കോട്ടയം ജില്ലയിലെ മോനിപ്പള്ളി ആച്ചിക്കൽ ഭാഗത്ത് ആരാധനാലയത്തിലും വിദ്യാലയത്തിലും വൻ കവർച്ച. ഉദയഗിരി സെന്റ് ജോസഫ്സ് പള്ളിയിലും ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ സ്കൂളുമാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിനിരയായത്.
വ്യാഴാഴ്ച രാത്രിയാണ് രണ്ട് സ്ഥാപനങ്ങളിലും മോഷണം നടന്നത്. പള്ളിയിലെ രൂപക്കൂടിനു മുന്നിൽ സ്ഥാപിച്ചിരുന്ന നേർച്ചപ്പെട്ടി തകർത്താണ് കള്ളന്മാർ പണം കവർന്നത്.
അതേസമയം, സ്കൂളിൽ നിന്നും പണം ഉൾപ്പെടെയുള്ള വലിയ നഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കമ്പ്യൂട്ടറുകളും ടെലിവിഷനും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായും തകർത്തു നശിപ്പിച്ചു. സ്കൂളിന് ആകെ ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സ്കൂൾ അധികൃതർ വ്യക്തമാക്കി.
മോഷ്ടാവിന്റേത് എന്ന് സംശയിക്കുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. എംസി റോഡിന് സമീപത്തായി ഏകദേശം ഒരു കിലോമീറ്റർ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയിലും സ്കൂളിലും ഒരാൾ തന്നെയാണ് ഈ കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
പള്ളിയുടെ പിൻഭാഗത്തെ വാതിൽ കല്ല് ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. തുടർന്ന് നേർച്ചപ്പെട്ടി തകർക്കുകയായിരുന്നു.
ലിറ്റിൽ ഫ്ലവർ വിദ്യാനികേതന്റെ പ്രധാന വാതിലും ഗ്രില്ലുകളും തകർത്ത നിലയിലാണ് കണ്ടെത്തിയത്. ഓഫീസ് മുറി, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയ വിവിധ ഇടങ്ങളിലെല്ലാം വ്യാപകമായ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.
തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി സിസിടിവി ക്യാമറകളും അവ ബന്ധിപ്പിച്ചിരുന്ന ടിവിയും സംഘം അടിച്ചുതകർത്തു. കമ്പ്യൂട്ടർ ലാബിലെ ഉപകരണങ്ങളും റൂട്ടറും ഹാർഡ് ഡിസ്കും പൂർണ്ണമായി പ്രവർത്തനരഹിതമാക്കി.
ഓഫീസ് മുറിയിലെ സുപ്രധാന രേഖകളെല്ലാം നിലത്തു വാരിവലിച്ചിട്ട നിലയിലായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിദഗ്ധമായ അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ശാസ്ത്രീയ പരിശോധന വിഭാഗം എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

