കോട്ടയം ∙ ഓട്ടോറിക്ഷ കൂലി നൽകുന്നതിനെച്ചൊല്ലി മദ്യപന്റെ പരാക്രമം. ഗൂഗിൾ പേ പിൻ നമ്പറും ഫോൺ ലോക്കും മറന്നുപോയ മദ്യപൻ പൊലീസിനെയും ഓട്ടോ ഡ്രൈവറെയും വലച്ചു.
ഇന്നലെ രാത്രി 7.30-ന് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സംഭവം ഇങ്ങനെ:
ചിങ്ങവനത്ത് നിന്നാണ് കൊട്ടാരക്കര സ്വദേശിയായ മദ്യപൻ ഓട്ടോറിക്ഷയിൽ കയറിയത്. പലയിടങ്ങളിലായി ചുറ്റിസഞ്ചരിച്ച് ഒടുവിൽ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയപ്പോൾ 350 രൂപയാണ് കൂലിയായി നൽകേണ്ടിയിരുന്നത്.
എന്നാൽ കൈവശം പണമില്ലെന്നും ഗൂഗിൾ പേ വഴി നൽകാമെന്നും ഇയാൾ അറിയിച്ചു. ഗൂഗിൾ പേ ചെയ്യാൻ ശ്രമിച്ചെങ്കിലും മദ്യലഹരിയിലായിരുന്ന ഇയാൾക്ക് പിൻ നമ്പർ ഓർത്തെടുക്കാൻ കഴിഞ്ഞില്ല.
ഇതിനിടെ ഫോൺ ലോക്കാവുകയും അതിന്റെ പാസ്വേഡ് കൂടി മറന്നുപോവുകയും ചെയ്തതോടെ ഡ്രൈവർ വെട്ടിലായി. വെറും 60 രൂപ മാത്രം നൽകി കൈയൊഴിയാൻ ശ്രമിച്ചതോടെ ഓട്ടോ ഡ്രൈവർ സഹായത്തിനായി വെസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു.
പൊലീസിനെയും വിരട്ടി മദ്യപൻ
സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മദ്യപനോട് പേരും വിവരങ്ങളും ചോദിച്ചെങ്കിലും സഹകരിക്കാൻ ഇയാൾ തയാറായില്ല.
പൊലീസുകാരെ വിരട്ടാനും ഇയാൾ ശ്രമിച്ചു. പൊലീസുകാർ ഏറെ പണിപ്പെട്ട് ഫോൺ ലോക്ക് തുറന്നെങ്കിലും ഗൂഗിൾ പേ പിൻ നമ്പർ മാത്രം ഇയാൾക്ക് ഓർമ വന്നില്ല.
പ്രശ്നം വഷളായതോടെ വിവരം ഡിവൈഎസ്പിക്ക് കൈമാറുകയും മദ്യപനെയും ഡ്രൈവറെയും സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ നിർദേശം നൽകുകയും ചെയ്തു. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനും പൊലീസ് ഇതിനിടെ ശ്രമം തുടങ്ങി.
ട്വിസ്റ്റോടെ ശുഭാന്ത്യം
സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുൻപ് അവസാനവട്ട
ശ്രമമെന്ന നിലയിൽ പൊലീസ് ഒരിക്കൽക്കൂടി പിൻ നമ്പർ ചോദിച്ചു. ഭാഗ്യവശാൽ ഈ സമയം കൃത്യമായ നമ്പർ മദ്യപന്റെ ഓർമയിൽ തെളിഞ്ഞു.
നമ്പർ നൽകിയതോടെ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫറായി. കൂലി ലഭിച്ചതോടെ ഓട്ടോ ഡ്രൈവറും പണം നൽകാനായതോടെ മദ്യപനും ആശ്വാസത്തോടെ മടങ്ങി.
മണിക്കൂറുകൾ നീണ്ട ആശയക്കുഴപ്പത്തിനൊടുവിലാണ് പ്രശ്നത്തിന് പരിഹാരമായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

