‘സ്ഥലം അനുവദിച്ചാൽ ശുചിമുറികൾ നിർമിക്കാം’:
അമൃതപുര∙ ദേശീയ പാതയോരത്തു സർക്കാർ സ്ഥലം അനുവദിച്ചാൽ അമൃതാനന്ദമയി മഠം ശുചിമുറികൾ നിർമിച്ചു നൽകാമെന്നു മാതാ അമൃതാനന്ദമയി. 72–ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജന്മദിന സന്ദേശം നൽകുകയായിരുന്നു അമ്മ.
യാത്രക്കാരായ സ്ത്രീകൾ പ്രാഥമിക ആവശ്യം നിറവേറ്റുന്നതിനു ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.
പാതയോരങ്ങളിൽ മഠം ശുചിമുറികൾ നിർമിച്ചു നൽകാം. സർക്കാർ സ്ഥലം അനുവദിച്ചു തന്നാൽ മതി – മാതാ അമൃതാനന്ദമയി പറഞ്ഞു.
സ്വന്തം മനോവികാസത്തിനും സമൂഹത്തിന്റെ നന്മയ്ക്കും ഉതകുന്ന പുതിയ ശീലങ്ങൾ ഉള്ളിൽ ജനിക്കു.നദി ദേവിയാണ് അതിനെ മലിനമാക്കരുത്.
ദുഃഖിക്കുന്ന മനുഷ്യരെ സേവിക്കുന്നതാണ് അമ്മ ഈശ്വരപൂജയായി കാണുന്നത്. മൂല്യങ്ങൾ ഇല്ലാതാകുമ്പോഴാണ് അക്രമികളും കൊലപാതകികളുമായി മാറുന്നത്.
ഈർക്കിൽ ചൂലിലെ ഒരു ഈർക്കിലിനു പോലും വിലയുണ്ട്. ഒന്നിനേയും ചെറുതായി കാണരുത്. ചിലർ ചെറുതിൽ വലുതിനെ കാണും.
മറ്റു ചിലർ വലുതിൽ ചെറുതിനെ കാണും.
പരസ്പര ധാരണയില്ലെങ്കിൽ ഒരാൾ പറയുന്നതു മറ്റൊരാൾക്ക് മനസ്സിലാകാതെ വരും– മാതാ അമൃതാനന്ദമയി പറഞ്ഞു. പല ഐടി കമ്പനികളിലും മറ്റും 500– 1000 ജീവനക്കാരുണ്ട്. ഇവർ സ്വന്തം വാഹനങ്ങളിലാണ് വരുന്നത്. കമ്പനികൾ ഇടപ്പെട്ട് ഇവർക്ക് വാഹന സൗകര്യം ഒരുക്കിയാൽ വാഹനങ്ങളുടെ എണ്ണം നാലിലൊന്നായി കുറയ്ക്കാം.
സാമ്പത്തിക ലാഭത്തിനു പുറമെ റോഡിലെ ഗതാഗതക്കുരുക്കും കുറയ്ക്കാൻ കഴിയുമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
പ്രമുഖരുടെ സംഗമ വേദിയായി ജന്മദിനാഘോഷ സദസ്സ്
കൊല്ലം ∙ ഓരോ ചെറുകഥകൾ കോർത്ത അമ്മയുടെ വാക്കുകൾ കൗതുകത്തോടെ, അതിലേറെ സ്നേഹത്തോടെ കേട്ടിരിക്കുന്ന മക്കൾ. തേനും കുരുമുളകും മുതൽ അംഗവസ്ത്രം വരെ ഉപഹാരമായി നൽകിയ ആദിവാസി ഗോത്ര പ്രതിനിധികൾ, ‘നീ ആരുമില്ലാ നെഞ്ചിലിരുപ്പവളെ, ഓർത്തു വണങ്ങിയാട്…’ എന്ന പാട്ടിനൊപ്പം കൈകൊട്ടിയാടി ആഹ്ലാദിച്ച സദസ്സ്… കനിവിൻ കടലായി അരികിലുള്ള മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ അതിലേറെ ആഘോഷമാക്കാനില്ലായിരുന്നു അമൃതപുരിക്ക്.
അമൃത വിശ്വ വിദ്യാ പീഠത്തിലെ ക്യാംപസിൽനിന്നു വേദിയിലേക്ക് നടന്നെത്തിയ വഴിയിലാകെ അമൃതാനന്ദമയിയെ വിവിധ ദേശങ്ങളിലെ നൃത്തച്ചുവടുകളാണ്.
ആദ്യം ഹാരാർപ്പണം നടത്തി വരവേറ്റ ഗവർണർ രാജേന്ദ്ര ആർലേക്കർ ഉൾപ്പെടെയുള്ള പ്രമുഖർ അമ്മയ്ക്കു മുന്നിൽ നമസ്കരിച്ചു.
