സംസ്ഥാനത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ കൊല്ലം ജില്ലയിൽ മികച്ച മുന്നേറ്റം. കഴിഞ്ഞ സാമ്പത്തിക വർഷമായ 2025-26 കാലയളവിൽ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് (സികെസിഎൽ) ജില്ലയിൽ നിന്ന് ശേഖരിച്ചത് ആകെ 2797 ടൺ അജൈവ മാലിന്യമാണ്.
ഈ പ്രവർത്തനങ്ങളിലൂടെ ജില്ലാ ഹരിത കേരളം മിഷന് 29 കോടിയിൽ അധികം രൂപയാണ് വരുമാനമായി ലഭിച്ചത്. ഖരമാലിന്യം കൃത്യമായി തരംതിരിച്ച് കൈമാറുന്ന വീട്ടുകാർക്ക് ഹരിതകർമ സേന പ്രതിഫലം നൽകുന്ന രീതി നടപ്പിലാക്കുന്നതോടെ ജില്ലയിലെ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്കരണം സാധ്യമല്ലാത്ത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കാനും, വീടുകളിൽ തന്നെ മാലിന്യങ്ങൾ വേർതിരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനങ്ങൾ ആലോചിക്കുന്നത്. അതേസമയം, വീടുകളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ സേന നിലവിൽ ഈടാക്കി വരുന്ന യൂസർ ഫീ തുടർന്നും ഉണ്ടായിരിക്കുന്നതാണ്.
സുസ്ഥിര മാലിന്യസംസ്കരണ രീതികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ ചിട്ടയായി പുരോഗമിക്കുകയാണെന്ന് ജില്ലാ ഹരിത കേരളം മിഷൻ അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ വീടുകളിൽ നിന്നുള്ള അജൈവമാലിന്യ ശേഖരണ രീതിയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടികൾ പരിഗണിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ കുടുംബശ്രീ സിഡിഎസുകളിൽ ഹരിത കർമ സേനാംഗങ്ങൾ കൺസോർഷ്യമായി റജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ 68 പഞ്ചായത്തുകൾ, 4 മുനിസിപ്പാലിറ്റികൾ, കോർപറേഷൻ ഉൾപ്പെടെയുള്ള 73 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 74 ഹരിത കർമ സേന കൺസോർഷ്യങ്ങളാണ് സജീവമായി പ്രവർത്തിക്കുന്നത്.
എല്ലാ കൺസോർഷ്യത്തിന്റെയും പ്രവർത്തനങ്ങൾ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഏകോപിപ്പിക്കുന്നത്. 3 വർഷ കാലയളവിലേക്കാണ് ഇവരെ തിരഞ്ഞെടുക്കുന്നത്.
നിലവിൽ ജില്ലയിൽ ആകെ 3026 ഹരിതകർമസേന അംഗങ്ങളാണുള്ളത്. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മുഖാന്തരം ഇൻഷുറൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ 2553 പേർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

