കൊട്ടിയം∙ പൈപ്പ് തുറന്നാൽ കാറ്റിന്റെ ശബ്ദം കേൾക്കുന്ന ഉഗ്രാംകുന്ന് നിവാസികൾക്ക് കിട്ടാത്ത വെള്ളത്തിന്റെ പേരിൽ കൃത്യമായി ബിൽ എത്തും. ബിൽ കൃത്യമായി തരുന്ന തങ്ങൾക്ക് വെള്ളം എവിടെ സർ… എന്നു ചോദിച്ചാൽ അധികൃതർ കൈമലർത്തും.
നെടുമ്പന പഞ്ചായത്തിൽ ഉഗ്രാംകുന്ന് മേഖലയിലെ ജനങ്ങളുടെ വെള്ളത്തിനായുള്ള കാത്തിരിപ്പ് ആരംഭിച്ചിട്ട് മാസങ്ങളായി. വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമം മൂലം ജനം വലയുന്നു.
പൈപ്പ് വഴി വെള്ളം എത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനാൽ പഞ്ചായത്ത് പൊതു കിണർ ശുചീകരിച്ച് നൽകണമെന്ന നാട്ടുകാരുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ഉയർന്ന പ്രദേശമായതിനാൽ വേനൽ ആരംഭിക്കുമ്പോൾ തന്നെ കിണറുകളെല്ലാം വറ്റും.
രോഗികളും വയോധികരും കുട്ടികളുമുള്ള വീട്ടുകാരുടെ കാര്യമാണ് കഷ്ടം. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും തുള്ളി വെള്ളമില്ലാതെ വലയുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വാട്ടർ അതോറിറ്റി പരിഹാര നടപടി എടുക്കാൻ തയാറാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
പഞ്ചായത്തിൽ ഇവിടെ മാത്രമേ വെള്ളം കിട്ടാതെയുള്ളു.
കിണർ ഇല്ലാത്തവർ ഉണ്ട്. പരസഹായം ഇല്ലാതെ ജീവിക്കാൻ പറ്റാത്ത ഒട്ടേറെ പാവപ്പെട്ടവരുണ്ട്.
എല്ലാവരും തുള്ളി വെള്ളത്തിനായി അലയുന്നു. പൈപ്പ് ലൈൻ ഇട്ടിട്ട് ഇതുവരെ വെള്ളം എത്തിയില്ല.
ഞങ്ങൾ ഇനി എങ്ങോട്ട് പോകണം. കൂലിപ്പണിക്കാരായ ഞങ്ങൾക്ക് പണം കൊടുത്ത് വെള്ളം വാങ്ങാൻ നിവർത്തിയില്ല.
പഞ്ചായത്ത് കിണർ ശുചീകരിച്ച് നൽകാനുള്ള മനസ്സ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം.
സാവിത്രി (ചരുവിള)
പാചകത്തിന് പോലും ശുദ്ധജലം കിട്ടില്ല. മനുഷ്യന്റെ പ്രാഥമിക ആവശ്യമാണ് കുടിവെള്ളം.
എന്നാൽ ഞങ്ങളുടെ ആവശ്യം കേൾക്കാനോ പരിഹാരം കാണാനോ അധികൃതർ തയാറാകാത്തതിൽ സങ്കടവും വേദനയുമുണ്ട്. പൈപ്പ് കണക്ഷൻ എടുത്തപ്പോൾ കുടിവെള്ള ക്ഷാമം ഉണ്ടാകില്ലെന്ന പ്രതീക്ഷയായിരുന്നു.
ആനന്ദവല്ലി (കിണറിൻ മൂട്)
ശനിയാഴ്ച വൈകിട്ട് അപ്രതീക്ഷിതമായി ലഭിച്ച വേനൽമഴയിൽ നിന്ന് ലഭിച്ച വെള്ളം പാത്രത്തിൽ ശേഖരിച്ചത് കൊണ്ട് ഇന്നലെ നേരിയ ആശ്വാസം കിട്ടി.
ഇന്നത്തെ കാര്യം എന്താകുമോ എന്തോ?. പ്രകൃതിക്ക് പോലും കനിവ് തോന്നിയിട്ടും അധികാരികളുടെ കണ്ണ് തുറക്കാത്തത് കഷ്ടമാണ്.
4 മാസമായി ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. കൂലിത്തൊഴിലാളികളാണ് ഇവിടെയുള്ളത്.
നനയ്ക്കാനും കുളിക്കാനും വെള്ളമില്ലാത്ത അവസ്ഥയിലൂടെയാണ് ഞങ്ങൾ കഴിഞ്ഞു പോകുന്നത്. പഞ്ചായത്തംഗം ആവശ്യപ്പെട്ടിട്ട് പോലും വാട്ടർ അതോറിറ്റി ആവശ്യമായ നടപടി കൈക്കൊള്ളുന്നില്ല.
ജി.ബാബു (ബിന്ദു ഭവൻ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

