മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിൽ വെച്ച് നടന്ന ഏറ്റുമാനൂർ ഉപജില്ലാ കലോത്സവ വേദിയിൽ വേദനിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറി. ഭരതനാട്യ പ്രകടനത്തിനിടെ കാലിൽ സേഫ്റ്റി പിൻ തറച്ചുകയറിയിട്ടും വേദന കടിച്ചമർത്തി ഏഴ് മിനിറ്റോളം നൃത്തം തുടർന്ന ശ്രീബാല ആർ.ശ്രീജിത്ത് എന്ന വിദ്യാർഥിനിയാണ് ഒടുവിൽ സ്റ്റേജിൽ തളർന്നുവീണത്.
ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീബാല. പ്രകടനത്തിനിടെ കുട്ടി പ്രകടിപ്പിച്ച മികവ് പരിഗണിച്ച് വിധികർത്താക്കൾ സെക്കൻഡ് എ ഗ്രേഡ് നൽകി.
സദസ്സിലുണ്ടായിരുന്നവരും വിധി കർത്താക്കളും ഏറെ ആശങ്കയോടെയാണ് ഈ കാഴ്ച കണ്ടുനിന്നത്. വേദിയിലുണ്ടായിരുന്ന മെഡിക്കൽ സംഘം ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി കാലിൽ തറച്ച സേഫ്റ്റി പിൻ നീക്കം ചെയ്തു.
ഈ സംഭവത്തിന് ശേഷവും മനോധൈര്യം കൈവിടാത്ത ശ്രീബാല, വൈകിട്ട് നടന്ന മോഹിനിയാട്ടത്തിൽ വീണ്ടും അരങ്ങിലെത്തുകയും ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. കുച്ചിപ്പുഡിയിലും താരം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ശ്രീബാല പറയുന്നതിങ്ങനെ: “ആദ്യ ചുവടുവയ്പ്പിൽ തന്നെ തറയിൽക്കിടന്ന സേഫ്റ്റി പിൻ കാലിൽ തറച്ചു. പിന്നീട് ഓരോ ചുവടു വയ്ക്കുമ്പോഴും കാലിൽ തറച്ചു കയറുകയായിരുന്നു.
പാട്ടിന്റെ അവസാന പാദത്തിലെത്തിയപ്പോഴേക്കും തളർന്നുവീണു.” വേദി വൃത്തിയാക്കുന്നതിലും മത്സരത്തിന് മുൻപ് പരിശോധന നടത്തുന്നതിലും സംഘാടകർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പെൺകുട്ടിയുടെ മാതാപിതാക്കളായ എസ്.ശ്രീജിത്തും ആർ.രമ്യയും പരിശീലകൻ അമൽ പ്രസാദും ആരോപിച്ചു. വിഷയത്തിൽ ഔദ്യോഗികമായി അപ്പീൽ നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

