ദേശീയപാത ഫീസ് ചട്ടപ്രകാരം പതിവായി ദേശീയപാത ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ഇളവുകളുടെ ആനുകൂല്യം കെഎസ്ആർടിസിക്കും ലഭ്യമാണെന്ന് കേന്ദ്ര ദേശീയപാത റോഡ് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ വ്യക്തമാക്കി. എൻ.കെ.
പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പതിവായി യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് പ്രതിമാസം ഒറ്റ യാത്രയ്ക്കായി സാധാരണ ഫീസിന്റെ മുന്നിൽ രണ്ട് മാത്രം അടച്ച് യാത്ര ചെയ്യാം.
24 മണിക്കുറിനുളളിൽ മടങ്ങി വരുന്ന യാത്രയ്ക്ക് ഒറ്റ യാത്രാ ഫീസിന്റെ ഒന്നര മടങ്ങ് അടച്ചാൽ മതിയാവും. ടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന ജില്ലയിൽ റജിസ്റ്റർ ചെയ്ത വാണിജ്യ വാഹനങ്ങൾക്ക് സർവീസ് റോഡോ ബദൽ റോഡോ ഇല്ലെങ്കിൽ നിശ്ചിത ടോളിന്റെ പകുതി നൽകിയും യാത്ര ചെയ്യാവുന്നതാണ്.
ഈ ആനുകൂല്യം കെഎസ്ആർടിസിക്കും പ്രയോജനപ്പെടുത്താമെന്നും, കെഎസ്ആർടിസിയെ ഒഴിവാക്കാനുള്ള നിർദേശം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കലിന് കേരളം പണം നൽകിയ പശ്ചാത്തലത്തിൽ ടോൾ പിരിക്കുന്ന തുകയുടെ വിഹിതം കേരളത്തിന് നൽകാനാകില്ല.
സംസ്ഥാനങ്ങളിൽ നിന്നു ലഭിക്കുന്ന ടോൾ വരുമാനം ഇന്ത്യയുടെ സംയോജിത നിധിയിൽ നിക്ഷേപിക്കും. ബജറ്റ് വകയിരുത്തലിലൂടെ ലഭിക്കുന്ന ഈ നിധി ദേശീയപാതകളുടെ പരിപാലനം, വികസനം എന്നിവയ്ക്ക് വിനിയോഗിക്കും.
ഭൂമി ഏറ്റെടുക്കലിന്റെ ചെലവ് കേരളത്തിൽ വളരെ കൂടുതൽ ആയിരുന്നിട്ടും ദേശീയപാത വികസന പദ്ധതിക്കാണ് കേന്ദ്രം മുൻഗണന നൽകിയത്. എൻഎച്ച് 66ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ ചെലവ് 23,350 കോടി രൂപയും നിർമാണച്ചെലവ് 28,370 കോടി രൂപയുമാണ്.
ഇതിൽ കേരള സർക്കാരിന്റെ വിഹിതം 5800 കോടി രൂപയാണ്. ദേശീയപാത വികസനം വഴി പ്രദേശവാസികൾക്ക് സാമൂഹികവും സാമ്പത്തികവുമായി ഗുണങ്ങൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

