ചങ്ങനാശേരി ∙ ജില്ലയിൽ ലഹരിയുടെ ഹബ്ബായി ചങ്ങനാശേരി മാറുന്നു. എക്സൈസിന്റെ കണക്ക് പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ ലഹരി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള താലൂക്കുകളിൽ ഒന്ന് ചങ്ങനാശേരിയാണ്.
എംഡിഎംഎ തുടങ്ങി മാരകമായ രാസലഹരിയുടെ പേരിൽ 2025ൽ 188 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.രാസലഹരിയുമായി 179 പേരെ അറസ്റ്റ് ചെയ്തു. ചങ്ങനാശേരി എക്സൈസും റേഞ്ച് ഓഫിസും 2025ൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കണക്കാണിത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകളിൽ വലിയ വർധനയുണ്ടായി. 120 കിലോ പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു.
അനധികൃത മദ്യ നിർമാണത്തിലും വിൽപനയിലും 218 പേർ അറസ്റ്റിലായി.
പിടികൂടുന്ന കഞ്ചാവിന്റെയും എംഡിഎംഎയുടെയും ബ്രൗൺ ഷുഗറിന്റെയും അളവും മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചങ്ങനാശേരി എക്സൈസ്, റേഞ്ച് ഓഫിസിന്റെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ പരിശോധനയും കൂടുതൽ കേസുകൾ കണ്ടെത്താൻ കാരണമാകുന്നുണ്ട്.ഏറ്റവും കൂടുതൽ ലഹരിയുമായി ബന്ധപ്പെട്ട
കേസുകൾ റജിസ്റ്റർ ചെയ്ത ജില്ലയിൽ രണ്ടാമത്തെ ഉദ്യോഗസ്ഥനുള്ള നേട്ടം ചങ്ങനാശേരി എക്സൈസ് ഇൻസ്പെക്ടർ കെ.അഭിലാഷിനു ലഭിച്ചു. സിഐ ആദർശിന്റെ മേൽനോട്ടത്തിലാണ് അന്വേഷണങ്ങൾ നടക്കുന്നത്.
15 വയസ്സുകാരനും ലഹരിയിൽ
∙ ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിലെ വർധനയാണ് ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്നത്.
എംഡിഎ പോലുള്ള മാരക ലഹരി മരുന്ന് ഉപയോഗിച്ച 15 വയസ്സുകാരൻ വരെ കൂട്ടത്തിലുണ്ട്. ചങ്ങനാശേരിയിൽ നിന്നു ഒരു മാസം കുറഞ്ഞത് 5 കുട്ടികളെ വരെ ലഹരി വിമോചന കേന്ദ്രത്തിൽ സെന്ററിൽ പ്രവേശിപ്പിക്കേണ്ടി വരുന്നുണ്ടെന്നും ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.
18 വയസ്സിനു താഴെ മാത്രം പ്രായമുള്ളവരാണ് 5 പേരും.
പെൺകുട്ടികളിലും ലഹരി ഉപയോഗം വ്യാപകമാണ്. ലഹരി കൈമാറ്റത്തിന്റെ പേരിൽ ചങ്ങനാശേരി നഗരത്തിൽ സ്കൂൾ കോളജ് വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും പതിവാണ്.
പല സംഘങ്ങളായി തിരിഞ്ഞാണ് ഏറ്റുമുട്ടൽ.
എംഡിഎംഎ, മാജിക് മഷ്റൂം തുടങ്ങി പുതിയ ലഹരിയിലേക്ക് സ്കൂൾ കോളജ് വിദ്യാർഥികൾ വഴി മാറുകയാണ്. നഗരത്തിലെ ഒരു സ്കൂളിൽ ലഹരി നുണഞ്ഞ വിദ്യാർഥികൾ ക്ലാസ് റൂമിൽ ബോധരഹിതരായി കിടന്ന സംഭവത്തിൽ എക്സൈസും പൊലീസും നടപടിയെടുത്തിരുന്നു.
രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും അനുമതിയോടെ ഇവരെ ലഹരി വിമോചന കൗൺസിലിങ്ങുകൾക്ക് അയക്കുകയും ചെയ്തു.
കാടിനുള്ളിൽ അണ്ടർവേൾഡ്
∙ കുറച്ച് നാൾ മുൻപ്, കാട് പിടിച്ചു കിടന്ന സ്ഥലത്ത് സ്കൂൾ കുട്ടികളുടെ സാന്നിധ്യം പതിവായി കാണുന്നുണ്ടെന്ന വിവരം എക്സൈസിനു ലഭിക്കുന്നു. ചങ്ങനാശേരി നഗരത്തിൽ നിന്നു അധികം ദൂരെയല്ലാത്ത സ്ഥലമാണ്.
വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥ സംഘം ഞെട്ടിപ്പോയി.
ലഹരി ഉപയോഗിക്കാനായി കാട് പിടിച്ച പറമ്പിൽ ഒരു ഗുഹ നിർമിച്ചിരിക്കുകയാണ്. ആളുകളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ഇലകളും പുല്ലുകളും മരക്കമ്പുകളും മറച്ചു കെട്ടിയാണ് ഗുഹ അടച്ചിരുന്നത്.
നാട്ടിലെ ചില വിദ്യാർഥികളുടെ ലഹരി സ്പോട്ടായിരുന്നു ഇവിടം. രാവിലെയും വൈകിട്ടും ട്യൂഷൻ ക്ലാസിലേക്കാണ് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.
രാവിലെ സ്കൂൾ യൂണിഫോമിൽ വന്ന് ലഹരി ഉപയോഗിച്ച് മയങ്ങി കിടക്കുന്ന കുട്ടികളിൽ പലരും വൈകിട്ടാണ് വീട്ടിലേക്ക് പോകുന്നത്.
മാതാപിതാക്കളെയും അധ്യാപകരെയും ഉദ്യോഗസ്ഥർ സംഭവം അറിയിച്ചു. വിദ്യാർഥികളെ ലഹരി വിമോചന കേന്ദ്രത്തിലേക്കും അയച്ചു.
ഇവർ ലഹരിയിൽ നിന്നു മുക്തരായി വരുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

