പരവൂർ ∙ പൊഴിക്കര ചീപ്പ് പാലത്തിന് സമീപം വേനൽ കാലത്ത് രൂപപ്പെടുന്ന താൽകാലിക തുരുത്തുകളിലേക്ക് സഞ്ചാരികളെത്തുന്നത് തടയാൻ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തത് അപകടങ്ങൾ വരുത്തുന്നു. തെളിഞ്ഞ ജലവും വെള്ള മണലും നിറഞ്ഞ തുരുത്തുകളിലേക്ക് പ്രധാനമായും സഞ്ചാരികളെ ആകർഷിക്കുന്നത് സോഷ്യൽ മീഡിയ വ്ലോഗർമാരാണ്.
പൊഴിമുഖത്തിന്റെ ഒഴുക്കിനെ കുറിച്ച് ധാരണയില്ലാതെയാണ് വ്ലോഗർമാർ സഞ്ചാരികളെ അപകടതുരുത്തുകളിലേക്ക് ക്ഷണിക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനിടയിൽ 6 പേർക്കാണ് ചീപ്പ് പാലത്തിന് സമീപം കടലിലും കായലിലും ജീവൻ നഷ്ടപ്പെട്ടത്.
മുപ്പതിലധികം പേർ അപകടത്തിൽപ്പെടുകയും ചെയ്തു. പുറമേ ശാന്തം ഉള്ളിൽ കുത്തൊഴുക്ക്
കായലിൽ ജലനിരപ്പ് കുറയുമ്പോൾ താൽക്കാലികമായി രൂപപ്പെടുന്ന തുരുത്തുകളുടെ സമീപം ആഴം കുറവായതിനാൽ സഞ്ചാരികൾ കായലിലൂടെ നടന്നാണ് തുരുത്തുകളിലേക്ക് എത്തുന്നത്.
എന്നാൽ ഇവയോടു ചേർന്നു തന്നെ വലിയ കുഴികളും അടിയൊഴുക്കും ചെളിയും നിറഞ്ഞ ഭാഗങ്ങളുണ്ട്. കാലൊന്ന് തെറ്റിയാൽ നിലയില്ലാകയത്തിലേക്കാകും വീഴുക.
അപകടങ്ങൾ സ്ഥിരം സംഭവമായിട്ടും പ്രദേശത്ത് കായലിൽ ഇറങ്ങുന്നത് അപകടമാണെന്നു സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ ശ്രമിച്ചിട്ടില്ല. പൊഴിക്കര ചീപ്പ് പാലത്തിന് സമീപത്തെ തുരുത്തിൽ നിന്ന് പൊഴിമുഖത്തേക്ക് 500 മീറ്ററിൽ താഴെ ദൂരമാണുള്ളത്.
അപകടമുണ്ടായാൽ കടലിലേക്ക് ഒഴുകി പോകാനുള്ള സാധ്യത കൂടുതലാണ്. അവധി ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേരാണ് അപകട
തുരുത്തുകളിലേക്ക് നടന്നും വള്ളങ്ങളിലും എത്തുന്നത്. അപകടമുണ്ടായാൽ വിവരം പുറത്തറിയാൻ വൈകുന്നതും സഞ്ചാരികളുടെ ജീവനു അപകടം സൃഷ്ടിക്കും.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു പൊലീസ് നിരീക്ഷണം ശക്തമാക്കിയില്ലെങ്കിൽ പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെയാകെ ബാധിക്കുന്ന രീതിയിലുള്ള അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ജീവനെടുത്തിട്ടും അനാസ്ഥ
കായൽ തുരുത്തുകൾ പോലെ വേനൽകാലത്ത് മണൽ തിട്ടകൾ രൂപപ്പെടുന്ന പൊഴിക്കര ക്ഷേത്രത്തിന് പിൻഭാഗത്ത് കഴിഞ്ഞ മാസം 2 ഹയർ സെക്കൻഡറി വിദ്യാർഥികൾ മുങ്ങി മരിച്ചിട്ടും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. ഇവിടെ അവധി ദിവസങ്ങളിൽ ഒട്ടേറെ പേരാണ് കുടുംബസമേതം കടലിലും കായലിലും കാൽ നനയ്ക്കാൻ പാറക്കെട്ടുകളിലൂടെ തീരത്തേക്ക് ഇറങ്ങുന്നത്.
പൊഴിമുഖങ്ങളിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയാതെ സോഷ്യൽമീഡിയ റീലുകൾ കണ്ടാണ് ഭൂരിഭാഗം സഞ്ചാരികളും ഇവിടേക്ക് എത്തുന്നത്. അപകടത്തിന് ശേഷം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

