ആയൂർ ∙ കഥകളിയിലെ പുറപ്പാട് ചടങ്ങിനായി വിദ്യാര്‍ഥിനിയായ സാബ്രി ചുട്ടികുത്തുമ്പോള്‍ തൃശൂര്‍ ചെറുതുരുത്തിയിലെ കലാമണ്ഡലത്തില്‍ വീണ്ടും ചരിത്രം പിറക്കും. സാബ്രിയുടെ കഥകളി വേഷത്തിലുള്ള ആദ്യ അരങ്ങേറ്റം മറ്റന്നാൾ രാത്രി 8.30 ന് കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ നടക്കും.
സാബ്രിയെ കൂടാതെ മറ്റു 6 കുട്ടികള്‍ കൂടി അരങ്ങേറും. സാബ്രി ഉള്‍പ്പടെ 5 കുട്ടികള്‍ പുറപ്പാട് ചടങ്ങില്‍ കൃഷ്ണവേഷത്തില്‍ അരങ്ങിലെത്തുമ്പോള്‍ മറ്റു 2 പേർ ലവണാസുരവധത്തില്‍ കുശ, ലവന്മാരായാണ് എത്തുന്നത്.
2023 ലാണ് സാബ്രി കഥകളി അഭ്യസിക്കാൻ തൃശൂര്‍ ചെറുതുരുത്തിയിലെ കലാമണ്ഡലത്തിൽ എത്തുന്നത്.
മുസ്ലിം സമുദായത്തിൽ നിന്നുള്ള പെൺകുട്ടി കഥകളി അഭ്യസിക്കാനെത്തിയപ്പോൾ കലാമണ്ഡലത്തിൽ അന്നു പിറന്നത് പുതുചരിത്രമായിരുന്നു. ഇടമുളയ്ക്കൽ തേജസ്സിൽ പരിസ്ഥിതി ഫൊട്ടോഗ്രഫർ നിസാം അമ്മാസിന്റെയും അനീഷയുടെയും മകളാണ് സാബ്രി.
പ്രവേശന പരീക്ഷയും അഭിമുഖവും വിജയിച്ച ശേഷമാണ് കലാമണ്ഡലത്തിൽ എട്ടാം ക്ലാസിലേക്കു പ്രവേശനം നേടിയത്.
കഥകളി തെക്കൻ വിഭാഗത്തിൽ സാബ്രി ഉൾപ്പെടെ 7 പെൺകുട്ടികൾ പ്രവേശനം നേടിയിരുന്നു. ആദ്യമായി എത്തിയപ്പോൾ ഡോ.കലാമണ്ഡലം ഗോപിയാണ് ആദ്യമുദ്രകൾ പകർന്നു നൽകിയത്.
അധ്യാപകൻ കലാമണ്ഡലം അനിൽകുമാറിന്റെയും മറ്റു അധ്യാപകരുടെയും ശിക്ഷണത്തിലായിരുന്നു പിന്നീടുള്ള പഠനം. ഇപ്പോള്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്.
ഫൊട്ടോഗ്രഫറായ പിതാവ് ചിത്രങ്ങൾ പകർത്തുന്നതിനായി കഥകളി വേദികളില്‍ പോകുമ്പോൾ മകളും ഒപ്പം കൂടിയിരുന്നു.
കഥകളിയുടെ കടും നിറങ്ങളോടും ചമയങ്ങളോടും ഇഷ്ടം തോന്നിയ സാബ്രിക്കു വലുതായപ്പോൾ കഥകളി പഠിക്കണമെന്ന ആഗ്രഹമുണ്ടായി. കുടുംബവും ബന്ധുക്കളും സാബ്രിയുടെ ആഗ്രഹത്തിനൊത്തു നിന്നു.
ഇടമുളയ്ക്കല്‍ ഗവ.ജവാഹര്‍ എച്ച്എസ്എസില്‍ ഏഴാം തരം പൂര്‍ത്തിയാക്കിയ ശേഷമാണ് കലാമണ്ഡലത്തില്‍ പ്രവേശനം നേടിയത്. 2022 ൽ ആണ് കലാമണ്ഡലത്തില്‍ പെണ്‍കുട്ടികള്‍ക്കു കഥകളി വേഷത്തിൽ പ്രവേശനം നല്കിത്തുടങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]