎഫിലെ രജനി മാളിയേക്കലും എൻഡിഎയിലെ ഷീലാ ചന്ദ്രനും തമ്മിലായി മത്സരം.
‘നോട്ട’യ്ക്ക് വോട്ടു ചെയ്യുമെന്നാണ് കോൺഗ്രസ് ആദ്യം അറിയിച്ചിരുന്നതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ നോട്ടയില്ലെന്ന് അറിഞ്ഞത് പിന്നീടാണ്.
അതോടെ പഞ്ചായത്ത് വാർഡിലേക്കുള്ള വോട്ടെടുപ്പ് ബഹിഷ്കരിച്ച് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യാൻ നിർദേശം നൽകി. പഞ്ചായത്തിലേക്കുള്ള ആദ്യ മെഷീൻ ഒഴിവാക്കി മറ്റ് 2 മെഷീനുകളിൽ പ്രവർത്തകർ വോട്ട് രേഖപ്പെടുത്തി.
പൂർണമായി വോട്ട് ചെയ്യാത്തതിനാൽ ‘ബീപ്’ ശബ്ദം വരില്ല. അതിനാൽ, പ്രിസൈഡിങ് ഓഫിസറെത്തി ‘എൻഡ്’ ബട്ടൺ അമർത്തി ബ്ലോക്ക്, ജില്ലാപഞ്ചായത്ത് വോട്ടുകൾ ഉറപ്പാക്കി.
ഈ ദൃശ്യങ്ങൾ പ്രത്യേകം റെക്കോർഡ് ചെയ്തു. വോട്ട് എങ്ങോട്ട് മറിഞ്ഞു എന്ന് ഫലം വരുമ്പോൾ അറിയാം.
പാർട്ടി സ്ഥാനാർഥിയില്ല; പക്ഷേ പി.സി.ജോർജ് വോട്ട് ചെയ്തു
കോട്ടയം ∙ ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.സി.ജോർജ് വോട്ട് ചെയ്തത് ആർക്ക്? പി.സി.ജോർജിന് വോട്ടുള്ള ഈരാറ്റുപേട്ട
നഗരസഭയിലെ 24ാം വാർഡിൽ ബിജെപിക്ക് സ്ഥാനാർഥി ഇല്ലായിരുന്നു. ഇവിടെ കോൺഗ്രസിന്റെ ഫാത്തിമ അൻസറും കേരള കോൺഗ്രസ് (എം) സ്വതന്ത്ര ഫാത്തിമ മുജീബും തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ നോട്ട ഇല്ലാത്തതിനോട് യോജിക്കാനാകില്ലെന്നു ജോർജ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

