പുത്തൂർ ∙ ഉപയോഗശൂന്യമായ കിണറ്റിൽ വീണു മരണത്തിലേക്കു കൂപ്പുകുത്തിയ വയോധികയെ രക്ഷിച്ച എസ്ഐ ടി.ജെ.ജയേഷിനു രാഷ്ട്രത്തിന്റെ അംഗീകാരമായി ജീവൻ രക്ഷാ മെഡൽ. ദേശീയതലത്തിൽ ആകെ 18 പേർക്കു മാത്രം ലഭിച്ച പുരസ്കാരത്തിൽ 6 പേർ കേരളത്തിൽ നിന്നുള്ളവരാണ് ഇതിൽ ജയേഷ് മാത്രമാണ് ഏക പൊലീസ് ഓഫിസർ.
മറ്റുള്ളവരെല്ലാം കുട്ടികളാണ്.
2024 സെപ്റ്റംബർ 28ന് ആണ് ജയേഷിനു പുരസ്കാരം നേടിക്കൊടുത്ത സംഭവം നടന്നത്.വെണ്ടാർ ഹനുമാൻ ക്ഷേത്രത്തിനു സമീപം കിഴക്കതിൽ വീട്ടിൽ രാധമ്മ (74) കിണറ്റിൽ വീണെന്നറിഞ്ഞു പുത്തൂർ എസ്ഐ ടി.ജെ.ജയേഷും സഹപ്രവർത്തകരായ എസ്ഐ ഒ.പി.മധുവും എസ്സിപിഒ ഡാനിയേൽ യോഹന്നാനും സ്ഥലത്തെത്തുമ്പോൾ 30 അടിയിലേറെ ആഴത്തിൽ കാടും പൊന്തയും മൂടി വെള്ളവും വായുവും ദുഷിച്ച കിണറ്റിനുള്ളിൽ ഒരിറ്റു ശ്വാസത്തിനു വേണ്ടി പിടയുകയായിരുന്നു രാധമ്മ. സ്വന്തം സുരക്ഷ പോലും മറന്നു ജയേഷ് കിണറ്റിലേക്കിറങ്ങി.
പിന്നീട് അഗ്നിരക്ഷാ സേന എത്തുന്നതു വരെ അര മണിക്കൂറിലേറെ സമയം രാധമ്മയെ വെള്ളത്തിനു മുകളിലേക്ക് ഉയർത്തിപ്പിടിച്ചു.
മുകളിൽ നിന്ന സഹപ്രവർത്തകർ കിണറ്റിലേക്കിറക്കി നൽകിയ രണ്ടു കയറുകളിൽ ഒന്നു സ്വന്തം അരയിലും മറ്റേത് രാധമ്മയുടെ ശരീരത്തിലും കെട്ടിമുറുക്കിയാണു വെള്ളത്തിലേക്കു വീഴാതെ നിന്നത്. മുകളിൽ നിന്നവർ പിടിവിടാതെ കാത്തു.
ഒടുവിൽ അഗ്നിരക്ഷാസേന എത്തി കിണറ്റിലേക്കിറക്കിയ വലയിൽ ജയേഷ് തന്നെ രാധമ്മയെ സുരക്ഷിതമായി മുകളിലെത്തിക്കുകയായിരുന്നു.
എസ്ഐ ആകുന്നതിനു മുൻപ് 11 വർഷം അഗ്നിരക്ഷാസേനയിൽ ഉദ്യോഗസ്ഥനായിരുന്നു. മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരം ബ്യൂറോ ഓഫ് എമിഗ്രേഷനിലെ എസ്ഐ ആണ്.
ഇരുമ്പനങ്ങാട് ശ്രേയസ്സിൽ റിട്ട.അധ്യാപകരായ ജനാർദനൻപിള്ളയുടെയും കമലമ്മയുടെയും മകനാണ്. ലാബ് ടെക്നിഷ്യനായ ദിവ്യ ജയേഷാണ് ഭാര്യ. മക്കൾ: അർജുൻ, ആരാധ്യ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