ആ സ്നേഹാലിംഗനം ഏറ്റുവാങ്ങി. ലോകസമാധാനത്തിനായി ലോകാഃസമസ്താ സുഖിനോഭവന്തു എന്ന മന്ത്രം സദസ്സിനൊപ്പം ഉരുവിട്ട
മാതാ അമൃതാനന്ദമയി ജന്മദിന സന്ദേശത്തിൽ ഓർമിപ്പിച്ചതും അങ്ങനെയാണ്; ശുദ്ധസ്നേഹത്തിന് അവസാനമില്ല.അമൃതവർഷം 72, ആധ്യാത്മിക സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുള്ള പ്രമുഖരുടെ സംഗമ വേദിയായി മാറി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ജഡ്ജിമാർ, കലാകാരന്മാർ എന്നിവരും അമ്മയ്ക്ക് ആശംസ അർപ്പിക്കാനെത്തി. ഒട്ടേറെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു.
എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, പ്രീതി നടേശൻ, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നഗരേഷ്, അഡിഷനൽ ജഡ്ജി ജസ്റ്റിസ് ജയകുമാർ, സി.ആർ.മഹേഷ് എംഎൽഎ, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, ശോഭ സുരേന്ദ്രൻ, എ.പി.അബ്ദുല്ലക്കുട്ടി, നടൻ ദേവൻ, തുടങ്ങിയവർ ആഘോഷ ചടങ്ങിൽ പങ്കെടുത്തു.
വിവിധ സന്യാസി മഠങ്ങളിൽ മുതിർന്ന സന്യാസിമാരും ജന്മദിനാശംസ നേരാൻ എത്തി.
മഹാമണ്ഡലേശ്വർ സന്തോഷാനന്ദ് മഹാരാജ്, സ്വാമി വിശാലാനന്ദഗിരി, സ്വാമി ഗീതാനന്ദ, സ്വാമി ഗുരുരത്നം ജ്ഞാന തപസി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി എന്നിവരാണ് എത്തിയത്.
1300 അപസ്മാര രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയ നടത്താൻ ഐഎസ്ആർഒയുമായി പദ്ധതി
അമൃതപുരി∙ അപസ്മാര രോഗികൾക്ക് ആശ്വാസമേകാൻ അമൃതാനന്ദമയി മഠവും ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രവും (ഐഎസ്ആർഒ) ചേർന്നു ബൃഹത് പദ്ധതി. 1300 അപസ്മാര രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയ നടത്തുന്ന പദ്ധതിയുടെ ധാരണാപത്രം ജന്മദിനാഘോഷ ചടങ്ങിൽ കൈമാറി.
പദ്ധതിക്ക് ഐഎസ്ആർഒ ഒരു കോടി രൂപ നൽകും.മലയാള ഭാഷയുടെ പ്രചാരണത്തിനും പരിപോഷണത്തിനും സ്കൂൾ വിദ്യാർഥികൾക്കുള്ള ഉപന്യാസ, ക്വിസ് മത്സര പദ്ധതിയും ഉദ്ഘാടനം ചെയ്തു.
ഒരു ലോകം, ഒരു ഹൃദയം എന്ന വിഷയത്തിലാണ് മത്സരം. വിവിധ തലങ്ങളിലായി 15 ലക്ഷം രൂപ സമ്മാനമായി നൽകും. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ മാതാ അമൃതാനന്ദമയി മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി കൂടി പരിഗണിച്ചാണ് മലയാള ഭാഷാ പ്രചാരണ മത്സരങ്ങൾ.
പ്രണാമം അർപ്പിച്ച് പ്രതിനിധികൾ
കരുനാഗപ്പള്ളി ∙ ഇന്ത്യയിലെ വിവിധ സാംസ്കാരിക തനിമകളെ പേറുന്ന വംശങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മാതാ അമൃതാനന്ദമയിയുടെ 72–ാം ജന്മദിനാഘോഷത്തിൽ പങ്കെടുത്തു പ്രണാമം അർപ്പിച്ചു.
ഭാരതത്തിലെ വിവിധ ആദിവാസി ഗോത്ര വിഭാഗങ്ങൾ തങ്ങളുടെ അനുഷ്ഠാനങ്ങളിലെ പ്രതീകങ്ങൾ മാതാ അമൃതാനന്ദമയിക്കു സമർപ്പിച്ചാണു ജന്മദിനാശംസകൾ നേർന്നത്. തങ്ങളുടെ പരമ്പരാഗത അംഗ വസ്തങ്ങൾ അണിഞ്ഞാണു ഓരോ വിഭാഗങ്ങളും എത്തിയത്.
കാട്ടു തേൻ, പരമ്പരാഗത തലപ്പാവ്, അംഗവസ്ത്രം, വിവിധ തരം ധാന്യങ്ങൾ, സുഗന്ധ വ്യജ്ഞനങ്ങൾ.
