
പോക്സോ കേസ്: പ്രതിക്ക് 46 വർഷം തടവുശിക്ഷ; പ്രതിയെ തിരിച്ചറിഞ്ഞത് ശബ്ദപരിശോധന നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ആറാം ക്ലാസ് വിദ്യാർഥിനിയെ മലേഷ്യയിൽനിന്നു ഫോണിൽ വിളിച്ച് സ്വകാര്യ ദൃശ്യം പകർത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 46 വർഷം തടവും 90,000 രൂപ പിഴയും. തിരുവനന്തപുരം മേൽവെട്ടൂർ കെട്ടിടത്തിൽ വീട്ടിൽ എസ്.ഷിജുവിനെ(37)യാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി വി. സതീഷ്കുമാർ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പോൾ കെ. ഏബ്രഹാം ഹാജരായി. ശബ്ദപരിശോധന നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 2021 ജനുവരി 9നാണ് സംഭവം. 11 വയസ്സുള്ള പെൺകുട്ടിയുടെ മുത്തശ്ശിയുടെ ഫോണിലേക്ക് മിസ്ഡ് കോൾ എത്തുകയായിരുന്നു.
തിരികെ വിളിച്ചപ്പോൾ നമ്പർ മാറിയെന്നു മുത്തശ്ശിക്കു മനസ്സിലായി. പ്രതി എസ്. ഷിജു തിരികെ വിളിച്ച് മുത്തശ്ശിയുമായി സൗഹൃദത്തിലായി. കുട്ടി ഫോണെടുത്തപ്പോൾ ബയോളജി പഠിപ്പിക്കാമെന്നേറ്റു. കുട്ടിയുടെ ശരീരഭാഗങ്ങൾ പ്രതി തന്ത്രപരമായി വിഡിയോ കോളിൽ റിക്കോർഡ് ചെയ്തു. വിഡിയോ കോളിൽ മുഖം കാണിക്കാതെയാണ് ഷിജു പെൺകുട്ടിയോടു സംസാരിച്ചത്. ഫോണിൽ സൂക്ഷിച്ച ദൃശ്യങ്ങൾ കുട്ടിയുടെ മുത്തശ്ശിക്ക് അയച്ചുനൽകി ഷിജു പണം ആവശ്യപ്പെട്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ലുക്ക് ഔട്ട് നോട്ടിസ് ഇട്ട് മലേഷ്യൻ പൊലീസിന്റെ സഹായത്തോടെ പ്രതിയെ ചെന്നൈ വിമാനത്താവളത്തിൽനിന്നു ജില്ലാ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതിജീവിതയും പ്രതിയും നേരിൽ കണ്ടിട്ടില്ല. പ്രതി ഫോണിൽ സംസാരിച്ച ശബ്ദ സാംപിളും അറസ്റ്റിനു ശേഷം പൊലീസ് പ്രതിയിൽ നിന്നു ശേഖരിച്ച ശബ്ദ സാംപിളും ഒന്നാണോയെന്ന് തിരിച്ചറിയാൻ ഫൊറൻസിക് പരിശോധന നടത്തി. രണ്ടും ഒന്നാണെന്ന് ഉറപ്പിച്ചതോടെ ചാർജ് ഷീറ്റ് ഫയൽ ചെയ്തു. എസ്എച്ച്ഒമാരായ യു. ശ്രീജിത്ത്, വിൻസന്റ് ജോസ്, ടി.ആർ. ജിജു, എസ്ഐ വി.എസ്. അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. കുട്ടിയുടെ മൊഴി ആദ്യം രേഖപ്പെടുത്തിയ വനിതാ എസ്ഐ കെ.എസ്. അനിലാകുമാരിയുടെ കണ്ടെത്തലുകളും കേസിൽ സുപ്രധാനമായി.