കോട്ടയം ∙ ഓണം വിപണിയിൽ 3 കോടി രൂപയുടെ നേട്ടവുമായി കുടുംബശ്രീ. ജില്ലാതലത്തിൽ ഒരു മേളയും സിഡിഎസ് (കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി) തലത്തിൽ 149 മേളയും നടത്തി.
മേളകളിലൂടെ വരുമാനം 1.90 കോടി രൂപ. കുടുംബശ്രീയുടെ ഓൺലൈൻ സംരംഭമായ പോക്കറ്റ് മാർട്ട് ആണ് മറ്റൊരു നേട്ടം.
ഓണത്തിന്റെ ഭാഗമായി പുറത്തിറക്കിയ 799 രൂപ വരെ വിലയുള്ള ഉൽപന്നങ്ങൾ അടങ്ങിയ കിറ്റിനും വൻ ഡിമാന്റായിരുന്നു. 4.8 ലക്ഷം രൂപയുടെ വിൽപനയാണ് പോക്കറ്റ് മാർട്ടിലൂടെ നടന്നത്.
കിറ്റിൽ 250 ഗ്രാം വീതം ചിപ്സ്, ശർക്കരവരട്ടി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മസാല പൊടികൾ, സാമ്പാർ പൊടി, പായസം മിക്സ്, വെജ് മസാല തുടങ്ങിയവയാണ് ഉണ്ടായിരുന്നത്.
കുടുംബശ്രീയുടെ 16 കഫേ യൂണിറ്റുകൾ ഓണസദ്യ ഒരുക്കിയിരുന്നു. 3312 ഓണസദ്യ പാഴ്സൽ നൽകി.
ഇതിലൂടെ വരുമാനം 12.22 ലക്ഷം രൂപ. ജില്ലയിലെ 78 സിഡിഎസുകളിൽ 76 എണ്ണവും ഓണക്കിറ്റുകൾ പുറത്തിറക്കി.
5335 കിറ്റുകൾ വിറ്റഴിഞ്ഞു. ഇതിലൂടെ 40.01 ലക്ഷം രൂപ വരുമാനം നേടാനായി. ‘നിറപൊലിമ’ പദ്ധതിയിലൂടെ 432 ഗ്രൂപ്പുകൾ പൂക്കൾ കൃഷി നടത്തിയിരുന്നു.
208.72 ഏക്കറിൽ പൂക്കൃഷി ചെയ്തു. 11.13 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു. ഓണക്കനി എന്ന പേരിലാണ് കാർഷിക വിളകൾ വിപണിയിൽ എത്തിച്ചത്.
1146.5 ഏക്കറിൽ നിന്നു 118294 കിലോ വിളകൾ ഉൽപാദിപ്പിച്ചു. 64.15 ലക്ഷം രൂപയാണ് ഇതിലൂടെ നേടാനായത്.
1260 ഗ്രൂപ്പുകൾ ഇതിനായി പ്രവർത്തിച്ചു.
അടപ്രഥമനോടും പാലടയോടും പ്രിയം
മഴയെത്തിയപ്പോൾ മന്ദഗതിയിലായ പായസം വിപണി ഓണദിവസങ്ങളിൽ സജീവമായിരുന്നു. സൊമാറ്റോ പോലുള്ള ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലയിൽ പായസ ഇനങ്ങൾക്കാണ് കൂടുതൽ ബുക്കിങ് ലഭിച്ചത്.
അടപ്രഥമനും പാലടയ്ക്കും റെക്കോർഡ് വിൽപനയുണ്ടായി. ഈ രണ്ട് പായസ ഇനങ്ങളാണ് അതിവേഗം വിറ്റഴിഞ്ഞതെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഓണസദ്യയ്ക്ക് റെക്കോർഡ് വിൽപന
ഓണസദ്യക്കും ഇത്തവണ വലിയ ബുക്കിങ് ലഭിച്ചു.
പായ്ക്കിങ്ങിനുള്ള ബുദ്ധിമുട്ട് വലച്ചെങ്കിലും കൂടുതൽ ജീവനക്കാരെ വിന്യസിച്ച് അതിനെ മറികടന്നു. ഹോട്ടലുകളുടെ പ്രവർത്തനം തടസപ്പടാത്ത വിധത്തിലാണ് സദ്യ ബുക്കിങ് സ്വീകരിച്ചതെന്നും ഹോട്ടൽ ഉടമകൾ പറയുന്നു.
പ്രിയമേറി പായസം മിക്സുകൾ
വീടുകളിൽ പായസം തയാറാക്കുന്നതിനു പകരം പായസം മിക്സുകൾ വാങ്ങി പായസുമുണ്ടാക്കുന്നവരാണു കൂടുതലെന്നും കച്ചവടക്കാർ പറയുന്നു.
ഓണമെത്തിയതോടെ വഴിയോരത്തു പായസക്കടകളും തുടങ്ങിയിരുന്നു.
വിലക്കയറ്റത്തിൽ വീഴാതെ ഉപ്പേരിക്കച്ചവടം
ഓണവിപണിയിലെന്നും സ്വർണത്തിളക്കമുള്ള താരമാണു വറുത്തുപ്പേരി. ശർക്കര ഉപ്പേരിയും സാധാരണ കായ വറുത്തതും ഓണവട്ടങ്ങളിൽ രുചിയും മണവുമായി ഇത്തവണയും സ്ഥാനം പിടിച്ചു. വാഴത്തോട്ടങ്ങളിൽനിന്നു വറചട്ടിയിലേക്കും കടകളിലൂടെ വീടുകളിലേക്കും ഓണാഘോഷ വേദികളിലേക്കും എല്ലാമെത്തിയ ‘ചിപ്സ്’ തന്നെയായിരുന്നു പായസം കഴിഞ്ഞാൽ താരം.
വഴിയോരങ്ങളിൽ വാഹനങ്ങളിലെത്തിച്ചു വിൽക്കുന്ന കച്ചവടക്കാരും പ്രത്യേകതയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]