കുമരകം ∙ കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിലെ ടാറിങ്ങിനു വേണ്ടി കോട്ടയത്ത് നിന്ന് വരുന്ന വാഹനങ്ങളെ വഴി തിരിച്ചു വിട്ടത് യാത്രക്കാർക്ക് ‘എട്ടിന്റെ പണിയായി’. ചൊവ്വാ രാവിലെ മുതലാണ് വാഹനങ്ങൾ ഗവ.
ഹൈസ്കൂൾ റോഡിലൂടെ കടത്തി വിട്ടത്. രാവിലെ തന്നെ ഹൈസ്കൂൾ ഭാഗത്തെ റോഡ് ഭാഗത്തെ കോൺക്രീറ്റ് യന്ത്രം ഉപയോഗിച്ചു ഇളക്കാനും തുടങ്ങി.
ഒരു ഭാഗത്ത് നിന്ന് വാഹനങ്ങളെ കടത്തി വിടുമ്പോൾ റോഡിന്റെ മറുഭാഗത്ത് മണ്ണു മാന്തി ഉപയോഗിച്ചു കോൺക്രീറ്റ് പൊളിക്കലുമാണു നടന്നത്. കോട്ടയത്ത് നിന്ന് വാഹനങ്ങൾക്കു ഹൈസ്കൂൾ ഭാഗത്തു കൂടി പോകാൻ കഴിയാതെ വന്നതോടെ ഗതാഗതക്കുരുക്കായി.
ഹൈസ്കൂൾ മുതൽ കോണത്താറ്റ് പാലം വരെ വാഹനങ്ങളുടെ നീണ്ട നിരയായി.
നാട്ടുകാരുടെയും വാഹനയാത്രക്കാരുടെയും പ്രതിഷേധത്തെത്തുടർന്നു റോഡ് പൊട്ടിക്കൽ നിർത്തി.
മുച്ചക്രവാഹനം അപകടത്തിൽപെട്ടു
∙ റോഡിലെ കോൺക്രീറ്റ് ഇളകി കിടന്നതിനാൽ ഇതുവഴി കാർ ഉൾപ്പെടെ ഉള്ള ചെറുവാഹനങ്ങൾക്കു പോകാൻ ബുദ്ധിമുട്ടായി. വാഹനങ്ങളുടെ അടി ഭാഗം ഇളകിക്കിടക്കുന്ന കോൺക്രീറ്റ് പാളികളിൽ ഇടിച്ചാണു കടന്നു പോയത്.
ഇരുചക്രവാഹനങ്ങൾക്കു പോകാൻ കഴിഞ്ഞില്ല. കോട്ടയത്ത് നിന്ന് വന്ന ഭിന്ന ശേഷിക്കാരനും ഭാര്യയും കുഞ്ഞും സഞ്ചരിച്ച മുച്ചക്രവാഹനം കോൺക്രീറ്റ് പാളയിൽ കയറി മറിഞ്ഞെങ്കിലും അപകടം സംഭവിക്കാതെ രക്ഷപ്പെട്ടു.
നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി ഇന്നലെ കടന്നു പോയത്. കോട്ടയത്തു നിന്നും കുമരകം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ ഗുരുമന്ദിരം റോഡിലൂടെ വൺവേ സംവിധാനത്തിലൂടെ കടത്തി വിടാമെന്നു ഇരിക്കെയാണു പൊട്ടി പൊളിഞ്ഞ റോഡിലൂടെ കടത്തി വിട്ടതെന്നാണ് പരാതി.
ബസുകൾ വിട്ടതും തിരിച്ചടിയായി
∙ ബസുകൾ പാലത്തിന്റെ ഇരുകരകളിലും സർവീസ് അവസാനിപ്പിക്കണമെന്നു കെആർഎഫ്ബി നിർദേശം നൽകിയിരുന്നെങ്കിലും അത് അവഗണിച്ചു ബസ് ഗുരുമന്ദിരം റോഡിലൂടെ കടന്നു പോയി. ബസുകൾ താൽക്കാലിക റോഡിലൂടെ ആരുടെ നിർദേശ പ്രകാരമാണ് കടത്തിവിട്ടതെന്ന് ആർക്കും അറിയില്ലായിരുന്നു.
രാവിലെ ബസുകൾ കടന്നു പോയതോടെ കുമരകം റോഡിൽ ഗതാഗതക്കുരുക്കായി. ഇതേത്തുടർന്ന് ഗുരുമന്ദിരം റോഡിലൂടെ ബസുകൾ കടത്തി വിടുന്നതു നിർത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