വിവിധ തരം വിത്തുകൾ, കാർഷിക വിഭവങ്ങൾ, കാറിപ്പുകാവിനി അരി, കുരുമുളക്, വിവിധ തരം കലാ രൂപങ്ങൾ, തടി കൊണ്ടുള്ള ശിവലിംഗം തുടങ്ങി വൈവിധ്യങ്ങളായ അനുഷ്ഠാന പ്രതീകങ്ങളാണ് ആദിവാസി ഗോത്ര വിഭാഗങ്ങൾ മാതാ അമൃതാനന്ദമയിക്ക് ജന്മ ദിന സമ്മാനമായി സമർപ്പിച്ചത്.
ആന്ധ്രയിലെ അരക്കു കൊണ്ട ഡോറാ ആൻഡ് കൊട്ടിയ വിഭാഗം, സിക്കിമിലെ ലെപ്ച്ചാ വിഭാഗം, ഛത്തീസ്ഗഡിലെ മുരിയ ഗോത്ര വിഭാഗം, ഒഡീഷയിലെ ഗോണ്ട് വിഭാഗം, ഇടുക്കിയിലെ മുതുവൻ വിഭാഗം, അട്ടപ്പാടിയിലെ ഇരുള മുദ്ഗർ വിഭാഗം, വയനാട്ടിലെ പാനിയ വിഭാഗം, തമിഴ്നാട് സദിയവൽ ഇരുള വിഭാഗം, നിലഗിരി ബഡുഗ കമ്യുണിറ്റി, ജാർഖണ്ഡിലെ ബിർസ മുണ്ട
ഗോത്രം, ബിഹാറിലെ സാന്തൽ വിഭാഗം തുടങ്ങിയ ആദിവാസി , ഗോത്ര വിഭാഗങ്ങളാണ് എത്തിയത്. ഭാരതത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആദിവാസി ഗോത്രാംഗങ്ങൾ ചേർന്നു ‘ഒരു ലോകം ഒരു ഹൃദയം’ എന്ന സങ്കൽപ്പത്തിലുള്ള ലോകശാന്തി പ്രാർഥനയും ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തി.
∙ പരിധികളിലില്ലാത്ത സ്നേഹം നൽകി മാനവ സേവ ഈശ്വര സേവയാക്കുകയാണ് അമ്മ ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
ലോകത്തിനു മുന്നിൽ മലയാളത്തിന്റെ അഭിമാനം അമ്മ ഉയർത്തി പിടിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ∙ഹൃദയത്തിലേൽക്കുന്ന മുറിവിനെ കരുണയുടെ ഔഷധം പുരട്ടി ഭേദപ്പെടുത്തുകയാണ് മാതാ അമൃതാനന്ദമയി ചെയ്യുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. ദുരന്ത മുഖങ്ങളിലെല്ലാം അമ്മയുടെ കാരുണ്യം എത്തുന്നുണ്ട്.
പരിധിയില്ലാത്ത സ്നേഹമാണ് അമ്മ. പിറന്നാൾ ദിനത്തിലൂടെ അമ്മ പകരുന്നത് സേവനത്തിന്റ ഉദാത്ത മാതൃകയാണ്.
∙ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ മാതാ അമൃതാനന്ദമയി മലയാളത്തിൽ നടത്തിയ പ്രസംഗം ലോകത്തിനു മുന്നിൽ ഭാരതത്തിന്റെ സംസ്കാരവും കാഴ്ചപ്പാടും പങ്കുവയ്ക്കുന്നതായിരുന്നുവെന്നു ശശി തരൂർ എംപി പറഞ്ഞു. ആധ്യാത്മിക രംഗത്തു മാത്രമല്ല, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി മേഖലകളിൽ അമ്മ നടത്തുന്ന ഇടപെടൽ മാതൃകാപരമാണ്. ∙ സ്നേഹമില്ലായ്മയാണ് ഏറ്റവും വലിയ രോഗമെന്ന് സാഹിത്യകാരൻ പി.ആർ.നാഥൻ.
അമൃതകീർത്തി പുരസ്കാരം സ്വീകരിച്ച ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു. ഇതു കലിയുഗമാണ്. കലി കുതിപ്പുറത്തു വരുന്നു എന്നാണ് സങ്കൽപം.
കുതിര കുതിക്കുന്ന തിര പോലെയാണ്. കുതിരയുടെ പ്രതീകങ്ങളായി കണക്കാക്കുന്നതാണ് കുതിരശക്തിയും വേഗവും. ഇപ്പോൾ എല്ലായിടത്തും അനുവദനീയമായതിനെക്കാൾ വേഗം കൂടുതലാണ്.
വേഗം കൂടുമ്പോൾ സ്നേഹം ഇല്ലാതാവുകയും ഭയം ഉണ്ടാവുകയും ചെയ്യും. മനുഷ്യരിൽ നന്മ ഉണ്ടാക്കുന്ന രചന നടത്തണമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]