സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന ജോലി ഉടൻ; 3 റോഡുകളുടെ വികസനത്തിന് 8.34 ഹെക്ടർ ഭൂമി ഏറ്റെടുക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ പഴയ ദേശീയ പാത ഉൾപ്പെടെ നഗരത്തിലെ റോഡുകൾ ആധുനിക നിലവാരത്തിൽ വികസിപ്പിക്കുന്ന സിറ്റി റോഡ് വികസന പദ്ധതിക്കായി സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന ജോലി ഉടൻ ആരംഭിക്കും. 3 റോഡുകളുടെയും വികസനത്തിന് 8.34 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. നിർമാണത്തിനായി 435.65 കോടി രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചിരുന്നു.
പദ്ധതി പ്രകാരം കാവനാട് –മേവറം റോഡ്, റെയിൽവേ സ്റ്റേഷൻ –ഡീസന്റ് ജംക്ഷൻ വരെയുള്ള റോഡ്, തിരുമുല്ലവാരം–കല്ലുപാലം –കച്ചേരി റോഡ് എന്നിവ വീതി കൂട്ടി നാലു വരിപ്പാതയാക്കുന്നതാണ് പദ്ധതി. കെആർഎഫ്ബി(കേരള റോഡ് ഫണ്ട് ബോർഡ്) ഫണ്ട് വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. നിർവഹണച്ചുമതലയും 15 വർഷത്തെ പരിപാലനച്ചുമതലയും കെആർഎഫ്ബിക്കാണ്. റോഡ് നിർമാണത്തിന്റെ രൂപ രേഖ തയാറായി.
കാവനാട്–മേവറം പാത വികസിപ്പിക്കുമ്പോൾ നടപ്പാത ഉൾപ്പെടെ 20.2 മീറ്റർ വീതിയുണ്ടാകും. റെയിൽവേ സ്റ്റേഷൻ– ഡീസന്റ് മുക്ക് റോഡിന് നിലവിൽ 7.5 മീറ്റർ വീതിയാണ് ഉള്ളത്. പുതിയ കണക്കു പ്രകാരം 11.5 മീറ്റർ മുതൽ 15.5 മീറ്റർ വരെ (നടപ്പാത ഉൾപ്പെടെ) വീതി ഉണ്ടാകും. നടപ്പാതയ്ക്കു പുറമേ തെരുവുവിളക്ക്, മീഡിയൻ, കൈവരി, ഒാടകൾ, ഇരിപ്പിടങ്ങൾ എന്നിവ ഉണ്ടായിരിക്കും. മേവറം കാവനാട് റോഡിൽ നിലവിൽ ചിലയിടങ്ങളിൽ മാത്രമാണ് വീതി കുറവുള്ളത്. അതിൽ പ്രധാനമായും അമ്മച്ചിവീട്–മേടയിൽ മുക്ക് റോഡിന്റെ ഇരുവശവും ഒരേ രീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും.
ഭൂമി ഏറ്റെടുക്കാൻ 453 കോടി
∙മേവറം –കാവനാട് റോഡ്–13 കിലോമീറ്റർ റോഡിനായി 1423 സെന്റ് ഭൂമി ഏറ്റെടുക്കും. ഇതിനായി 352.52 കോടി രൂപയാണ് അനുവദിച്ചത്.
∙റെയിൽവേ സ്റ്റേഷൻ– ഡീസന്റ് ജംക്ഷൻ റോഡ്– 6.5 കിലോമീറ്റർ റോഡിനായി 248.64 സെന്റ് ഭൂമി ഏറ്റെടുക്കും. ഇതിനായി 41 കോടി രൂപയാണ് അനുവദിച്ചത്.
∙തിരുമുല്ലവാരം– കല്ലുപാലം– കച്ചേരി റോഡ്– 4.5 കിലോമീറ്റർ റോഡിനായി 396 സെന്റ് ഭൂമി ഏറ്റെടുക്കും. ഇതിനായി 68.72 കോടി രൂപയാണ് അനുവദിച്ചത്.