കൊല്ലം ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 11,38,256 സ്ത്രീകളും 9,87,319 പുരുഷന്മാരും 19 ട്രാൻസ്ജെൻഡേഴ്സും അടക്കം 21,25,594 വോട്ടർമാരാണ് നിലവിൽ ജില്ലയിലെ വോട്ടർ പട്ടികയിലുള്ളത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാനും പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കാനും ഇനി അവസരമുണ്ട്. ഓഗസ്റ്റ് 7 വരെ അപേക്ഷകളും ആക്ഷേപങ്ങളും നൽകാം.
സമ്മറി റിവിഷൻ വഴി ശുദ്ധീകരണം നടത്തി, വോട്ടർ പട്ടിക പുതിയ വാർഡുകളിലേക്കു ക്രമീകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കരട് പട്ടിക തയാറാക്കിയിട്ടുള്ളത്.
ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച ഹിയറിങ്ങും അപ്ഡേഷനും ഓഗസ്റ്റ് 29നു പൂർത്തിയാക്കണം. ഓഗസ്റ്റ് 30ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഓൺലൈൻ അപേക്ഷ പ്രകാരമുള്ള ഹിയറിങ് നോട്ടിസിലെ നിശ്ചിത തീയതിയിൽ യഥാർഥ രേഖകൾ സഹിതം ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്കു (ഇആർഒ) മുന്നിൽ ഹാജരാകാം.
ഗ്രാമപ്പഞ്ചായത്തിലും നഗരസഭയിലും സെക്രട്ടറിയാണ് ഇആർഒ. കൊല്ലം കോർപറേഷന്റെ ഇആർഒ അഡീഷനൽ സെക്രട്ടറിയാണ്.
അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ
https://www.sec.kerala.gov.in വെബ്സൈറ്റിലൂടെ വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അപേക്ഷ സമർപ്പിക്കാം.
ഓഗസ്റ്റ് 7വരെ പേര് ചേർക്കാൻ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം.
കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. അതത് ഗ്രാമപ്പഞ്ചായത്ത് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലുമോ https://www.sec.kerala.gov.in വെബ്സൈറ്റിലൂടെയോ വോട്ടർ പട്ടിക പരിശോധിക്കാൻ സാധിക്കും.
വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
തദ്ദേശ തിരഞ്ഞെടുപ്പ്; 59,253 വോട്ടേഴ്സ് കൂടി
കൊല്ലം ∙ ഈ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക പുറത്തു വന്നപ്പോൾ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ജില്ലയിൽ 59,253 വോട്ടർമാരുടെ വർധന. കരട് വോട്ടർപട്ടികയിൽ ഇനിയും ഒരുപാടു മാറ്റങ്ങളുണ്ടാകുമെന്നതിനാൽ ഈ കണക്കുകളിലും മാറ്റം വന്നേക്കും. 2020 തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെ 20,66,341 വോട്ടർമാരുണ്ടായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക തയാറാക്കുന്നത് സംസ്ഥാന ഇലക്ഷൻ കമ്മിഷനാണ്.
എന്നാൽ, നിയമസഭാ, ലോക്സഭാ വോട്ടർപട്ടിക തയാറാക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കേരളത്തിലെ പ്രതിനിധി ചീഫ് ഇലക്ടറൽ ഓഫിസറുടെ നേതൃത്വത്തിലുമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]