കഠിനമായ രോഗാവസ്ഥയോടും അതിലേറെ കടുത്ത ജീവിതസാഹചര്യങ്ങളോടും ഒരേസമയം പോരാടുകയാണ് തോട്ടക്കാട് സ്വദേശിയായ ഒരു കുടുംബനാഥൻ. ശ്വാസകോശാർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന തോട്ടക്കാട് ഉമ്പിടി കോളനി നിവാസിയായ വിജയൻ (60) ആണ് തുടർചികിത്സയ്ക്കും നിത്യച്ചെലവുകൾക്കുമായി ഉദാരമതികളുടെ സഹായം അഭ്യർത്ഥിക്കുന്നത്.
ദൈനംദിന കൂലിപ്പണിയിലൂടെ ലഭിച്ചിരുന്ന വരുമാനം കൊണ്ടായിരുന്നു വിജയൻ തന്റെ കുടുംബം പോറ്റിയിരുന്നത്. എന്നാൽ കഴിഞ്ഞ ആറു മാസമായി ഇദ്ദേഹം ഗുരുതരമായ കാൻസർ ബാധിതനായി ചികിത്സയിലാണ്.
ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിലാണ് ശ്വാസകോശത്തിൽ കാൻസർ ബാധിച്ച വിവരം തിരിച്ചറിയുന്നത്. ഇതിനകം തന്നെ ഏഴ് കീമോതെറപ്പികൾ വിജയന് പൂർത്തിയായിക്കഴിഞ്ഞു.
രോഗം മൂർച്ഛിച്ചതോടെ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇദ്ദേഹം. കോളനിയിലെ ചെറിയ വീട്ടിൽ കഴിയുന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വിജയൻ.
മൂന്ന് മക്കളാണ് ഇദ്ദേഹത്തിനുള്ളത്. ഇതിൽ ഒരു മകന് കാലിന് സ്വാധീനക്കുറവുള്ളതിനാൽ കുടുംബത്തിന്റെ സാമ്പത്തിക ഭാരം ഇരട്ടിയാകുന്നു.
രോഗാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധി കാരണം മുന്നോട്ടുള്ള ചികിത്സാച്ചെലവുകളും കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങളും വഴിമുട്ടിയ അവസ്ഥയിലാണ്. മനുഷ്യസ്നേഹികളുടെയും സുമനസ്സുകളുടെയും അടിയന്തര സഹായം ലഭിച്ചാൽ മാത്രമേ വിജയന് ജീവൻ നിലനിർത്താനുള്ള തുടർചികിത്സ ഉറപ്പാക്കാൻ സാധിക്കൂ.
ഇദ്ദേഹത്തെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8606074221.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

